Janayugom Online
kavitha aval

അവള്‍

Web Desk
Posted on November 25, 2018, 7:11 am

ചിത്ര മാധവന്‍നായര്‍

ചുവന്നപുഷ്പങ്ങള്‍
ഉതിര്‍ന്നുതിര്‍ന്ന്
ഒരു ഞൊടിയില്‍ ഒടുക്കത്തെ
വേനലും കുടിയിറങ്ങും..
ബാല്യം ചിറകൊടിഞ്ഞ
ശലഭമായ്
കവിള്‍ നനച്ചൊരു
പുഴയായൊഴുകും!

മുടിയഴിഞ്ഞ മൗനങ്ങളെ
ആറ്റിയൊതുക്കും,
തുടിച്ചും മരവിച്ചും കനലാറ്റിയും
വെയിലിറങ്ങാത്ത ഒറ്റമുറികള്‍
അവള്‍ക്കായ് തുറക്കപ്പെടും

തുറന്ന ജാലകച്ചില്ലടഞ്ഞ്
പഴയകാലത്തിന്റെ കെട്ടറകളില്‍
ഒറ്റപ്പെടല്‍ ഘനീഭവിക്കും
വാലായ്മ വാലായ്മയെന്നോതി
അവള്‍ക്കു മുന്നില്‍
ഉമ്മറവാതിലും കൊട്ടിയടക്കും !!