അയോധ്യ: ഹര്‍ജി ജനുവരി നാലിനു പരിഗണിക്കും

Web Desk
Posted on December 24, 2018, 10:05 pm

ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്‍മഭൂമി ബാബറി മസ്ജിദ് ഭൂമി തര്‍ക്കക്കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന ഹര്‍ജി സുപ്രിം കോടതി ജനുവരി നാലിനു പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് സുപ്രിം കോടതി ഒക്ടോബറില്‍ അടുത്ത വര്‍ഷത്തേക്കു മാറ്റിയിരുന്നു. ഏതു ബെഞ്ചാണ് കേസ് പരിഗണിക്കുക എന്നതും ജനുവരിയില്‍ തീരുമാനിക്കുമെന്നായിരുന്നു ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയത്. ഹര്‍ജികള്‍ എത്രയും വേഗം പരിഗണിച്ച് വാദം പൂര്‍ത്തിയാക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അടക്കമുള്ള ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ തള്ളിയായിരുന്നു നടപടി.

അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാം ലല്ല എന്നിവര്‍ക്കായി വീതിച്ചു നല്‍കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരേയുള്ള 13 ഹര്‍ജികളാണ് സുപ്രിം കോടതി പരിഗണിക്കുന്നത്. അയോധ്യ വിഷയത്തില്‍ കേവലം ഭൂമി തര്‍ക്കവുമായി ബന്ധപ്പട്ട പ്രശ്‌നങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ എന്നു കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.