അയോധ്യ: തർക്ക ഭൂമി ട്രസ്റ്റിന്, പള്ളി പണിയാൻ പകരം ഭൂമി

Web Desk
Posted on November 09, 2019, 8:45 pm

ന്യൂഡല്‍ഹി: അയോധ്യയിലെ തർക്കഭൂമി ട്രസ്റ്റിന് കൈമാറാനും പളളി പണിയുന്നതിന് പകരം ഭൂമി നൽകുന്നതിനും സുപ്രീം കോടതി ഉത്തരവ്. പകരം അഞ്ചേക്കര്‍ ഭൂമിയാണ് പള്ളി പണിയുന്നതിന് അനുവദിക്കേണ്ടത്. ഉപാധികളോടെയാകും ഭൂമി നല്‍കുക. ഇത് സര്‍ക്കാര്‍ കണ്ടെത്തണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം നിര്‍മാണം ആരംഭിക്കും. ഉപാധികളോടെ തന്നെയാണ് ഹിന്ദുക്കള്‍ക്കും ഭൂമി നല്‍കുക. അയോദ്ധ്യയില്‍ ക്ഷേത്രനിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ട്രസ്റ്റില്‍ നിര്‍മോഹി അഖാരയ്ക്ക് പ്രാതിനിധ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വിധി പകര്‍പ്പിന്‍റെ പൂര്‍ണ്ണരൂപം..

രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഏകകണ്ഠമായാണ് ജഡ്ജിമാര്‍ വിധി ഒപ്പിട്ടത്. വിധി പൂര്‍ണമായി വായിക്കാന്‍ അര മണിക്കൂര്‍ വേണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ കോടതിക്ക് സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മുസ്ലിംകള്‍ക്ക് പകരം ഭൂമി നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദ്ധതി കൊണ്ടുവരണമെന്നും മൂന്ന് മാസത്തിനുള്ളില്‍ ഇതിന് തീര്‍പ്പുണ്ടാക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

ഷിയ വഖഫ് ബോര്‍ഡിന്റേയും നിര്‍മോഹി അഖാഡയുടേയും ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട് തള്ളിക്കളയാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നും സുന്നി വഖഫ് ബോര്‍ഡിനല്ലെന്നും ഷിയാ വഖഫ് ബോര്‍ഡ് വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം സുപ്രീം കോടതി തള്ളി.

അതേസമയം ഡല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ വിധിയുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ ജനജീവിതം സാധാരണ നിലയിലാണ്. ചിലരെ മുന്‍കരുതല്‍ എന്ന നിലയില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.