വിധി പ്രസ്താവം തുടങ്ങി: വിധി എന്തായാലും സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി

Web Desk
Posted on November 09, 2019, 10:41 am

ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതി വിധി എന്തു തന്നെയായാലും സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി ആരുടെയും പരാജയമല്ലെന്നും രാജ്യത്തിൻറെ ഐക്യമാണ് പ്രധാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. അയോധ്യ കേസിൽ വിധി എന്തു തന്നെയായാലും സൗഹാർദം കാത്തുസൂക്ഷിക്കണം. രാജ്യത്തിന്റെ ഐക്യമാണ് പ്രധാനം. രാജ്യ നന്മയ്ക്ക് കരുത്തുപകരുന്നതാകും വിധിയെന്ന് പ്രതീക്ഷിക്കാമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

അതേസമയം അയോധ്യാ കേസിൽ സുപ്രീം കോടതി വിധി പ്രസ്താവം തുടങ്ങി. ജഡ്ജിമാരുടെ വിധി ഏകകണ്ഠമെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെമ്പാടും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയ്ക്കായി 4,000 സായുധ സൈനികരെ വിന്യസിച്ചു. ഉത്തർപ്രദേശിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച വരെ അടച്ചിടുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിലും അതീവ ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കാസർകോട് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ചന്ദേര, ഹൊസ്ദുർഗ് സ്റ്റേഷൻ പരിധികളിൽ തിങ്കളാഴ്ച രാത്രിവരെ നിരോധനാഞ്ജ.