June 5, 2023 Monday

കോഴികളിലും താറാവുകളിലും രോഗഭീതി;കുട്ടനാട്ടിൽ ജാഗ്രാതാ നിർദ്ദേശം

Janayugom Webdesk
ഹരിപ്പാട്
January 13, 2020 9:26 pm

കോഴികളിലും താറാവുകളിലും എച്ച് 5 എൻ 1 രോഗബാധ പടരാനിടയുണ്ടെന്ന അഭ്യുഹത്തെ തുടർന്ന് കുട്ടനാട്-അപ്പർ കുട്ടനാട് മേഖലയിൽ മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇവിടങ്ങളിൽ വെറ്ററിനറി ഉദ്യോഗസ്ഥർ നിരീക്ഷണവും പരിശോധനയും ശക്തമാക്കി.

ഛത്തീസ്ഗഡിൽ കൊറയ ജില്ലയിലെ ലെബൈക്കുന്ത്പുർ നഗരത്തിലുള്ള ഫാമിൽ കോഴികളിലും കാടകളിലും മാരകമായ എച്ച് 5 എൻ 1 വൈറസ് ബാധ സ്ഥിരീകരിക്കുകയും 15,000 കോഴികളെയും കാടകളെയും ഒപ്പം 30,000 മുട്ടകളും നശിപ്പിച്ചതായുള്ള വാർത്ത പുറത്തുവന്നതോടെയാണിത്. കേരളത്തിലെ ഏറ്റവും വലിയ താറാവ് വളർത്തൽ കേന്ദ്രമായ കുട്ടനാട് — അപ്പർ കുട്ടനാടൻ മേഖലയിൽ പ്രധാനമായും ദേശാടന പക്ഷികൾ കൂട്ടത്തോടെയെത്തുന്ന മേഖലകൾ കേന്ദ്രീകരിച്ച് മൃഗസംരക്ഷണ വകുപ്പ് സൂക്ഷ്മമായ നിരീക്ഷണവും പരിശോധനയും ശക്തമാക്കി.

പുഞ്ചപ്പാടങ്ങളിൽ കൃഷിയിറക്കുന്ന സമയമായതിനാൽ ഇവിടേക്ക് വൻ തോതിൽ ദേശാടനപക്ഷികളെത്തിയിട്ടുണ്ട്. മേഖലയിൽ നിന്നും ശേഖരിക്കുന്ന പക്ഷികളുടെ രക്തസാമ്പിളുകളും വിസർജ്യങ്ങളും പാലോടും തിരുവല്ലയിലുമുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ലാബുകളിൽ പരിശോധിച്ച് അതീവ സൂക്ഷ്മതയോടെ രോഗനിർണ്ണയം നടത്തിവരികയാണ്. രോഗം സംബന്ധിച്ച് നേരിയ സംശയമെങ്കിലും ഉണ്ടായാൽ ആ സാമ്പിളുകൾ അതീവ സുരക്ഷയോടെ ഭോപ്പാലിലെ ഹൈടെക് ലാബുകളിലെത്തിച്ച് വിശദമായ പരിശോധന നടത്താനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. എന്നാൽ സംസ്ഥാനത്തിതുവരെ പക്ഷിപ്പനിയുടെ ചെറിയ സൂചന പോലും ലഭിച്ചിട്ടില്ലെന്നാണറിവ്. രാജ്യത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത് മേഖലയിലെ താറാവ് കർഷകരിൽ ഭീതി പടർത്തിയിട്ടുണ്ട്. താറാവിൻ കുഞ്ഞുങ്ങളെ വിരിയിച്ചിറക്കുന്ന പതിനാലോളം ഹാച്ചറികളാണ് സംസ്ഥാനത്തുള്ളത്. ഇവയെല്ലാം അപ്പർ കുട്ടനാടൻ മേഖലയിലെ ചെന്നിത്തല, പള്ളിപ്പാട്, നിരണം, തലവടി എന്നീ പഞ്ചായത്തുകളിലായാണ് പ്രവർത്തനം. വംശനാശ ഭീഷണി നേരിടുന്ന അപൂർവയിനം താറാവിൻ കൂട്ടത്തെ അടക്കം സംരക്ഷിക്കുന്ന നിരണത്തെ സർക്കാർ ഉടമസ്ഥതയിലുള്ള താറാവ് വളർത്തൽ കേന്ദ്രം നിലവിൽ അതീവ സുരക്ഷയൊരുക്കിയാണ് പ്രവർത്തിക്കുന്നത്.

മേഖലയിലെ മൃഗാശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു. ഇക്കുറി ക്രിസ്തുമസ്- പുതുവത്സര സീസണിൽ താറാവിറച്ചിക്കും മുട്ടയ്ക്കും മുൻ വർഷത്തേക്കാൾ ആവശ്യക്കാരേറെയായിരുന്നു. നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിൽ വിരിയിച്ചിറക്കുന്ന അത്യുത്പാദന ശേഷിയുള്ള താറാവിൻ കുഞ്ഞുങ്ങൾക്കും കർഷകർക്കിടയിൽ വൻ ഡിമാന്റാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.