27 March 2024, Wednesday

സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം: വഴിതെളിച്ച് വർണക്കൂട്ട്

സ്വന്തം ലേഖകന്‍
കൊച്ചി
September 18, 2022 7:30 pm

കൗമാരക്കാരായ കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം കൂടിയതോടെ ശാരീരിക, മാനസിക, വൈകാരിക പ്രശ്നങ്ങൾ വർദ്ധിച്ചുവരുന്നതായി പഠന റിപ്പോർട്ടുകൾ. ഓൺലൈൻ ഗെയിംസ്, ഓൺലൈൻ ഷോപ്പിംഗ്, ഓൺലൈൻ പ്ളേ റാക്കറ്റ്സ്, പ്രണയം, മറ്റു വിവിധ ചതിക്കുഴികൾ എന്നിവയിലേക്ക് കുട്ടികൾ അറിയാതെ സ്വയം വഴുതിവീഴുകയും ക്രമേണ വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും പഠനത്തിൽ പിന്നോട്ടും നയിക്കപ്പെടുന്ന സാഹചര്യങ്ങൾ ഏറി വരികയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ അങ്കണവാടികളുടെ നേതൃത്വത്തിൽ നടന്നുവരുന്ന വര്‍ണക്കൂട്ട് ബോധവത്കരണ ക്ലാസുകൾ കൗമാരക്കാർക്ക് വലിയ വെളിച്ചമാണ് പകർന്നേകുന്നത്.

സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിലെ നല്ലതും ചീത്തയുമായ വശങ്ങൾ, ബന്ധപ്പെട്ട നിയമങ്ങൾ, ശിക്ഷാനടപടികൾ ഉൾപ്പെടെ മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടെയാണ് ഈ രംഗത്തെ വിദഗ്ധരെ അണിനിരത്തി സംസ്ഥാനത്തുടനീളം ബോധവത്കരണ ക്ലാസുകൾ പുരോഗമിക്കുന്നത്.

വനിതാ ശിശു വികസന വകുപ്പ് നേതൃത്വത്തിൽ കൗമാര കുട്ടികളുടെ ശാരീരിക മാനസിക വളർച്ചക്കും വികാസത്തിനും വേണ്ടിയാണ് അങ്കണവാടിയോട് ചേർന്ന് രൂപംകൊടുത്തിട്ടുള്ള വർണക്കൂട്ട് കൗമാരക്ലബുകൾ വഴി ബോധവത്കരണം നടത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച് തുടർപ്രവർത്തനങ്ങളിലൂടെ ഈ മാസം 30 ന് അവസാനിക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ക്ലബിലെ അംഗങ്ങൾക്ക് 2022–23 സാമ്പത്തിക വർഷം ത്രൈമാസ ക്രമത്തിൽ നാലു അവബോധ ക്ലാസ്സുകളാണ് നല്‍കുക. കാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ അനുയോജ്യരായ റിസോഴ്സ് പേഴ്സൺമാരുടെ സേവനം ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ 33,115 അങ്കണവാടികൾ കേന്ദ്രീകരിച്ചാണ് പദ്ധതി.

കുട്ടികളിൽ നിന്നും രക്ഷാകർത്താക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ഈ പദ്ധതിക്ക് ലഭിക്കുന്നത്. ആദ്യഘട്ടം ജൂലൈ മാസത്തിൽ ലഹരി വിരുദ്ധ കൗമാരം എന്ന വിഷയത്തിൽ ക്ലാസുകൾ പൂർത്തിയാക്കിയിരുന്നു. തുടർന്നാണ് “സാമൂഹ്യ മാധ്യമങ്ങൾ-ഉപയോഗവും സുരക്ഷയും ” എന്ന വിഷയത്തിൽ ക്ലാസുകൾ ആരംഭിച്ചത്. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 30 വരെയുള്ള കാലയളവിൽ ” കൗമാരക്കാരുടെ ശാരീരിക, മാനസികാരോഗ്യം “, 2023 ജനുവരി ഒന്നുമുതൽ മാർച്ച് 31 വരെയുള്ളയുള്ള സമയത്ത് ” വ്യക്തി ബന്ധങ്ങളുടെ മൂല്യം ഉറപ്പാക്കൽ, സമ്മർദ്ദം നേരിടൽ ” എന്ന വിഷയങ്ങളിൽ ക്ലാസുകൾ നടത്താനാണ് നിർദേശം നൽകിയിട്ടുള്ളത്.

Eng­lish Sum­ma­ry: Aware­ness class­es for students
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.