15 October 2024, Tuesday
KSFE Galaxy Chits Banner 2

വിസ്മയ കേസ്: കുറ്റകൃത്യത്തെ സാധൂകരിക്കുന്ന മൊഴികളെന്ന് പ്രോസിക്യൂഷന്‍

Janayugom Webdesk
കൊല്ലം
May 17, 2022 9:11 pm

സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ആയൂര്‍വേദ വിദ്യാര്‍ത്ഥിനിയായിരുന്ന വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ 23ന് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ എന്‍ സുജിത് വിധി പറയും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായി.
കുറ്റകൃത്യത്തെ സാധൂകരിക്കുന്ന മൊഴികളാണുള്ളതെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. മോഹന്‍രാജ് കോടതി മുമ്പാകെ വാദിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ വിവാഹ മാര്‍ക്കറ്റില്‍ താനൊരു വിലകൂടിയ ഉല്‍പ്പന്നമാണെന്ന് കരുതുകയും സ്ത്രീധന സമ്പ്രദായത്തെ ശരിയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. കിരണ്‍കുമാറിന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്ന സംഭാഷണങ്ങളില്‍ നിന്ന് അയാള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശക്തമായി ഉന്നയിക്കുന്നത് പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വാവാഹത്തിന് മുന്‍പ് തന്നെ പ്രത്യേക കമ്പനിയുടെ വാഹനമാണ് താന്‍ ആവശ്യപ്പെട്ടിരുന്നത് എന്ന കിരണ്‍കുമാറിന്റെ സംഭാഷണം സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു എന്നതിന്റെ തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കി.
കിരണ്‍കുമാറിന്റെയും വിസ്മയയുടെ മാതാവിന്റെയും വിസ്മയയുടെ ബാല്യകാല സുഹൃത്ത് വിദ്യയുടെയും ഫോണുകളില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്ന വിസ്മയയുടെ സംഭാഷണങ്ങളില്‍ നിന്ന് വെളിവാകുന്ന സ്ത്രീധന പീഡനത്തെ കുറിച്ചുള്ള വിവരങ്ങളും ശാരീരിക ഉപദ്രവങ്ങളുടെ വിവരങ്ങളും പ്രതി സ്ത്രീധനം ആവശ്യപ്പെടുന്നതായുള്ള വിസ്മയയുടെ സംഭാഷണവും തെളിവ് നിയമപ്രകാരം പ്രതിക്കെതിരെയുള്ള തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഫോണിലെ സംഭാഷണങ്ങള്‍ പ്രതിയുടെയും വിസ്മയയുടെയും ആണെങ്കിലും അത് തെളിവായി അംഗീകരിക്കാന്‍ പാടില്ലായെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. പ്രതാപചന്ദ്രന്‍പിള്ള മറുവാദം ഉന്നയിച്ചു. സംഭാഷണശകലങ്ങള്‍ തെളിവായി അംഗീകരിക്കാന്‍ കഴിയില്ലായെന്നും അന്വേഷണം പൂര്‍ത്തിയായശേഷം ശാസ്ത്രീയ പരിശോധനയില്‍ ലഭിച്ച സംഭാഷണങ്ങള്‍ സംബന്ധിച്ച് പ്രതിയില്‍ നിന്നും വിശദീകരണം തേടിയെല്ലായെന്നും പ്രതിഭാഗം വാദിച്ചു. 1963 മുതല്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ നിയമസാധുത കോടതി വിലയിരുത്തിയിട്ടുള്ളതായും പ്രതിയില്‍ നിന്നും വിശദീകരണം തേടേണ്ട ആവശ്യമില്ല എന്ന വിധി ഉദ്ധരിച്ചും പ്രോസിക്യൂഷന്‍ മറുവാദം ഉന്നയിച്ചു.
വിസ്മയയ്ക്ക് പിതാവ് നല്‍കിയ കാര്‍ ഒരു സമ്മാനം മാത്രമാണെന്നും അത് കിരണ്‍കുമാര്‍ ആവശ്യപ്പെട്ട് നല്‍കിയതല്ലായെന്നും ആയതിനാല്‍ അവ സ്ത്രീധനത്തിന്റെ പരിധിയില്‍ വരുന്നില്ലായെന്നും പ്രതിഭാഗം വാദം ഉന്നയിച്ചു. വിസ്മയയ്ക്ക് സമ്മാനമായി നല്‍കിയതാണെങ്കിലും സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ അത് ഉള്‍പ്പെടുമെന്നും സമ്മാനമായി നല്‍കുന്ന ഒരു സംഗതിയുടെ ഗുണമേന്മയെ സംബന്ധിച്ചോ അളവിനെ സംബന്ധിച്ചോ ഭര്‍ത്താവ് തര്‍ക്കം ഉന്നയിക്കുന്നതോടെ സമ്മാനം എന്ന വാക്കിന്റെ പരിധിയില്‍ നിന്നും അത് സ്ത്രീധനമായി മാറുമെന്നും ‘വിവാഹവുമായി ബന്ധപ്പെട്ട മുതലുകള്‍’ എന്ന നിയമത്തിലെ വാചകം അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ സ്വീകരിക്കണമെന്ന സുപ്രീംകോടതി വിധിയും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
വിസ്മയ ഫോണിലൂടെ പീഡനങ്ങളെക്കുറിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞത് മറ്റുള്ളവരില്‍ നിന്നും അനുതാപം ലഭിക്കുന്നതിനുവേണ്ടി മാത്രമാണെന്നും അത് തെളിവായി സ്വീകരിക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. വിസ്മയ ആത്മഹത്യ ചെയ്തത് സ്ത്രീധനവുമായി ബന്ധപ്പെട്ടല്ലെന്നും സ്വാഭാവികമായി ഉണ്ടാകുന്ന വഴക്കുകള്‍ക്കപ്പുറം മറ്റൊന്നും ഉണ്ടായിട്ടില്ലായെന്നും പ്രതിഭാഗം കോടയില്‍ വാദിച്ചു.
42 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. 120 രേഖകളും 12 മുതലുകളും കോടതി തെളിവായി ഹാജരാക്കി. പ്രതിഭാഗത്ത് നിന്ന് രണ്ട് സാക്ഷികളെയും 40 രേഖകളും ഹാജരാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.