അയോധ്യ കേസ്: അന്തിമവിധി അരികെ

Web Desk
Posted on October 17, 2019, 11:17 pm

രാജ്യത്ത് മതനിരപേക്ഷതയും സാമുദായിക സൗഹാര്‍ദവും വിവിധ മത, വിശ്വാസ, ആചാരക്രമങ്ങള്‍ പിന്തുടരുന്ന ജനങ്ങള്‍ക്കിടയില്‍ സന്മനോഭാവവും പുലര്‍ന്നു കാണണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഏറെ പ്രതീക്ഷയോടെയാണ് അയോധ്യ ഭൂമി തര്‍ക്ക വിഷയത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധിക്കായി കാത്തിരിക്കുന്നത്. നാല്‍പ്പതു ദിവസം നീണ്ടുനിന്ന കേസിന്റെ വിചാരണ ബുധനാഴ്ച അവസാനിച്ചു. നവംബറില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാെഗോയ് സര്‍വീസില്‍ നിന്നു വിരമിക്കുംമുമ്പ് വിധിപ്രസ്താവം നടക്കും. അത് എന്തായിരിക്കും എന്നതിനെപ്പറ്റിയുള്ള നിഗമനങ്ങള്‍ നീതിന്യായ പ്രക്രിയയോടുള്ള  അനാദരവ് ആകും.

എന്നാല്‍ അത് എന്തായിരിക്കരുതെന്ന് പ്രതീക്ഷിക്കാന്‍ ജനാധിപത്യത്തില്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ട്. അത് എന്തായാലും ഭരണഘടനയുടെയും ലോകമാകെ മാനിക്കുന്ന നീതിന്യായ വ്യവസ്ഥകളുടെയും അടിസ്ഥാനത്തില്‍ ആയിരിക്കണമെന്ന് ആഗ്രഹിക്കാനുള്ള അവകാശവും പൗരന്‍മാര്‍ക്കുണ്ട്. അയോധ്യ ഭൂമി തര്‍ക്കപരിഹാരം വലിയൊരളവ് രാജ്യത്തിന്റെ സമാധാനപൂര്‍ണമായ പുരോഗതിയേയും ജനതയുടെ ഐക്യത്തേയും നിര്‍ണായകമായി സ്വാധീനിക്കാവുന്ന വിഷയമായി മാറിയിരിക്കുന്നു. അടിസ്ഥാനപരമായി അയോധ്യയിലെ വിവാദ ഭൂമിയുടെ ഉടമസ്ഥാവകാശമാണ് സുപ്രീംകോടതിയുടെ പരിഗണനക്കു വന്നിരിക്കുന്നത്. എന്നാല്‍ തര്‍ക്കം ഭൂമിയേക്കാളുപരി വിശ്വാസത്തിന്റേതാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നതാണ് യഥാര്‍ത്ഥത്തില്‍ തര്‍ക്കത്തിന്റെ മൂലകാരണം.

വിശ്വാസം സംബന്ധിച്ച തര്‍ക്കങ്ങളില്‍ ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തിന്റെ നീതിന്യായ വ്യവസ്ഥയ്ക്ക് എങ്ങനെ വിധി കല്‍പ്പിക്കാനാവും? ഭരണഘടനാ വ്യവസ്ഥയുടെയും തത്വങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമെ ന്യായപീഠത്തിനു പ്രവര്‍ത്തിക്കാനാവൂ. അവിടെ വിശ്വാസം ആത്മനിഷ്ഠവും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം വസ്തുനിഷ്ഠവുമാണ്. അക്കാര്യത്തില്‍ വസ്തുതകളും തെളിവുകളും ആയിരിക്കണം തീര്‍പ്പിന് ആധാരം.

അയോധ്യ ഭൂമി തര്‍ക്ക കേസ് വിചാരണയുടെ അന്തിമദിനം‍ നാടകീയമായ വഴിത്തിരിവിന് സാക്ഷ്യം വഹിക്കുകയുണ്ടായി. കേസിലെ പ്രാഥമിക മു­സ്‌ലിം കക്ഷിയായ സു­ന്നി­വഖഫ് ബോര്‍ഡ് ത­ങ്ങളുടെ അപ്പീല്‍, വ്യവസ്ഥാ വിധേയമായി പി­ന്‍­വലിക്കാ­നുള്ള സന്നദ്ധത വിചാരണയുടെ അ­ന്തിമഘട്ടത്തില്‍ സുപ്രീംകോടതിയെ അറിയിച്ച വാര്‍ത്ത തെല്ല് അമ്പരപ്പോടെയാണ് രാഷ്ട്രം ശ്രവിച്ചത്. 1992ല്‍ തീവ്ര ഹിന്ദുത്വ ശക്തികള്‍ തക­ര്‍ത്ത ബാ­ബ്റി മസ്ജിദ് നൂറ്റാണ്ടുകള്‍ നിലനിന്നിരുന്ന ഭൂമിയുടെ മേലുള്ള അവകാശവാദം അവസാ­­നിപ്പിക്കാനുള്ള സ­ന്ന­ദ്ധതയാണ് അവര്‍ കോ­ടതിയെ അറിയിച്ചത്.

അതിന് അവര്‍ മു­ന്നോട്ടുവയ്ക്കുന്ന നിബന്ധ­ന മുസ്‌ലിങ്ങ­ളുടെ ഇതര ആരാധനാലയങ്ങള്‍ അയോധ്യയിലേതിനു സമാനമായ അതിക്രമങ്ങളില്‍ നിന്നും സംരക്ഷിച്ചുകൊള്ളാം എന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പാണ്. ലഭ്യമായ വിവരം അനുസരിച്ച് സുന്നി വഖഫ് ബോര്‍ഡും കേ­സില്‍ കക്ഷി ചേര്‍ന്നിട്ടുള്ള പല ഹിന്ദു സംഘടനകളും ഒത്തുതീര്‍പ്പ് നിര്‍ദേശത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. എന്നാല്‍ ആര്‍എസ്എസ്-വിശ്വഹിന്ദു പരിഷത്ത് സംഘടനയും കേസിലെ മറ്റൊരു കക്ഷിയുമായ രാമജന്‍മഭൂമി ന്യാസ് ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചതായാണ് അറിയുന്നത്.

അയോധ്യയില്‍ ഇപ്പോള്‍ നിലവിലുള്ള 22 മോസ്ക്കുകളുടെ നവീകരണം, ബാബ്‌റി മസ്ജിദിനു പകരമായി മറ്റൊരു സ്ഥലത്ത് പുതിയ മോസ്കിന്റെ നിര്‍മാണം, കേന്ദ്ര പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ചരിത്രപ്രധാനമായ ഏതാനും മോസ്ക്കുകളില്‍ ആരാധന നടത്താനുള്ള അവകാശം എന്നിവയും ഒത്തുതീര്‍പ്പു വ്യവസ്ഥകളുടെ ഭാഗമാണ്. കോടതിയുടെ മുമ്പിലുള്ള ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ പരിഗണിക്കണമോ അതോ ഭൂമിതര്‍ക്കത്തില്‍ മാത്രമായി അന്തിമവിധി കേന്ദ്രീകരിക്കണമോ എന്നതില്‍ തീര്‍പ്പു കല്‍പ്പിക്കാനുള്ള അവകാശം ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ നിക്ഷിപ്തമാണ്.

ബാബ്റി മസ്ജിദ് 1992 ഡിസംബര്‍ ആറിന് തകര്‍ത്തതിനെ തുടര്‍ന്ന് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇനിയും അന്തിമവിധി ഉണ്ടായിട്ടില്ല. 2018ല്‍ കേസില്‍ വിചാരണ പൂര്‍ത്തിയാ‌ക്കി വിധി പ്രസ്താവിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം ഫലം കാണാതെ തുടരുകയാണ്. മുതിര്‍ന്ന ബിജെപി നേതാക്കളായ ലാല്‍ കൃഷ്ണ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവരെല്ലാം കുറ്റാരോപിതരായ കേസാണത്. അയോധ്യ ഭൂമി തര്‍ക്കകേസ് എക്കാലത്തും അപരിഹാര്യമായും സജീവമായും നിലനിര്‍ത്തുക എന്നത് വര്‍ഗീയ രാഷ്ട്രീയത്തിന്റെ താല്പര്യമാണ്.

അയോധ്യ വിധി അവിടത്തെ തര്‍ക്കത്തിന് അറുതിവരുത്തിയാലും കാശിയിലും മഥുരയിലും സമാനമായ തര്‍ക്കങ്ങള്‍ക്ക് അവസരമുണ്ടെന്ന് അവര്‍ കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ അയോധ്യ പ്രശ്നത്തിന് പരിഹാരം കാണുകയെന്നത് തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നിക്ഷിപ്ത താ­ല്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. സുപ്രീം കോടതി വിധിപറയാന്‍ മാറ്റിവച്ചിരിക്കുന്ന അയോധ്യ ഭൂമിതര്‍ക്ക കേസിലെ വിധി രാഷ്ട്രത്തിന്റെ ഭാവിയെ സംബന്ധിച്ച് അതീവ നിര്‍ണായകമാണ്. അത് രാജ്യത്ത് മതപരമായ ചേരിതിരിവും വര്‍ഗീയതയുടെ വ്യാപനത്തിനും അറുതിവരുത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.