അയോധ്യാ വിധി: സോഷ്യൽ മീഡിയയിൽ കമന്റിട്ട രണ്ട് മലയാളികൾ കുടുങ്ങി

Web Desk
Posted on November 09, 2019, 4:23 pm

കൊച്ചി: അയോധ്യാ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ സോഷ്യൽ മീഡിയയിൽ കമന്റിട്ട രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. സെയ്ഫുദീന്‍ ബാബു, ഇബ്രാംഹിം കുഞ്ഞിക്ക എന്നീ പേരുകളിലുള്ള പ്രൊഫൈൽ ഉടമകൾക്കെതിരെയാണ് കേസെടുത്തത്. പ്രകേപനപരമായി കമന്റിട്ടതിനാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തത്.

ഫേസ്ബുക്കില്‍ വിദ്വേഷ പ്രചാരണം നടത്തിയ ഒരു യുവാവിനെ നേരത്തെ മഹാരാഷ്ട്രയില്‍ അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര ധൂല ജില്ലയില്‍ നിന്നുള്ള സഞ്ജയ് രാമേശ്വറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ഇതിനുള്ള നിര്‍ദ്ദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. ഇവർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്നതാണ്.