അയോധ്യ: ഹിന്ദുസംഘടനകൾ തമ്മിൽ തർക്കം

Web Desk
Posted on November 16, 2019, 9:42 pm

ന്യൂഡൽഹി: അയോധ്യയിലെ തർക്ക ഭൂമി രാമക്ഷേത്രം നിർമിക്കാൻ സുപ്രീംകോടതി വിട്ടുകൊടുത്തതിന് പിന്നാലെ ഹിന്ദു വിഭാഗത്തിലെ കക്ഷികൾ തമ്മിൽ തർക്കം. രാമക്ഷേത്രത്തിന്റെ മാതൃക വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള രാമജൻമഭൂമി ന്യാസ് തയ്യാറാക്കിയിരുന്നു. എന്നാൽ ഈ മാതൃക വേണ്ടെന്ന് കേസിലെ പ്രധാന കക്ഷിയായ സന്യാസി സമൂഹം നിർമോഹി അഖാഡ നിലപാടെടുത്തിരിക്കുകയാണ്. കോടതി നിർദേശിച്ച ട്രസ്റ്റ് രൂപീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഭിന്നതയുണ്ടായ പശ്ചാത്തലത്തിൽ നിർമാണം വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അയോധ്യ കേസിൽ ഏറ്റവും പഴക്കമുള്ള കക്ഷികളിൽ ഒരു വിഭാഗമാണ് നിർമോഹി അഖാഡ സന്യാസി സമൂഹം. രാമനെ സേവിക്കാൻ അധികാരമുള്ള തങ്ങൾക്ക് ഭൂമി വിട്ടുനൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. ക്ഷേത്രം നിർമിക്കാൻ ഒരുക്കുന്ന ട്രസ്റ്റിൽ ഇവർക്കും പ്രാതിനിധ്യം നൽകാൻ സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.

അതേസമയം വിഎച്ച്പിയുടെ നിയന്ത്രണത്തിലുള്ള രാമജന്മഭൂമി ന്യാസ് നിർദിഷ്ട രാമക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. 1991 മുതൽ ഇവർ തൂണുകളും കല്ലുകളും മറ്റും അയോധ്യയിലെ കർസേവക്പുരത്ത് ഒരുക്കുകയാണ്. ഇവർ തയ്യാറാക്കിയ മാതൃക ക്ഷേത്രത്തിന് വേണ്ടെന്നാണ് നിർമോഹി അഖാഡ വ്യക്തമാക്കിയിരിക്കുന്നത്. 268 അടി നീളവും 140 അടി വീതിയും 128 അടി ഉയരവുമുള്ളതാണ് രാമജന്മഭൂമി ന്യാസ് തയ്യാറാക്കിയ രാമക്ഷേത്രത്തിന്റെ മാതൃക. 212 തൂണുകൾ ക്ഷേത്രത്തിനുണ്ടാകും. എങ്ങനെ ആയിരിക്കും ക്ഷേത്രത്തിന്റെ അന്തിമ രൂപമെന്ന് അവർ കർസേവക പുരത്തെ ശാലയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഗുജറാത്തിൽ നിന്നുള്ള സോമപുര കുടുംബമാണ് രാമക്ഷേത്രത്തിന്റെ മാതൃക തയ്യാറാക്കിയത്. ഇവരുമായി ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് ഉൾപ്പെടെയുള്ള സംഘപരിവാർ നേതാക്കൾ അടുത്തിടെ ചർച്ച നടത്തിയിരുന്നു. എന്നാൽ നിർമോഹി അഖാഡ വിഎച്ച്പി മാതൃക തള്ളിക്കളയുകയായിരുന്നു. തർക്ക ഭൂമിയിൽ പൂർണ അധികാരം വേണമെന്ന നിർമോഹി അഖാഡയുടെ വാദം സുപ്രീംകോടതി തള്ളിയെങ്കിലും പുതിയ ട്രസ്റ്റിൽ ഇവർക്കും പങ്കാളിത്തമുണ്ടാകണമെന്നും കോടതി നിർദേശിച്ചിരുന്നു. രാമന്റെ ആത്മാവ് തെളിയുന്ന തരത്തിലാകണം ക്ഷേത്രമെന്ന് നിർമോഹി അഖാരയുടെ മഹന്ത് രാജരാമചന്ദ്ര ആചാര്യ പറഞ്ഞു. വിഎച്ച്പിക്കെതിരെ കടുത്ത വിമർശനവും നിർമോഹി അഖാഡ നടത്തി. കഴിഞ്ഞ 30 വർഷത്തിനിടെ രാമക്ഷേത്രത്തിന് വേണ്ടി ശേഖരിച്ച സംഭാവനയുടെ വിശദാംശങ്ങൾ പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു.

ഭൂമി സ്വീകരിക്കേണ്ടെന്ന് മുസ്ലിം സംഘടനകൾ

ന്യൂഡൽഹി: സുപ്രീംകോടതി അനുവദിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കേണ്ട എന്ന നിലപാടിലേക്ക് മുസ്ലിം സംഘടനകൾ. രാജ്യത്തെ പ്രമുഖ പണ്ഡിത വിഭാഗമായ ജംഇയ്യത്ത് ഉലമായെ ഹിന്ദ് നേതാവ് മൗലാന അർഷദ് മദനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതി വിധിയെ മാനിക്കുന്നു. എന്നാൽ എല്ലാ ധാരണകൾക്കും അപ്പുറത്തുള്ള വിധിയാണ് ഉണ്ടായിരിക്കുന്നത്. ബാബറി മസ്ജിദിൽ രാമവിഗ്രഹം കൊണ്ടുവച്ചത് നിയമവിരുദ്ധമായിട്ടാണ് എന്ന് കോടതി വിധിയിൽ വ്യക്തമാക്കുന്നു. പക്ഷേ, അതിക്രമം പ്രവർത്തിച്ചവർക്ക് കോടതി ഭൂമി കൈമാറുകയും ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി സ്വീകരിക്കുന്ന കാര്യത്തിൽ നിയമോപദേശം തേടുമെന്ന് ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും അറിയിച്ചു. അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ അഭിപ്രായത്തിന് കൂടി ഊന്നൽ ഈ വിഷയത്തിൽ നൽകുമെന്നും സുന്നി വഖഫ് ബോർഡ് ചെയർമാൻ സുഫർ ഫാറുഖി പറഞ്ഞു. ഭൂമി ബോർഡിന് നിഷേധിക്കാൻ കഴിയുമോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഇത് കോടതീയല്യമാവുമോ എന്ന് നിയമോപദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ യോഗം ഇന്ന് നടക്കുന്നുണ്ട്.