December 9, 2023 Saturday

അച്ഛന്റെ സംവിധാനത്തിൽ മകൾക്ക് അവാർഡ്

സ്വന്തം ലേഖകന്‍
കൊല്ലം
September 1, 2021 9:43 pm

അച്ഛൻ സംവിധാനം ചെയ്ത ടെലിഫിലിമിൽ മകൾക്ക് മികച്ച ബാല നടിക്കുള്ള അവാർഡ്. ദൂരദർശൻ നിർമ്മിച്ച ‘ഒരിതൾ’ എന്ന ടെലിഫിലിമിലെ അന്ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗൗരി മീനാക്ഷിയാണ് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയത്. ഒരിതളിന്റെ തിരക്കഥയും സംവിധാനവും സംഗീതവും നിർവഹിച്ചത് പിതാവ് അശ്വിൻ പി എസ് ആണ്. മികച്ച സംസ്ഥാന ഫിലിം അവാര്‍ഡ് നേടിയ ‘മാന്‍ഹോളി‘ന്റെ നിശ്ചല ഛായാഗ്രാഹകന്‍ കൂടിയാണ് അശ്വിൻ. ദൂരദർശനാണ് ഇരുപത് മിനിട്ട് ദൈർഘ്യമുള്ള ‘ഒരിതൾ ’ നിർമ്മിച്ചത്.

അന്നയ്ക്ക് പൂക്കളോടും പ്രകൃതിയോടും വല്ലാത്ത ഇഷ്ടമാണ്. അമ്മ വീട്ടുജോലിക്കു നിൽക്കുന്ന വീട്ടിലെ ഒരു ഭാഗത്ത് അവൾ ഒരു പൂന്തോട്ടം ഒരുക്കുന്നു. മോഷ്ടാവ് എന്ന് ആരോപിച്ച് വീട്ടുടമസ്ഥന്റെ ഭാര്യയുടെ സമ്മർദ്ദപ്രകാരം അന്നയുടെ അമ്മയെയും അവളെയും അവിടെ നിന്നും പുറത്താക്കുന്നു. അവൾ വളർത്തി വലുതാക്കിയ പൂച്ചട്ടിയിലെ ചെടിയുമായി പൂന്തോട്ടത്തിലേക്ക് തിരിഞ്ഞു നോക്കി തിരിഞ്ഞുനോക്കി വിങ്ങുന്ന ഹൃദയത്തോടെ അമ്മയോടൊപ്പം അന്ന നടന്നു നീങ്ങുന്നു.
മലരേ…
കുളിരിൽ ഈ മഴയിൽ
നിനക്കായ് ഉണർന്നിരിക്കാം
ശലഭങ്ങളേ… നിറങ്ങളേ…
നിനക്കായ് പാടുന്നിതാ
എൻ നെഞ്ചിലെ സ്നേഹമായ്
പുനർജനിക്കാം…
കൺമണി നീ വിടരുമോ
സ്നേഹമായ്… ഓമനേ… ഓമനേ…
ഹൃദയത്തിന്റെ വലിച്ചുമുറുക്കിയ തന്ത്രികളിൽ നിന്ന് പുറത്തേക്ക് പ്രവഹിക്കുന്ന ഈ വിഷാദരാഗത്തിന്റെ പശ്ചാത്തലത്തിൽ നടന്നുനീങ്ങുന്ന അന്നയെ പ്രേക്ഷകർക്ക് മറക്കാനാകില്ല. ബാല്യത്തിന്റെ നിഷ്കളങ്കതയും പരിഭവങ്ങളും സൂക്ഷ്മമായി പ്രേക്ഷക മനസിലേക്ക് ആഴത്തിൽ പതിപ്പിക്കുകയായിരുന്നു അന്നയിലൂടെ മീനാക്ഷി.

മീനാക്ഷിക്ക് അഭിനയത്തിന്റെ കുടുംബ പാരമ്പര്യമുണ്ട്. അനശ്വര നടൻ ജയന്റെ സഹോദരപുത്രി ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ലക്ഷ്മിയുടെ മകളാണ് മീനാക്ഷി. പിതാവ് അശ്വിന്റെ ‘ഔട്ട് ഓഫ് നൈറ്റ്’, കൂട് എന്നീ ടെലിഫിലിമുകളിലും മീനാക്ഷി വേഷം ചെയ്തിട്ടുണ്ട്. അശ്വിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അഞ്ചു കുട്ടികളുടെ കഥ പറയുന്ന ഫീച്ചർ ഫിലിമിൽ വേഷം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മീനാക്ഷി. ജനയുഗം കൊല്ലം റസിഡന്റ് എഡിറ്റർ പി എസ് സുരേഷിന്റെ ചെറുമകൾ കൂടിയായ മീനാക്ഷി കൊല്ലം സിറ്റി സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.

ENGLISH SUMMARY:Award for daugh­ter direct­ed by father
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.