ഞാൻ വെജിറ്റേറിയൻ ആണ്, ജീവിതത്തിലിന്നേവരെ ഉള്ളി കഴിച്ചിട്ടില്ല, ഉള്ളി വിലയെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ല; കേന്ദ്ര മന്ത്രി അശ്വിനി ചൗബേ

Web Desk
Posted on December 05, 2019, 9:26 pm

ദില്ലി: ഉള്ളിവിലയെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും താനൊരു വെജിറ്റേറിയനാണെന്നും കേന്ദ്ര മന്ത്രി അശ്വിനി ചൗബേ. താനൊരു ശുദ്ധ സസ്യാഹാരിയാണെന്നും അതിനാല്‍ ജീവിതത്തിലിന്നേവരെ ഉള്ളി കഴിച്ചിട്ടില്ലെന്നും പിന്നെ തനിക്കെങ്ങനെയാണ് ഉള്ളി ക്ഷാമത്തെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും അറിയുകയെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ട വീഡിയോയിലാണ് മന്ത്രിയുടെ പ്രതികരണമുള്ളത്. ഉള്ളിവില വര്‍ധനവിനെ കുറിച്ചുള്ള പ്രതികരണത്തില്‍ താന്‍ ഉള്ളി കഴിക്കാറില്ലെന്ന് പറഞ്ഞ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ ചൗബേ പിന്തുണക്കുന്നുമുണ്ട്.

നേരത്തെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ  പാര്‍ലമെന്റിലെ ഒരു പരാമര്‍ശം വിവാദമായിരുന്നു. “ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയെ കഴിക്കാറില്ല. ഉള്ളിക്ക് ഭക്ഷണത്തില്‍ അധികം പ്രാധാന്യം കൊടുക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്”- ഈ മറുപടിയാണ് വിവാദത്തിലായത്.