Janayugom Online
ayodhya

അയോധ്യ: വിഎച്ച്പിക്ക് നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത് സര്‍ക്കാര്‍ ഭൂമി

Web Desk
Posted on February 04, 2019, 10:51 pm

ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്തിന് വിട്ടുകൊടുക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത് സര്‍ക്കാര്‍ ഭൂമി. ഇക്കാര്യം മറച്ചുവച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഭൂമി വിശ്വഹിന്ദു പരിഷത്തിന് കീഴിലുള്ള രാം ജന്മഭൂമി ന്യാസിന് നല്‍കണമെന്നാവശ്യപ്പെട്ടതെന്ന് കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാബറി മസ്ജിദ് നിലനിന്നിരുന്നത് 0.313 ഏക്കര്‍ ഭൂമിയിലാണെന്നും അതുള്‍പ്പെടുന്ന 2.77 ഏക്കര്‍ ഭൂമി മാത്രമാണ് തര്‍ക്കത്തിലുള്ളതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ബോധിപ്പിച്ചത്. തര്‍ക്കമുള്ള ഈ ഭൂമി കഴിച്ചുള്ള 67.39 ഏക്കര്‍ ഭൂമി രാം ജന്മഭൂമി ന്യാസിന് നല്‍കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം.

എന്നാല്‍ പ്രസ്തുത ഭൂമി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കാരവന്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അയോധ്യയെ വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന് രാംകഥാ പാര്‍ക്ക് പണിയുന്നതിനായി സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുത്തതാണ് പ്രസ്തുത ഭൂമി. 1980 കളുടെ അവസാനം നഷ്ടപരിഹാരം നല്‍കിയാണ് ഈ ഭൂമി ഏറ്റെടുത്തത്. മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കാട്ടി സ്ഥല ഉടമകള്‍ നല്‍കിയ കേസ് ഫെയ്‌സാബാദ് ജില്ലാ കോടതിയില്‍ തീര്‍പ്പാകാതെ കിടക്കുകയാണ്. ബാബറി മസ്ജിദ് വിഷയം കത്തിനില്‍ക്കേ ഉത്തര്‍പ്രദേശില്‍ ഭരണത്തിലുണ്ടായിരുന്ന കല്യാണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍1992 മാര്‍ച്ച് 20ന് പ്രസ്തുത ഭൂമി വിശ്വഹിന്ദു പരിഷത്തിന് കീഴിലുള്ള സംഘടനയ്ക്ക് രാംകഥാപാര്‍ക്ക് നിര്‍മിക്കുന്നതിനായി പാട്ടത്തിന് നല്‍കുകയായിരുന്നു. ആ വര്‍ഷം ഡിസംബര്‍ ആറിനായിരുന്നു ബാബറി മസ്ജിദ് സംഘപരിവാര്‍ തകര്‍ത്തത്. ഒരു രൂപ വാര്‍ഷിക പാട്ടത്തിനായിരുന്നു നല്‍കിയത്. സംഘടനയുടെ പേരില്‍ പാട്ടത്തിന് നല്‍കിയതും യഥാര്‍ഥത്തില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതുമായ ഭൂമി വിട്ടു നല്‍കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പരമോന്നത കോടതിയെ സമീപിച്ചത്.

ഇതുസംബന്ധിച്ച നിരവധി വ്യവഹാരങ്ങളുണ്ടായിട്ടുണ്ട്. 1980 കളില്‍ ഭൂമി ഏറ്റെടുത്തതിനെതിരെ ഉടമകള്‍ നല്‍കിയതായിരുന്നു പ്രധാന കേസ്. 22 പേരില്‍ നിന്നായാണ് ഭൂമി ഏറ്റെടുത്തത്. നാല് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെയും മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരുടേതുമുള്‍പ്പെടെയുള്ളതായിരുന്നു ഏറ്റെടുത്തത്. കലാപകലുഷിതമായ സാഹചര്യത്തില്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവര്‍ പ്രദേശത്തുനിന്ന് രക്ഷപ്പെടുന്നതിനുള്ള വഴിയായി കണ്ട് ഭൂമി വിട്ടുകൊടുത്തെങ്കിലും 16 കുടുംബങ്ങള്‍ കോടതിയെ സമീപിച്ചു. ഏക്കറിന് അരലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരമായി നല്‍കിയത്. ഇതിനെതിരായ കേസ് നിലനില്‍ക്കേ ഒരു സമിതിയെ നിശ്ചയിച്ച് അവര്‍ ഏക്കറിന് ആറുലക്ഷം രൂപ നല്‍കണമെന്ന നിര്‍ദ്ദേശം സമര്‍പ്പിച്ചുവെങ്കിലും തുടര്‍നടപടികളുണ്ടായില്ല. അതുകൊണ്ടുതന്നെ കേസ് തുടരുകയും ചെയ്യുന്നു. ഭൂമി ഏറ്റെടുത്തതിനും പാര്‍ക്ക് നിര്‍മാണത്തിനുമെതിരായും ഹര്‍ജികളും വ്യവഹാരങ്ങളുമുണ്ടായി.
സര്‍ക്കാര്‍ ഭൂമി കൃത്യമായ വ്യസ്ഥകളോടെയാണ് 1992 ല്‍ പാട്ടത്തിന് നല്‍കിയത. പാട്ടക്കരാര്‍ അനുസരിച്ച് ഭൂമി ഏറ്റെടുക്കുന്ന വേളയില്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്ന തരത്തിലുള്ള രാംകഥാപാര്‍ക്ക് മാത്രമേ രാം ജന്മഭൂമി ന്യാസ് ഇവിടെ നിര്‍മിക്കാന്‍ പാടുള്ളുവെന്നായിരുന്നു പ്രധാന വ്യവസ്ഥ. അതല്ലാതെ രാമക്ഷേത്രം പണിയുന്നതിനായിരുന്നില്ല ഭൂമി നല്‍കിയത്. ഇതെല്ലാം മറച്ചുവച്ച് പരമോന്നത കോടതിയെ തെറ്റിദ്ധരിപ്പിക്കാനും രാമക്ഷേത്രം പണിയുന്നതിനായി ഭൂമി വിശ്വഹിന്ദുപരിഷത്തിന് ചുളുവില്‍ സംഘടിപ്പിച്ചു നല്‍കുന്നതിനുമാണ് കേന്ദ്ര നീക്കമെന്നാണ് അനുമാനിക്കേണ്ടത്.

ഭൂമി ഏറ്റെടുക്കല്‍ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബറി മസ്ജിദിനോടു ചേര്‍ന്ന പ്രദേശങ്ങള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഹര്‍ജി. സംസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ വരുന്ന ഭൂപ്രദേശങ്ങള്‍ നേരിട്ട് ഏറ്റെടുക്കാന്‍ കേന്ദ്രത്തിന് സാധിക്കില്ലെന്ന് ഒരുകൂട്ടം അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
രാംലല്ലയെ അനുകൂലിക്കുന്നവരായ അഭിഭാഷകരാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന ഭരണകൂടത്തിന് കീഴില്‍ വരുന്ന പ്രദേശമാണിത്. ഇത് ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കില്ല. 1993ലെ നടപടി ഭരണഘടനാ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു.
തര്‍ക്ക സ്ഥലത്തോട് ചേര്‍ന്ന പ്രദേശങ്ങള്‍ രാമജന്‍മഭൂമി ന്യാസിന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.