March 21, 2023 Tuesday

ഇന്ത്യയിൽ മുസ്ലീങ്ങളെ കൂട്ടക്കുരുതി ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് ആയത്തുള്ള ഖൊമൈനി

Janayugom Webdesk
ന്യൂഡൽഹി
March 5, 2020 10:48 pm

ഇന്ത്യയിൽ മുസ്ലീങ്ങളെ കൂട്ടക്കുരുതി നടത്തുന്ന നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള തീവ്ര ഹിന്ദുത്വ സർക്കാരിന്റെ നടപടി അവസാനിപ്പിക്കണമെന്ന് ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖൊമൈനി ആവശ്യപ്പെട്ടു. ഡൽഹിയിൽ നടന്ന വർഗീയ കലാപത്തിൽ ലോകത്തിലെ മുസ്ലീങ്ങൾ ഒന്നടങ്കം ദുഃഖിതരാണെന്നും അദ്ദേഹം പറഞ്ഞു.

മോഡി സർക്കാരിനെ തീവ്രവാദികളായ ഹിന്ദുക്കളും അവരുടെ പാർട്ടികളും ( എക്സ്ട്രിമിസ്റ്റ് ഹിന്ദൂസ് ആന്റ് ദെയർ പാർട്ടീസ്) എന്നാണ് ഖൊമൈനി പരാ‍മർശിച്ചത്. ഹിന്ദുത്വ സംഘടനകളുടെ അക്രമങ്ങൾ അവസാനിപ്പിക്കാൻ മോഡി സർക്കാർ തയ്യാറായില്ലെങ്കിൽ ഇസ്ലാമിക രാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഒറ്റപ്പെടും. ഡൽഹിയിലെ വർഗീയ കലാപങ്ങളെ ശക്തമായ ഭാഷയിൽ ഇറാൻ വിദേശകാര്യമന്ത്രി ജാവേദ് ഷെരീഫ് വിമർശിച്ചിരുന്നു. ഇതിലുള്ള അതൃപ്തി ഇന്ത്യയിലെ ഇറാൻ അംബാസിഡർ എലിഷെങ്കിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതേതുടർന്നാണ് മോഡി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഖൊമൈനി രംഗത്തെത്തിയത്.

മോഡി സർക്കാരിനോടുള്ള അതൃപ്തി ഇംഗ്ലീഷ്, ഉർദു, പേർഷ്യൻ, അറബിക് എന്നീ ഭാഷകളിലാണ് ഖൊമൈനി ട്വീറ്റ് ചെയ്തത്. കലാപത്തിൽ കൊല്ലപ്പെട്ട ഒരാളുടെ മൃതദേഹത്തിന് സമീപം നിരാലംബയായി നിൽക്കുന്ന ഒരു കുട്ടിയുടെ ചിത്രത്തിനൊപ്പമാണ് ഖൊമൈനിയുടെ ട്വീറ്റ്. അമേരിക്കൻ ഉപരോധത്തിന് ഉപരിയായി ഇറാൻ ഇന്ത്യയുമായി നല്ല ബന്ധം പുലർത്തിയിരുന്നു. അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി മോഡി സർക്കാർ റദ്ദാക്കിയിരുന്നു. അപ്പോഴും ഇന്ത്യയുമായി സൗഹൃദം പുലർത്തിയിരുന്ന ഇറാൻ ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിലാണ് വിരുദ്ധ നിലപാടുമായി രംഗത്തെത്തിയത്. മോഡി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം ആഗോള തലത്തിൽ ഇന്ത്യക്ക് തിരിച്ചടിയാകുന്നതിന്റെ സൂചനയാണ് ഖൊമൈനിയുടെ നിലപാട്.

Eng­lish Sum­ma­ry; Aya­tol­lah Khamenei says to stop mas­sacre of Muslims

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.