അയോധ്യ: മധ്യസ്ഥ ശ്രമങ്ങള്‍ക്കെതിരെ ഹിന്ദുസംഘടനകള്‍

Web Desk
Posted on March 06, 2019, 10:39 pm

ന്യൂഡല്‍ഹി: അയോധ്യ വിഷയം മധ്യസ്ഥ ചര്‍ച്ചയിലൂടെ തീര്‍ക്കാനാകുമോ എന്നാരാഞ്ഞു സുപ്രീംകോടതി നടത്തിയ സിറ്റിംഗില്‍ എതിര്‍പ്പുമായി ഹിന്ദുസംഘടനകള്‍. അയോധ്യാ വിഷയത്തില്‍ മധ്യസ്ഥരെ നിയമിക്കുന്നതിനെ എതിര്‍ത്തു കൊണ്ടാണ് ഹിന്ദു സംഘടനകള്‍ രംഗത്തുവന്നത്. അതേസമയം മുസ്‌ലിം സംഘടനകള്‍ മധ്യസ്ഥ ശ്രമത്തെ അനുകൂലിച്ചു. ആരൊക്കെയാണ് മധ്യസ്ഥരായി വേണ്ടത് എന്നതു സംബന്ധിച്ച് കക്ഷികള്‍ക്ക് കോടതിയില്‍ പട്ടിക നല്‍കാമെന്നും കോടതി വ്യക്തമാക്കി. കേസ് വിധിപറയാന്‍ മാറ്റി.

ക്ഷേത്രം പണിയുന്നതില്‍നിന്ന് പിന്നോട്ടു പോകാന്‍ തയ്യാറല്ലെന്നും പള്ളി നിര്‍മ്മാണത്തിന് മറ്റൊരു സ്ഥലം നല്‍കാന്‍ തയ്യാറാണെന്നും ഹിന്ദുസംഘടനകള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഹിന്ദു സംഘടനകള്‍ എതിര്‍ത്താലും മധ്യസ്ഥ ശ്രമത്തിന് സുപ്രീം കോടതി ഉത്തരവിടണമെന്നായിരുന്നു മുസ്‌ലിം സംഘടനകള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
അതേസമയം ബാബറി ഭൂമിക്കായുള്ള തര്‍ക്കത്തില്‍ മധ്യസ്ഥ ശ്രമത്തെ മുന്‍ധാരണയോടെ കാണരുതെന്ന് ഹിന്ദുസംഘടനകളോട് സുപ്രീംകോടതിയും വ്യക്തമാക്കി. ബാബറി കേസ് കേവലം ഭൂമി തര്‍ക്കം മാത്രമല്ല, അത് മതപരവും വൈകാരികവുമായ വിഷയമാണ്. മുന്‍വിധിയോടെയാണ് മധ്യസ്ഥത നടക്കില്ലെന്ന് നിങ്ങള്‍ പറയുന്നതെന്നും മധ്യസ്ഥശ്രമത്തെ എതിര്‍ത്ത ഹിന്ദുമഹാസഭയുടെ അഭിഭാഷകനോട് കോടതി പറഞ്ഞു. മധ്യസ്ഥതക്ക് ആരൊക്കെ വേണമെന്ന് കക്ഷികള്‍ക്ക് നിര്‍ദേശിക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അറിയിച്ചു.
ബാബര്‍ ചെയ്ത കാര്യങ്ങള്‍ ഇല്ലാതാക്കാന്‍ കോടതിക്ക് കഴിയില്ല. ക്ഷേത്രമോ പള്ളിയോ പണിത ബാബറിന്റെ നടപടി ആര്‍ക്കും റദ്ദാക്കാനാവില്ല. തര്‍ക്ക പരിഹാരം മാത്രമാണ് കോടതിയുടെ ലക്ഷ്യമെന്നും ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. മധ്യസ്ഥ ചര്‍ച്ചയ്ക്കായി ഒരാളെ മാത്രം നിയമിക്കില്ല. ഒരു സംഘത്തെ നിയമിക്കുന്നത് പരിഗണിക്കാമെന്നും ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി.
പൊതുജനങ്ങള്‍ മധ്യസ്ഥത ആഗ്രഹിക്കുന്നില്ല. അതൊരു വൃഥാശ്രമം മാത്രമാകുമെന്നും ഹിന്ദുമഹാസഭ അറിയിച്ചു. എന്നാല്‍ മധ്യസ്ഥതക്ക് ഉത്തരവിടുന്നതിന് മുമ്പ് എല്ലാ കക്ഷികളുടെയും സമ്മതം തേടേണ്ടതില്ലെന്ന് മുസ്‌ലിം കക്ഷികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ അറിയിച്ചു.

മധ്യസ്ഥതയുടെ ഫലത്തെക്കുറിച്ചു കോടതി വ്യാകുലപ്പെടുന്നില്ല. ഇതിനു രഹസ്യ സ്വഭാവം ഉണ്ടാകും. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും ജസ്റ്റിസ് ബോബ്‌ഡെ അറിയിച്ചു. കേസിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ മധ്യസ്ഥത ഉചിതമല്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ തുഷാര്‍ മേത്ത പറഞ്ഞു. ബാബറി കേസില്‍ സിവില്‍ നടപടിക്രമം 89 ാം വകുപ്പ് പ്രകാരം അധികാരമുപയോഗിച്ച് മധ്യസ്ഥതക്ക് മേല്‍നോട്ടം വഹിക്കുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്.
കേസിലെ രണ്ട് കക്ഷികളായ സുന്നി വഖഫ് ബോര്‍ഡും രാമക്ഷേത്രത്തെ അനുകൂലിക്കുന്ന നിര്‍മോഹി അഖാഡയും മധ്യസ്ഥതക്കുള്ള സന്നദ്ധത അറിയിച്ചു. എന്നാല്‍ ഹിന്ദുമഹാസഭ ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ മധ്യസ്ഥ ശ്രമത്തെ എതിര്‍ത്തു. ശ്രീശ്രീ രവിശങ്കറും ശങ്കരാചാര്യയും നേരത്തെ മധ്യസ്ഥശ്രമം നടത്തി പരാജയപ്പെട്ടതാണെന്നും ഇനി തങ്ങളില്ലെന്നും ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെയും വിഗ്രഹത്തിന്റെയും (മൂന്നാം കക്ഷി) അഭിഭാഷകര്‍ ബോധിപ്പിച്ചു.

എന്നാല്‍ സുപ്രീംകോടതിയാണ് ഇപ്പോള്‍ മധ്യസ്ഥതയ്ക്ക് പറയുന്നതെന്നും കോടതി അതിന് മേല്‍നോട്ടം വഹിക്കുമെന്നുമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇതിനോട് പ്രതികരിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്.