തിരക്കില്ലാതെ ഊഴത്തിനു വേണ്ടി
കാത്തുനില്‍പ്പ് എന്നും
അങ്ങനെയായിരുന്നു!
അവസാനത്തെ വരിയിൽ നിന്ന്
വായിച്ചു തുടങ്ങുന്നതാണ് നല്ലത്
എന്നേക്കാൾ എത്രയോ പേർ
മുൻപ് എഴുതിയിരിക്കുന്നു
പത്രം വായിക്കുന്നത് അവസാനത്തെ
പേജിൽ നിന്നു മതിയെന്ന്
തീരുമാനിച്ചത് ഈയിടെയാണ്
വയ്യ! അസത്യത്തെ മൂടിവെയ്ക്കാനുള്ള
തത്രപ്പാടുകൾ കണ്ട് മടുത്തു
പിന്നിൽ നിന്ന് പരസ്യങ്ങളും
ചിത്രങ്ങളും കണ്ട് മനസ്സിനെ
കുളിർപ്പിച്ചിട്ടുമതി മുന്നോട്ട്!
പ്രഭാത സവാരിയിലും സ്വതേയുള്ള
ശ്വാസം മുട്ടൽ കാരണം ഞാൻ
പിന്നിലായി.
അങ്ങനെയാണ് നടത്തത്തിനിടയിൽ
പിന്നിലാക്കപ്പെട്ട ഒരുവളെ
ഒന്നു തൊടാനായത്
കുശലത്തിനിടയിൽ അവൾ പറഞ്ഞു
‘നിങ്ങളെപ്പോലെയുള്ള ആമകളെയാണ്
എനിക്കിഷ്ട’മെന്ന്.