Friday
19 Jul 2019

ആയാറാം, ഗയാറാം ; വീണ്ടും ഒരാളെ കിട്ടുമോ അധ്യക്ഷനാകുവാന്‍

By: Web Desk | Thursday 11 July 2019 10:54 PM IST


1885ല്‍ ബ്രിട്ടീഷ് പൗരനായ എ ഒ ഹ്യൂം സ്ഥാപിച്ച ശുപാര്‍ശ കമ്മിറ്റിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു അധ്യക്ഷനെ തേടിയലയുന്ന ദുരന്തവര്‍ത്തമാനകാലത്തെയാണ് നാം അഭിമുഖീകരിക്കുന്നത്. രാഹുല്‍ഗാന്ധി രാജിവച്ച കോണ്‍ഗ്രസ് അധ്യക്ഷപദത്തേക്ക് ഒരാളെ തേടിയലയുകയാണ് പാവം പാവം കോണ്‍ഗ്രസുകാര്‍. ആരെയും കിട്ടാനാവാത്ത ദയനീയ നില. കോണ്‍ഗ്രസ് ഇത്രമേല്‍ തുലഞ്ഞ അവസ്ഥ മറ്റൊരിക്കലുമുണ്ടായിട്ടില്ല.
മഹാത്മാഗാന്ധിയും സുഭാഷ് ചന്ദ്രബോസും മോത്തിലാല്‍ നെഹ്‌റുവും ജവഹര്‍ലാല്‍ നെഹ്‌റുവും പട്ടാഭി സീതാരാമയ്യയും പ്രസിഡന്റുമാരായിരുന്ന കോണ്‍ഗ്രസാണ് ഇക്കാലത്ത് അധ്യക്ഷനെ കിട്ടാതെ അലഞ്ഞുതിരിയുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രമെഴുതിയ പട്ടാഭി സീതാരാമയ്യ ആ ചരിത്ര ഗ്രന്ഥത്തില്‍ സ്വാതന്ത്ര്യ സമരചരിത്രവും ഉള്‍ച്ചേര്‍ത്തിരുന്നു. അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള മത്സര പരമ്പരകളും ആ ചരിത്രഗ്രന്ഥത്തിലുണ്ട്. പക്ഷെ, ആയാറാം ഗയാറാം പാരമ്പര്യം അക്കാലത്തുണ്ടായിരുന്നില്ല. അധ്യക്ഷ ദാരിദ്ര്യം ഇല്ലാതിരുന്നതുകൊണ്ടാണ് മത്സരങ്ങള്‍ ഉണ്ടായതും മഹാത്മാഗാന്ധി നിര്‍ദേശിച്ച സ്ഥാനാര്‍ഥിയെ സുഭാഷ് ചന്ദ്രബോസ് പരാജയപ്പെടുത്തിയതും.
1947 ഓഗസ്റ്റ് 15 ലെ സ്വാതന്ത്ര്യപുലരിയില്‍ ഗാന്ധിജി ഇന്ത്യാ വിഭജന വേദനയില്‍ സ്വാതന്ത്ര്യദിനവേള ആഘോഷങ്ങളില്‍ പങ്കെടുത്തതേയില്ല. തലേദിവസം, ഓഗസ്റ്റ് 14ന് പാകിസ്ഥാന്‍ പിറന്നിരുന്നു. ഗാന്ധിജിയുടെ ഹൃദയവേദന പകര്‍ന്ന് കവി ഫയസ് അഹമ്മദ് ഫയസ് ഇങ്ങനെ പാടി:
‘കുഷ്ഠം പിടിച്ച ഈ ദിനാരംഭം, പുലരി
രാവിന്റെ ദംഷ്ട്രം പുറത്തുകൊണ്ടുവന്നിരിക്കുന്നു.
………………………………………………………
കപ്പലിന് നങ്കൂരമിടാനുള്ള ഇടം
എന്ന് വിശ്വസിച്ച് യാത്ര
പുറപ്പെട്ടത് ആ പുലരിയിലല്ല ഇത്’
കവി പാടിയതുപോലെ നിര്‍ഭയമായ പുലരിയല്ല കാത്തിരിക്കുന്നത്. അധ്യക്ഷനുമില്ല, നാഥനുമില്ല എന്ന നിലയില്‍ ദുരിതപൂര്‍ണവും ഭയാനകവുമായ നിലയില്‍ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്നു.
ഇതിനൊപ്പം ആയാറാം ഗയാറാം രാഷ്ട്രീയവും പുനര്‍ജനിക്കുന്നു. കോണ്‍ഗ്രസില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ബിജെപിയിലേക്ക് ചേക്കേറുന്നതിന് നിരന്തരം നാം സാക്ഷിയാകേണ്ടിവരുന്നു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവുതന്നെ മകനു പിന്നാലെ ബിജെപിയിലേയ്ക്ക് കൂറുമാറി. മധ്യപ്രദേശിലും രാജസ്ഥാനിലും കൂറുമാറ്റല്‍ പരമ്പര പരസ്യമാക്കപ്പെടുന്നു. കര്‍ണാടകയില്‍ പതിവ് റിസോര്‍ട്ട് രാഷ്ട്രീയം അരങ്ങേറുന്നു. കര്‍ണാടക ആഭ്യന്തര മന്ത്രി ഡി കെ ശിവകുമാര്‍ മുംബൈ റിസോര്‍ട്ടിന്റെ വരാന്തപ്പുറത്ത് കാത്തുനില്‍ക്കുകയാണ്. ബിജെപിയിലേയ്ക്ക് കൂറുമാറിയ കോണ്‍ഗ്രസ് -ജനതാദള്‍ (എസ്) എംഎല്‍എമാരെ തിരിച്ച് കൂട്ടത്തിലെത്തിക്കാന്‍ പോയതാണ് ആഭ്യന്തര മന്ത്രിയായ ഡി കെ ശിവകുമാര്‍. പക്ഷേ, ഹോട്ടലില്‍ കടക്കാന്‍പോലുമായില്ല. എംഎല്‍എമാരെ പൂട്ടിയിട്ടുവെന്നാണ് കോണ്‍ഗ്രസുകാര്‍ ഉന്നയിക്കുന്ന വാദം. 13 എംഎല്‍എമാര്‍ രാജിവച്ചു. പിന്നാലെ കൂടുതല്‍ എംഎല്‍എമാരുടെ രാജികള്‍ ഉണ്ടാകുമെന്ന് വിമതന്മാര്‍ പ്രഖ്യാപിക്കുന്നു. കര്‍ണാടകയില്‍ നടക്കുന്ന കുതിരക്കച്ചവടത്തിന് പിന്നാലെ ഗോവ വീണ്ടും അതേ കച്ചവടത്തിന് വേദിയാകുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഗോവയില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപിയിലേക്ക് അണിചേര്‍ത്ത് സര്‍ക്കാര്‍ ഉണ്ടാക്കുകയായിരുന്നു ബിജെപി. മണിപ്പൂരിലും ഇതുപോലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപിയില്‍ ചേര്‍ത്ത് കുതിരക്കച്ചവട രാഷ്ട്രീയം നടത്തി. ഇപ്പോള്‍ ഗോവയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന 15 എംഎല്‍എമാരില്‍ 10 പേരും ബിജെപിയില്‍ അണിചേര്‍ന്നു. ഗോവ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ നേതൃത്വത്തിലുള്ള എംഎല്‍എമാരാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസിന്റെ അത്യന്തം ദയനീയമായ അവസ്ഥയാണ് ദേശീയതലത്തിലെ അധ്യക്ഷ ദാരിദ്ര്യവും സംസ്ഥാനതലത്തിലെ കൂറുമാറ്റങ്ങളും തെളിയിക്കുന്നത്. കോണ്‍ഗ്രസിന്റെ അസ്ഥിവാരം തകര്‍ക്കപ്പെടുന്നതിന്റെ സൂചനകളാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലവും തെളിയിക്കുന്നത്.