അവനും നിങ്ങളും

Web Desk
Posted on June 16, 2019, 10:42 am

സതീഷ് ജി നായര്‍

അവന്റെ
വഴിയിടങ്ങളില്‍
ചില്ലുകള്‍
വാരിവിതറിയും
വഴിയതിരുകളില്‍
മുള്ളുകള്‍
തറപ്പിച്ചും
അവന്‍ വരില്ലെന്ന്
ഉറപ്പുവരുത്തിയിട്ടല്ലേ
ചതിയുടെ മഷിപുരണ്ട
കടലാസുകള്‍തുന്നിക്കെട്ടി
നിങ്ങള്‍
പകയുടെ
ചരിത്രമെഴുതാന്‍
തുടങ്ങിയത്?

ചില്ലുകള്‍ പൂക്കളായി മാറിയും
മുള്ളുകള്‍ വള്ളികളായി മാറിയും
അവന് വഴിയൊരുക്കിയത്
നിങ്ങള്‍ അറിഞ്ഞിരുന്നില്ല

ചതിയുടെ
മഷി പാത്രത്തില്‍നിന്നും
കണ്ണിലേക്ക് തെറിച്ചുവീണ
കറുത്ത മഷിത്തുള്ളിക്ക് ഇടയിലൂടെയാണ്
നിങ്ങള്‍
കാഴ്ച കാണാന്‍ തുടങ്ങിയത്
കാഴ്ചകള്‍ കറുത്തിരുന്നു
ചിന്തകള്‍ ദ്രവിച്ചിരുന്നു
മനസ്സുകള്‍ ഇരുണ്ടിരുന്നു!

അതിനാലാണ്
മുള്ളുകള്‍ വസന്തമാക്കിയും
ചില്ലുകള്‍ പൂക്കളാക്കിയും
അവന്‍ നടന്നു വരുന്നത് നിങ്ങള്‍ കാണാതിരുന്നത്.

അപ്പോഴും
നിങ്ങള്‍
ചതിയുടെ മഷിപ്പാത്രവും
കറുത്ത
കണ്ണുകളും
ഉന്തിയ പല്ലുകളുയായി
ഇരുണ്ട മനസ്സില്‍
പകയുടെ ചരിത്രം
എഴുതുകയായിരുന്നു.

പക്ഷേ…
ചരിത്രം നിങ്ങളെ കണ്ടതേയില്ല.

നിങ്ങള്‍ അലമുറയിട്ട് കരഞ്ഞു.
നെഞ്ചിടിച്ചു നിലവിളിച്ചു.

ആരും കണ്ടില്ല.….
ആരും കേട്ടില്ല.….

കാണാത്തവരുടെ
കേള്‍ക്കാത്തവരുടെ
വെളുത്ത കാലത്തിലും
നിങ്ങള്‍ കറുപ്പ് പടര്‍ത്തി..

നിങ്ങള്‍
കാണാത്ത ദൂരത്തോളം
കേള്‍ക്കാത്ത ശബ്ദത്തോളം
അറിയാത്ത ഗന്ധത്തോളം
അവന്‍ നടന്നു കയറിയപ്പോഴും

വറ്റിവരണ്ട കിണറുകളില്‍
പകയുടെ ചിരികളുമായി
നിങ്ങള്‍
തൊടിയില്‍ നിന്നും തൊടിയിലേക്ക്
ചാടി കൊണ്ടിരുന്നു…