നടുക്കണ്ടി മുഹമ്മദ് കോയ സ്മാരക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Web Desk
Posted on August 22, 2019, 10:29 pm

കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന നടുക്കണ്ടി മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം കുറ്റിച്ചിറ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ഉപഹാരങ്ങള്‍ സമ്മാനിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ മന്ത്രിയും സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ കെ ഇ ഇസ്മായില്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താന്‍ നിരവധിയായ പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നതെന്ന് കെ ഇ ഇസ്മായില്‍ പറഞ്ഞു. ക്ലാസ് മുറികളെല്ലാം സ്മാര്‍ട്ട് ക്ലാസ് മുറികളാക്കിയും വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയും ഈ രംഗത്ത് ഒരു കുതിച്ചു ചാട്ടം തന്നെ കൈവരിക്കാന്‍ കഴിഞ്ഞു. ഇതിനായി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇതു വഴി വിദ്യാഭ്യാസ നിലവാരം മുമ്പെങ്ങുമില്ലാത്ത വിധം മെച്ചപ്പെടുത്താന്‍ കഴിഞ്ഞു.

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബഹുഭൂരിപക്ഷവും എസ് എസ് എല്‍ സി ക്കും പ്ലസ് ടു വി നും നൂറുമേനി വിജയം കൊയ്യുകയാണ്. അധ്യാപകരും രക്ഷിതാക്കളും പി ടി എ കമ്മിറ്റികളുമെല്ലാം ഇതിന് സ്തുത്യര്‍ഹമായ പങ്കാണ് നിര്‍വ്വഹിച്ചു വരുന്നത്. ഏത് വെല്ലുവിളികളേയും നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. നടുക്കണ്ടി മുഹമ്മദ് കോയയെപ്പോലുള്ളവരുടെ നിസ്വാര്‍ത്ഥ സേവനം പുതുതലമുറയ്ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കെ പി മമ്മദ് കോയ അധ്യക്ഷത വഹിച്ചു. ഇ വി ഉസ്മാന്‍ കോയ, കുറ്റിച്ചിറ ജി വി എച്ച് എസ് എസ് ഹെഡ് മാസ്റ്റര്‍ എം സുനില്‍ കുമാര്‍, പി ടി ആസാദ്, വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ ഷൈജു, എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ സിന്ധു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കെ മുഹമ്മദ്. ശുഹൈബ് സ്വാഗതവും പി കെ നാസര്‍ നന്ദിയും പറഞ്ഞു.