ആവണിപ്പൂക്കള്‍

ജയപാലന് കാര്യാട്ട്
വന്ദിച്ചിടുന്നവര്ക്കെന്നുമാദിത്യന്റെ
ചെങ്കതിര്ക്കയ്യാല് തലോടല്‍.
ചന്തത്തിലന്തിക്കുളിരുമായെത്തുന്നൊ-
രമ്പിളിക്കുന്മാദഭാവം.
കൊമ്പത്തുകേറി കണ്ചിമ്മുന്ന താരകള്‍-
ക്കേറെ വിശേഷങ്ങള്‍ ചൊല്ലാന്‍.
വെള്ളിടി വെട്ടിയുണര്വിന്റെ ശീലുമായ്
അന്തി മുലക്കച്ചമാറ്റി.
വാര്മുടിക്കെട്ടിലൊളിപ്പിച്ചു കാര്‍മുകില്‍
ഭൂമിക്കായ് ഗംഗാപ്രവാഹം.
കൊട്ടയാഘോഷങ്ങളമ്പലമുറ്റത്തും
ആനയമ്പാരിതന് മേളം.
വിത്തുവിതച്ചു കിതപ്പാറ്റും കര്‍ഷകര്‍-
ക്കെന്താത്മ സംതൃപ്തിയെന്നോ.
സമ്പത്തുകാലത്തു തൈവെച്ചു പാലിച്ചോര്
ആപത്തില്‍ കൊയ്തെടുക്കുന്നു.
കുന്നത്തു കത്തും വിളക്കിന് കിരണങ്ങള്‍
കുന്നിറങ്ങി മുന്നിലെത്തി.
പുത്തനുയിര്പ്പാത്മ നിര്വൃതിഹര്ഷങ്ങള്
ചിത്തങ്ങളെത്തിപ്പിടിപ്പൂ.
ആലസ്യമെല്ലാം മറ,ന്നാടിമാഞ്ഞനാള്
ആവണി പുഞ്ചിരിച്ചെത്തി.
ഓണമായ് പൂക്കുടയ്ക്കാര്പ്പിന്റെ താളമായ്
കേളികൊട്ടാരവമെത്തി.
തുഞ്ചത്തുയരുന്നൊരൂഞ്ഞാലിന് വായ്ത്താരി
നെഞ്ചത്തുണര്വേറ്റിയെത്തി.
നീലവിഹായസ്സിന് നീലിമച്ചാര്ത്തിലി-
ന്നാഘോഷമാനന്ദനൃത്തം.
തുമ്പികള്‍ തുള്ളുന്നൊരിമ്പത്തിലാറാടി
തുമ്പകള്ക്കാത്മഹര്ഷങ്ങള്.
പൊങ്ങുമുത്സാഹത്തിടമ്പേറ്റി മാമല
നാട്ടിലിന്നോണത്തേരോട്ടം.