അയോധ്യ ഭൂമിതര്‍ക്ക കേസ്: 25 ലേക്ക് മാറ്റി

Web Desk
Posted on July 11, 2019, 11:01 pm

ന്യൂഡല്‍ഹി: അയോധ്യയിലെ ഭൂമിതര്‍ക്ക കേസ് സുപ്രീംകോടതി ഈ മാസം 25 ലേക്ക് മാറ്റിവച്ചു. കേസില്‍ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് കേസ് മാറ്റിവച്ചിരിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം സാധ്യമല്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. മധ്യസ്ഥ സമിതിയെ വിമര്‍ശിക്കേണ്ടതില്ലെന്ന് സുന്നിവിഭാഗം അഭിഭാഷകന്‍ പറഞ്ഞു. മധ്യസ്ഥ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതിന് ശേഷമാണ് കേസ് 25 ലേക്ക് മാറ്റിവച്ചത്.
മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ എല്ലാദിവസവും കേസില്‍ വാദം നടക്കുമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് വേഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യപരാതിക്കാരിലൊരാള്‍ കഴിഞ്ഞദിവസം സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെയാണു ഹര്‍ജി പരിഗണിച്ചത്. നാലുമാസം മുന്‍പ് അയോധ്യയിലെ ഭൂമിതര്‍ക്കവിഷയം മധ്യസ്ഥചര്‍ച്ചയ്ക്കുവിട്ടശേഷം ഇതാദ്യമായാണ് വീണ്ടും കേസ് പരിഗണിക്കുന്നത്.
ബാബറി മസ്ജിദ് രാമജന്മഭൂമി തര്‍ക്കവിഷയം രമ്യമായി പരിഹരിക്കുന്നതിനു സാധ്യതതേടി സുപ്രീംകോടതി മധ്യസ്ഥചര്‍ച്ചയ്ക്കു വിട്ടത് മാര്‍ച്ച് എട്ടിനാണ്. ജസ്റ്റിസ് എഫ്എംഐ ഖലീഫുള്ള, ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരെയാണു മധ്യസ്ഥരായി നിയോഗിച്ചത്. ചര്‍ച്ചകളില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച സമിതിക്ക് ഓഗസ്റ്റ് 15 വരെ സുപ്രീംകോടതി സമയം നീട്ടിനല്‍കുകയും ചെയ്തിരുന്നു.
ഇതിനിടെയാണു മധ്യസ്ഥചര്‍ച്ചയില്‍ ഫലംകാണുന്നില്ലെന്നും ഹര്‍ജി ഉടന്‍ ലിസ്റ്റു ചെയ്യണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരനായ ഗോപാല്‍ സിങ് വിശാരദ് സുപ്രീംകോടതിയിലെത്തിയത്. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട അയോധ്യയിലെ 2.77 ഏക്കര്‍ സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ലയ്ക്കും തുല്യമായി വീതിച്ചുനല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണു സുപ്രീംകോടതിക്കു മുന്നിലുള്ളത്. അയോധ്യയിലേതു വസ്തുതര്‍ക്കം മാത്രമല്ലെന്ന നിലപാടിലാണു സുപ്രീംകോടതി മധ്യസ്ഥചര്‍ച്ചയ്ക്കു സമിതിയെവച്ചത്.