അയോധ്യ: വിദ്വേഷവും വ്യവഹാരവും ഇതോടെ തീരണം

Web Desk
Posted on November 09, 2019, 10:50 pm

രാജ്യത്ത് നിലനിൽക്കുന്ന സർക്കാരിന്റെ മതേതരത്വ ബോധ്യം എല്ലായ്പോഴും ചോദ്യം ചെയ്യപ്പെടുന്ന ഒന്നാണ്. രാമജന്മഭൂമിയും ക്ഷേത്രനിർമാണവും ആവർത്തിക്കപ്പെട്ടപ്പോഴെല്ലാം രാജ്യം തെരഞ്ഞെടുപ്പുകളുടെ വക്കിലായിരുന്നു. ഒടുവിൽ സംഘപരിവാറിന്റെ താൽപര്യം സുപ്രീം കോടതിയുടെ വിധിയോടെ സഫലമാവുന്നു. നാളിത്രയും തർക്കഭൂമിയിൽ ബാബറി മസ്ജിദ് നിലനിർത്താൻ നിയമയുദ്ധം നടത്തിയ സുന്നി വഖഫ് ബോർഡിന് പള്ളി നിർമ്മിക്കാൻ പകരം അഞ്ച് ഏക്കർ. രണ്ടുപക്ഷത്തിനും ദോഷമില്ലാത്ത വിധിയെന്ന് രാജ്യത്തിന്റെ മതേതരത്വ മനസുകൾ പറയുമെങ്കിലും അതൊരു തുല്യനീതിയെന്ന് ചിന്തിക്കാൻ ഇഷ്ടപ്പെടാത്തവരേറെ കാണാം. അങ്ങനെ വേണമെന്ന് പറയാനാണ് സമാധാനം കാംഷിക്കുന്നവർ ഇഷ്ടപ്പെടുന്നത്. അയോധ്യയെ ആയുധമാക്കി അധികാരത്തിലേക്ക് പടിപടിയായി കയറിയ സംഘപരിവാറും പരമോന്നത കോടതിയുടെ വിധിയെ അവസാനമായി കാണണം.

രാജ്യത്തിനകത്തും പുറത്തുമുള്ള സാമുദായിക ശക്തികൾക്ക് വിധിയെ മുതലെടുക്കാൻ അവസരമുണ്ടാവരുത്. അതിനെ നിയമപരമായി നേരിടാനും നിയന്ത്രിക്കാനും ഭരണകൂടത്തിനാകണം. എന്നാൽ ആഭ്യന്തരവകുപ്പിനു കീഴിലുള്ള സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നതിന് പകരം സംഘപരിവാർ സംഘടനകളെ കയറൂരി വിടുന്നതിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുന്ന തരത്തിലാവരുത് നീക്കങ്ങൾ. ഭൂമി സംബന്ധിച്ച തർക്കവും വ്യവഹാരവും ഇവിടെ തീരണം.

വിധി 142-ാംഅനുച്ഛേദം അടിസ്ഥാനമാക്കി

അയോധ്യ കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ഭരണഘടനയുടെ 142-ാം അനുച്ഛേദം അടിസ്ഥാനമാക്കിയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അയോധ്യയിലെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 1993ലെ അയോധ്യ ആക്ട് പ്രകാരമാണ് തർക്ക പ്രദേശമായ 2.77 ഏക്കർ ഭൂമി ട്രസ്റ്റിന് കൈമാറാൻ കോടതി നിർദ്ദേശിച്ചത്. നീതി ഉറപ്പാക്കുന്നതിന് ഏത് തരത്തിലുള്ള ഉത്തരവും പുറപ്പെടുവിക്കാൻ സു­പ്രീംകോടതിക്ക് അധികാരം നൽകുന്നതാണ് ഭരണഘടനാ അനുച്ഛേദം 142.കോടതിയുടെ പരിഗണനയിലുള്ള ഏത് വിഷയത്തിലും തീരുമാനമെടുക്കാൻ 142 അനുസരിച്ച് സുപ്രീം കോടതിയ്ക്ക് വിവേചനാധികാരം ഉറപ്പ് നൽകുന്നു. പാർലമെന്റ് പാസാക്കുന്ന നിയമങ്ങളെപ്പോലും 142 പ്രകാരം സുപ്രീംകോടതിക്ക് മറികടക്കാനാകും.

ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളായ എൽ കെ അഡ്വാനി, മുരളീമനോഹർ ജോഷി ഉൾപ്പടെയുള്ളവർ പ്രതികളായ കേസ് റായ് ബറേലിയിൽ നിന്നും ലഖ്നൗവിലേയ്ക്ക് മാറ്റിയത് അനുച്ഛേദം 142 അനുസരിച്ചാണ്. ഭോപ്പാൽ വാതക ദുരന്തം, കൽക്കരി കുംഭകോണം, മദ്യനിരോധനം എന്നീ കേസുകളിൽ വിധി നടപ്പാക്കിയത് അനുച്ഛേദം 142 ആധാരമാക്കിയാണ്. ഭോപ്പാൽ യൂണിയൻ കാർബൈഡ് ദുരന്തത്തിലെ ഇരകൾക്ക് 470 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാനുള്ള വിധി അനുച്ഛേദം 142 അനുസരിച്ചായിരുന്നു. 1993 മുതൽ തുടർന്നുവന്ന കൽക്കരിപ്പാടങ്ങൾ അനുവദിക്കുന്ന കേന്ദ്രസർക്കാർ ചട്ടങ്ങൾ 2014ൽ സുപ്രീംകോടതി റദ്ദാക്കിയത് 142 പ്രകാരമായിരുന്നു.

സംസ്ഥാന പാതകൾ, ദേശീയ പാതകൾ എന്നിവയുടെ 500 മീറ്റർ പരിധിയിൽ മദ്യ നിരോധനം നടപ്പാക്കിയത് 142 അനുസരിച്ചാണ്. താജ് മഹലിന്റെ വെണ്ണക്കൽ മകുടങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ നിർദ്ദേശവും 142 അനുസരിച്ചാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലെ അഴിമതി അന്വേഷിക്കുന്നതിന് ജസ്റ്റിസ് മുഗുൾ മുഗ്ദൽ കമ്മിറ്റി രൂപീകരിച്ചതും അനുച്ഛേദം 142 ആധാരമാക്കിയാണ്.

വിധി സാക്ഷ്യപ്പെടുത്തേണ്ടത് അനിവാര്യം

അയോധ്യ കേസുമായി ബന്ധപ്പെട്ട 1045 പേജുകളുള്ള സുപ്രീംകോടതി വിധിയിൽ ഭരണഘടനാ ബെഞ്ചിലെ ഒരു ജഡ്ജിയും സാക്ഷ്യപ്പെട്ടെന്ന് ഒപ്പിട്ടിട്ടിലെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് തികച്ചും അസാധാരണവും കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനും ജസ്റ്റിസുമാരായ എസ് എ ബോംബ്ദെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവർ ഉൾപ്പെട്ട ഭരണഘടനാ ബെ­ഞ്ചാണ് കേസിന്റെ വിധി പ്രസ്താവിച്ചത്.

വിധിരേഖകളുടെ അനുബന്ധങ്ങളും ആരും സാ­ക്ഷ്യപ്പെടുത്തിയിട്ടില്ല. 2.77 ഏക്കർ സ്ഥലം രാമന്റെ ജന്മസ്ഥലമാണെന്ന് തെളിയിക്കുന്ന രേഖകളാണ് അനുബന്ധത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്ര ത്തിന് അനുമതി നൽകിയത്. ഈ രേഖകളാണ് സാക്ഷ്യപ്പെടുത്താതെ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജഡ്ജിമാർ സാക്ഷ്യപ്പെടുത്താതെയുള്ള വിധി രേഖകൾ ഇതിനു­മുമ്പ് ഉണ്ടായിട്ടില്ലിന്നുമാണ് നിയമ വിദഗ്ധർ പറയുന്നത്. ഈ സംഭവം വിധിയെ ഏതുരീ­തിയിൽ ബാധിക്കുമെന്നത് ആശങ്കയു­ണ്ടാ­ക്കുന്നുണ്ട്.

അയോധ്യ കൊതിക്കുന്നു ജീവിതത്തിനായി

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി വികസനം അന്യമായ അയോധ്യയിൽ ഇനിയെങ്കിലും ശാപമോക്ഷം ലഭിക്കുമോ- ഇതാണ് കോടതി വിധിയോട് അയോധ്യയിലെ നിയാവ ബക്രാ മന്ദി സ്വദേശിയും 65 കാരനുമായ അസീസ് പ്രതികരണം.

കഴിഞ്ഞ കാലങ്ങളിൽ രാമക്ഷേത്ര നിർമ്മാണ വിഷയത്തിൽ മാത്രമാണ് അയോധ്യയുടെ ചർച്ച. എന്നാൽ സ്കൂളുകൾ, ഉ­ന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ, മറ്റ് വികസന പ്രവർത്തനങ്ങളൊക്കെ ഇന്നും അയോധ്യയിലെ ജനങ്ങൾക്ക് കിട്ടാക്കനിയായി തുടരുന്നു. കേന്ദ്ര സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾപോലും ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇനിയെങ്കിലും ഇതിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് അയോധ്യയിലെ ജനങ്ങളെന്ന് അയോധ്യ സ്വദേശിയും മാധ്യമ പ്രവർത്തകയുമായ ശീതളാ സിങ് പറയുന്നു.

അയോധ്യയിൽ ഇനിയെങ്കിലും വികസനവും സമാധാനവും ഉണ്ടാകട്ടെയെന്നാണ് കർഷകനായ അസർ സെയ്ദ് പ്രതികരിച്ചത്. ആശുപത്രികളിൽ ജീവൻ രക്ഷാ മരുന്നുകൾ ലഭ്യമാക്കാൻ യോഗി സർക്കാരിന് കഴിഞ്ഞില്ല. എ­ന്നാൽ ശ്രീരാമന്റെ പ്രതിമ നിർമ്മിക്കുന്നതിന് 447 കോടി രൂപ അനുവദിച്ചു.

അയോധ്യയിലെ ഇഷ്ടിക വ്യവസായം പൂർണമായും തകർന്നു. മറ്റെല്ലാ ജില്ലകളിലെ കർഷകർക്കും പ്രധാൻമന്ത്രി കൃഷി സമ്മാൻ യോജനയുടെ ആനുകൂല്യങ്ങൾ തങ്ങൾക്ക് ലഭിച്ചെങ്കിലും ലഭിച്ചില്ലെന്ന് കർഷകയായ വന്ദനാ ദേവി പറഞ്ഞു. സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം ശുചിമുറികൾ നിർമ്മിക്കാനുള്ള ആനുകൂല്യവും ലഭിച്ചില്ല. അതിനിടെയാണ് അയോധ്യയിൽ എയർപോർട്ട് സ്ഥാപിക്കുമെന്ന സർക്കാർ പ്രഖ്യാപനം.

അന്നത്തിന് പോലും ബുദ്ധിമുട്ടുന്ന തങ്ങൾക്ക് ഇനിയെങ്കിലും ജീവനോപാധി ലഭിക്കുമോ എന്ന ആശങ്കയിലും അതൊടൊപ്പം പ്രതീക്ഷയിലുമാണ് അയോധ്യയിലെ ജനങ്ങൾ. എന്നും അയോധ്യ മാധ്യമങ്ങളിൽ നിറയുന്നു- അയോധ്യയിലെ പാവപ്പെട്ട ജനങ്ങളുടെ രോദനം ആരും അറിയുന്നില്ലെന്ന് കർഷകനായ ബഹാദൂർ ആകുലപ്പെടുന്നു.