കഴിഞ്ഞ ദിവസം വരെ ഒപ്പമുണ്ടായിരുന്നവർ ഇന്നില്ലെന്ന യാഥാർഥ്യം അവരെ കണ്ണീരണിയിപ്പിച്ചു. എറണാകുളം-ബംഗളുരു കെഎസ്ആർടിസി വോൾവോ സർവീസിലെ ജീവനക്കാരായ ടി ഡി ഗിരീഷിനും ബൈജുവിനും സഹപ്രവര്‍ത്തകർ വിട നൽകിയത് വികാരനിർഭരമായിരുന്നു. ഗിരീഷിന്റെ മൃതദേഹം പെരുമ്പാവൂർ ഒക്കൽ ശ്മശാനത്തിലും ബൈജുവിന്റെ മൃതദേഹം പിറവം വെളിയനാടുള്ള വീട്ടുവളപ്പിലുമാണ് സംസ്കരിച്ചത്. ബൈജുവിന്റെയും ഗിരീഷിന്റെയുമടക്കം എറണാകുളം ജില്ലയിലെ ഏഴു പേരുടെ സംസ്കാര ചടങ്ങുകളും ഇന്നലെ രാവിലെ നടന്നു.പുല്ലുവഴിയിലെ വീട്ടിൽ എത്തിച്ച ഗിരീഷിന്റെ മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനായി മുൻ കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരി ഉൾപ്പെടെ ആയിരങ്ങൾ എത്തി.
രോഗബാധിതയായ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ ഗിരീഷും ബൈജുവും നടത്തിയ ഇടപെടൽ കെഎസ്ആർടിസിയുടെ അഭിമാനമായിരുന്നു എന്ന് ടോമിൻ തച്ചങ്കരി അനുസ്മരിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ബന്ധുക്കൾക്ക് ഉറപ്പു നൽകിയാണ് അദ്ദേഹം മടങ്ങിയത്. ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധിയാളുകളാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. വെളിയനാടുള്ള വീട്ടിലെത്തിച്ച ബൈജുവിന്റെ മൃതദേഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു. അവധി ദിനത്തിൽ അച്ഛനെയും അമ്മയെയും കാണാൻ യാത്ര തുടങ്ങിയ മകൾ ചേതനയറ്റ് കിടക്കുന്നത് കാണേണ്ടിവന്ന അമ്മയുടെ നിലവിളി മാത്രമായിരുന്നു തൃപ്പൂണിത്തുറയിലെ ഗോപികയുടെ വീട്ടിൽ.
അന്തിമോപചാരമർപ്പിക്കാനെത്തിയവർക്കും അതുകണ്ടു നിൽക്കാനായില്ല. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നിന്ന് രാവിലെ വീട്ടിലെത്തിച്ച മൃതദേഹം വൻ ജനാവലിയെ സാക്ഷിയാക്കി പത്ത് മണിയോടെ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. വിവാഹം നടന്ന് മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഇടപ്പള്ളിയിലെ ഐശ്വര്യയെ മരണം തട്ടിയെടുക്കുന്നത്. പോണേക്കരയിലെ വീട്ടിലെത്തിച്ച മകളുടെ മൃതദേഹം അച്ഛനും അമ്മയും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് ഏളമക്കര ശ്മശാനത്തിൽ സംസ്കാരം നടന്നു.
English Summary: Avinashi accident cremation followup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.