Monday
18 Feb 2019

അവനെ ഓര്‍ക്കുമ്പോള്‍

By: Web Desk | Sunday 27 January 2019 10:41 AM IST

വിനോദ് വി ദേവ്

അവന്റെ കാഴ്ചയില്‍ രക്തസന്ധ്യാംബരം
പെറ്റമേഘക്കിനാത്തുണ്ടു പൂക്കുമോ !
അവന്റെ പേനയെ, ആമ്പലും ചന്ദ്രനും
തുടുത്ത നീലപ്പൊയ്കയും തീണ്ടുമോ !
അവന് ജീവിതം കടലേ….! കലപ്പയില്‍
മഷി നിറച്ചവന്‍ പൊരുളു താണ്ടുമ്പൊഴും
കന്നിപ്പാടത്ത് മോഹം വിതയ്ക്കുന്ന
കൈരളിയ്ക്കിന്ന് കന്നിനെല്ലിന്‍ മണം.
മൃത്യുവേ നിന്റെ നാമം നിരാകാര-
സത്യമായ് കുലവില്ല് തൊടുക്കുമ്പോള്‍
കര്‍മ്മപൗരുഷത്താല്‍ നീതിയെ വേട്ടൊരാള്‍
ജീവിതത്തിന്റെ കൊടിക്കൂറയേന്തുന്നു.
അവന് കിനാക്കളില്‍ വിയര്‍പ്പിന്റെ പൂവുകള്‍,
പാതിരാപ്പാടം വിഷുക്കണിനന്മകള്‍
അവനെയോര്‍ക്കുമ്പോള്‍ മീനമാസത്തിലെ
സൂര്യനും നാട്ടുമാവിന്റെ നൊമ്പരം.
കാവ്യയമുനയെ ചാലുകീറിയാരെത്തിച്ചു.,
കൈരളീ നിന്‍ വരണ്ട ചുണ്ടിണകളില്‍
അക്ഷരവിത്ത് വിതച്ചവന്‍ ! നൂറുമേനിയായ്,
ഭാഷയില്‍ ആണ്മ കൊയ്തവന്‍…ആരവന്‍ !
ആരിവന്‍ കണ്ണുനീര്‍പ്പാടം നിലാവേറ്റു,
മിന്നുന്ന കാഴ്ചയ്ക്കുവേണ്ടി തപിച്ചവന്‍ !
ആരിവന്‍, ഗ്രാമമേ.. നീ കൊന്നപ്പൂവിലും
സൂര്യനെ കാണണേ…എന്നു മോഹിച്ചവന്‍..