അയോധ്യ കേസ് 29ലേക്ക്‌ മാറ്റി

Web Desk
Posted on January 10, 2019, 11:42 am

ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസ്‌ പരിഗണിക്കുന്നത്‌ സുപ്രീം കോടതി ഈ മാസം 29ലേക്ക്‌ മാറ്റി. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള 16 അപ്പീലുകളാണ്‌ ഭരണബഞ്ച്‌ പരിഗണിക്കുക.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എന്‍ വി രമണ, യു യു ലളിത്, ഡി വൈ ചന്ദ്രചൂഢ് എന്നിവര്‍ ഉള്‍പ്പെട്ട ഭരണഘടനാ ബഞ്ചാണ്‌ കേസ്‌ പരിഗണിക്കാനിരുന്നത്‌. എന്നാല്‍ സുന്നി വഖഫ്‌ ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്ന്‌ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന്‌ ജസ്റ്റിസ്‌ യു യു ലളിത്‌ പിന്മാറി. അഭിഭാഷകനായിരിക്കെ യു യു ലളിത്‌ ഉത്തര്‍പ്രദേശ്‌ മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിങ്ങിനായി അയോധ്യാ കേസില്‍ ഹാജരകയിട്ടുണ്ടെന്ന്‌ കാട്ടിയാണ്‌ സുന്നി വഖഫ്‌ ബോര്‍ഡ്‌ എതിര്‍പ്പുയര്‍ത്തിയത്‌. കേസില്‍ എങ്ങനെ വാദം കേള്‍ക്കണം, അന്തിമവാദം എപ്പോഴാണ് തുടങ്ങുക എന്നീ കാര്യങ്ങളിലും 29ന്‌ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച്‌ തീരുമാനമെടുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. രാഷ്ട്രീയ പ്രാധാന്യമുള്ള കേസ്‌ മൂന്നംഗ ബഞ്ചാണ്‌ പരിഗണിച്ചിരുന്നത്.