അയോധ്യ വിധിയും സോഷ്യൽ മീഡിയയും: ആദ്യ അറസ്റ്റ് നടന്നു, ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക

Web Desk
Posted on November 09, 2019, 9:39 am

തിരുവനന്തപുരം: അയോധ്യാ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്.

ഇതിൻറെ അടിസ്ഥാനത്തിൽ ഫേസ്ബുക്കില്‍ വിദ്വേഷ പ്രചാരണം നടത്തിയ യുവാവിനെ മഹാരാഷ്ട്രയില്‍ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര ധൂല ജില്ലയില്‍ നിന്നുള്ള സഞ്ജയ് രാമേശ്വറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാബരി കേസിലെ വിധി വരുന്നതിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

ശ്രീരാമ ജന്മ ഭൂമിയില്‍ നീതി നടപ്പായാല്‍ ഒരിക്കല്‍ കൂടി ദീപാവലി ആഘോഷിക്കുമെന്നാണ് ഇയാള്‍ കുറിച്ചത്. അത്തരമൊരു വിധി ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത പാട് മായ്ച്ചു കളയുമെന്നും ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തു. സെക്ഷന്‍ 153 (1) (ബി), ഐ.പി.സി 188 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ഇതിനുള്ള നിര്‍ദ്ദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. ഇവർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്നതാണ്.

എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പൊലീസിന്റെ സൈബർ സെൽ, സൈബർഡോം, സൈബർ പൊലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘർഷം വളർത്തുന്ന തരത്തിൽ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും.