Monday
27 May 2019

ആയാറാം ഗയാറാംമറ്റൊരു രാഷ്ട്രീയ ജീര്‍ണത

By: Web Desk | Monday 11 March 2019 10:26 PM IST


ഇന്ത്യയിലെ മറ്റൊരു ജീര്‍ണതയാണ് ആയാറാം ഗയാറാം രാഷ്ട്രീയം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാര്‍ട്ടികള്‍ മാറുകയും സീറ്റുകള്‍ ഉറപ്പിക്കുകയും ചെയ്യുകയെന്ന ഈ വൃത്തികെട്ട രീതി തുടങ്ങിയിട്ട് കുറേയേറെ വര്‍ഷങ്ങളായിരിക്കുന്നു. വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളിലാണ് ഈ ജീര്‍ണത കണ്ടുവരുന്നത്.
നിലപാടുകളോട് വിയോജിപ്പുള്ളവര്‍ ഒരേ പാര്‍ട്ടിയില്‍ തുടരണമെന്നില്ല. രാഷ്ട്രീയപ്രവര്‍ത്തനം തുടരുന്നതിന് തങ്ങളുടെ നിലപാടിനോട് യോജിക്കുന്നുവെന്ന് തോന്നുന്ന മറ്റൊരു പാര്‍ട്ടിയിലേക്ക് ചേക്കേറുന്നത് വലിയ തെറ്റുമല്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് പലതും അധികാരവും സ്ഥാനങ്ങളും അഴിമതിയും മാത്രം ലക്ഷ്യംവച്ചുള്ള കൂറുമാറ്റങ്ങള്‍ തന്നെയാണ്.
ഒഡിഷയില്‍ നിന്ന് പല തവണ നിയമസഭാംഗമായിരുന്ന ബിജെപി നേതാവ് ജ്യോതിരിന്ദ്രനാഥ് മിത്ര ഭരണകക്ഷിയായ ബിജു ജനതാദളില്‍ ചേര്‍ന്നിരിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഇദ്ദേഹം നേരത്തേ രണ്ടുതവണ ബിജുജനതാദളിന്റെ നിയമസഭാംഗമായിരുന്നു. 2014 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കാതിരുന്നതിനാല്‍ പാര്‍ട്ടി വിടുകയും ബിജെപിയില്‍ ചേരുകയുമായിരുന്നു. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ട അദ്ദേഹം കഴിഞ്ഞ ദിവസമാണ് വീണ്ടും ബിജെഡിയില്‍ ചേര്‍ന്നത്. എന്തെങ്കിലും രാഷ്ട്രീയ നിലപാടിന്റെ ഫലമായല്ല മിത്രയുടെ കൂറുമാറിയുള്ള ചാഞ്ചാട്ടങ്ങളെന്ന് വ്യക്തമാണ്.
ഗുജറാത്തില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള മൂന്നാമത്തെ എംഎല്‍എയാണ് നാലു ദിവസത്തിനിടെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ജാംനഗറില്‍ നിന്നുള്ള നിയമസഭാംഗം വല്ലഭ് ധരവിയയാണ് ബിജെപിയില്‍ ചേരുന്നതിനായി ഇന്നലെ നിയമസഭാംഗത്വം രാജിവച്ചിരിക്കുന്നത്. ധന്‍ഗാന്ധ്ര നിയമസഭാംഗം പുരുഷോത്തം ശബരിയ അംഗത്വം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത് മാര്‍ച്ച് എട്ടിനായിരുന്നു. അതേദിവസം തന്നെ മാനവാദറില്‍ നിന്നുള്ള അംഗം ജവഹര്‍ ചൗദയും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണതയും അഴിമതിയും വിലപേശല്‍ തന്ത്രങ്ങളുമാണ് ഈ രാജിക്കെല്ലാം കാരണങ്ങളായതെന്ന് അവരുടെ വാക്കുകളും വിശദീകരണങ്ങളും പരിശോധിച്ചാല്‍ വ്യക്തമാകും. അഴിമതിക്കേസില്‍ അറസ്റ്റിലായ ധരവിയ ജാമ്യം ലഭിച്ച് പുറത്തുവന്നതിന് ശേഷമാണ് പാര്‍ട്ടി മാറി ബിജെപിയില്‍ ചേര്‍ന്നത്. അഴിമതിക്കേസില്‍ രക്ഷപ്പെടുത്താമെന്നും ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കി ജയിപ്പിക്കാമെന്നുമാണ് ഇദ്ദേഹത്തിന് ബിജെപി നല്‍കിയ വാഗ്ദാനമെന്നാണ് വാര്‍ത്തകള്‍. മണ്ഡലത്തില്‍ വികസനം വരണമെങ്കില്‍ ഭരണകക്ഷിയായ ബിജെപിയില്‍ ചേരണമെന്ന സ്ഥിതിയാണെന്ന് രാജിവച്ച ജവഹര്‍ ചൗദയും വ്യക്തമാക്കുന്നുണ്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയമസഭാംഗവുമായ കുന്‍വര്‍ജി ബാവലിയയും ഉന്‍ജയില്‍ നിന്നുള്ള ആശ പട്ടേലും നേരത്തേ തന്നെ കോണ്‍ഗ്രസ് വിട്ടിരുന്നു. ഇതോടെ അടുത്തകാലത്ത് കോണ്‍ഗ്രസ് വിട്ട നിയമസഭാംഗങ്ങളുടെ എണ്ണം അഞ്ചായി. കര്‍ണാടകയില്‍ ജനതാദള്‍ – കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് ബിജെപി കൊണ്ടുപിടിച്ച് ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇവിടെയും ചില എംഎല്‍എമാര്‍ കൂറുമാറുകയുണ്ടായി. ഏറ്റവും ഒടുവില്‍ നടന്ന കൂറുമാറ്റങ്ങള്‍ മാത്രമേ ഇവിടെ ഉദാഹരിക്കുന്നുള്ളൂ. അടുത്തകാലത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കും തിരിച്ചും മറ്റ് പാര്‍ട്ടികളിലേക്കും കൂറുമാറിയവരുടെ എണ്ണം അമ്പതിലധികമായിരുന്നു. നിയമസഭാംഗങ്ങളും മുതിര്‍ന്ന നേതാക്കളും ഇക്കൂട്ടത്തില്‍പ്പെടുന്നു.
തങ്ങള്‍ക്ക് ഭരണവും സ്വാധീനവും ഉള്ള ഇടങ്ങളില്‍ പ്രമുഖ വലതുപക്ഷ പാര്‍ട്ടികളെല്ലാം ആയാറാം ഗയാറാം രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ്. സീറ്റ് കിട്ടാത്തവര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ എത്തുമ്പോള്‍ ഉടന്‍ നല്‍കുകയും വിജയിച്ചാല്‍ മന്ത്രിയാക്കുകയും ചെയ്യുന്നു. മന്ത്രിസ്ഥാനമുള്‍പ്പെടെ വാഗ്ദാനം ചെയ്ത് അളുകളെ ആകര്‍ഷിക്കുന്നു. അഴിമതിക്കാരെ സംരക്ഷിക്കുന്നതിന് പോലും ഈ ജീര്‍ണതയെ ഉപയോഗിക്കുന്നുവെന്നാണ് ഗുജറാത്തിലെ ധരവിയയുടെ കൂറുമാറ്റം ചൂണ്ടിക്കാട്ടുന്നത്. ഗുജറാത്ത് ഭരിക്കുന്ന ബിജെപിയില്‍ ചേര്‍ന്നാല്‍ കേസില്‍ നിന്ന് രക്ഷപ്പെടാമെന്ന ലക്ഷ്യംമാത്രമേ അദ്ദേഹത്തിന്റെ പാര്‍ട്ടി മാറ്റത്തിന് പിന്നിലുള്ളൂ.
കോടിക്കണക്കിന് രൂപ കോഴയായി നല്‍കിയും ആളുകളെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരുന്നു. ഇത് യഥാര്‍ഥത്തില്‍ പൊതുസമൂഹത്തെ മാത്രമല്ല സ്വന്തം അണികളെക്കൂടി വഞ്ചിക്കുന്ന സമീപനമാണ്. ഇത്തരം ജീര്‍ണതകളാണ് അധികാരത്തിലെത്തിയാല്‍ കുംഭകോണങ്ങള്‍ക്കുള്ള വഴിയാകുന്നത്. അതിനാവശ്യമായ പണം കണ്ടെത്തുന്നതിന് അധികാരത്തെ ദുരുപയോഗം ചെയ്യുന്നു.
ഈ ജീര്‍ണത അവസാനിപ്പിക്കുന്നതിനായാണ് കൂറുമാറ്റ നിരോധന നിയമം ഉള്‍പ്പെടെ ഉണ്ടായത്. എന്നാല്‍ കുറുക്കുവഴികളിലൂടെയും അധികാരത്തിന്റെ കരുത്തിലും വലതുപക്ഷ പാര്‍ട്ടികള്‍ അതിനെയും മറികടക്കുകയാണ്. യഥാര്‍ഥത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ മാത്രമല്ല രാഷ്ട്രീയത്തിന്റെ തന്നെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ഈ അവസരവാദ സമീപനം അവസാനിപ്പിക്കുക തന്നെ വേണം.