Web Desk

October 18, 2020, 3:00 am

ആയോധ്യ കഴിഞ്ഞു: ഇനി മഥുര

Janayugom Online

ർഎസ്എസ് നയിക്കുന്ന ബിജെപിയുടെ ഭരണം പരാജയമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു. നൽകിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയെന്ന് അവർ തന്നെ തെളിയിച്ചു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചെറുക്കാൻ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നു. സർക്കാരിന്റെ ജനദ്രോഹ നിഷ്ഠൂര നടപടികൾക്കെതിരെ സംഘടിക്കുകയും പൊരുതുകയുമാണ് നിലനിൽപ്പിനുള്ള ഏക വഴിയെന്ന്, കർഷകർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ, വനിതകൾ, ദളിതർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ തിരിച്ചറിഞ്ഞിരിക്കുന്നു. ആർഎസ്എസ് ബിജെപി മസ്തിഷ്ക്കങ്ങൾ ജനകീയ രോഷാഗ്നിയിലൂടെ നീന്തിക്കയറാനാകുമോ എന്ന പരീക്ഷണത്തിലാണ്. വിശ്വാസവും കെട്ടുകഥയും ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ഇതിനായി പദ്ധതി ഒരുക്കുന്നു. ഫാസിസ്റ്റ് ആശയങ്ങളിൽ സമർപ്പിതരായിരിക്കുന്ന തീവ്ര പിന്തിരിപ്പൻ ശക്തികളുടെ സിദ്ധാന്തവും പ്രായോഗിക പരിശീലന മുറയുമാണിത്. രാജ്യാന്തര തലത്തിൽ മുസ്സോളിനിയിൽ നിന്നും ഹിറ്റ്ലറിൽ നിന്നും ഫാസിസ്റ്റ് ആശയങ്ങൾ പഠിച്ചുവെങ്കിൽ ഇന്ത്യയിൽ ബ്രിട്ടീഷ് സമ്രാജ്യത്വമാണ് ആർഎസ്എസ് ബിജെപി നേതൃത്വത്തിന് ഗുരു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കുതന്ത്രത്തിന്റെ നേരവകാശികളാണവർ. രാമജന്മഭൂമി വിഷയം തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സംഘപരിവാർ വളരെ ഫലപ്രദമായി ഉപയോഗിച്ചു, പതിറ്റാണ്ടുകളോളം. 1992 ഡിസംബർ ആറിന് ബാബ്റി മസ്ജിദിന്റെ തകർച്ചയിലേയ്ക്ക് വഴിതെളിച്ചതും ഇതായിരുന്നു. സമാനരീതിയിലുള്ള വിഷപ്രയോഗങ്ങൾ അതത് അവസരങ്ങൾക്ക് അനുയോജ്യമായത് സംഘപരിവാർ ആവനാഴിയിൽ കരുതിയിട്ടുമുണ്ട്. രാജ്യത്ത് പ്രതിസന്ധി കനക്കുകയും ജനകീയ പ്രക്ഷോഭങ്ങൾ ഉയരുകയും ചെയ്യുമ്പോൾ ജനശ്രദ്ധ അകറ്റാനുതകുന്ന പുതിയ വിഷയങ്ങൾ അവർ തേടിക്കൊണ്ടേയിരിക്കുന്നു. ഉത്തർപ്രദേശിലെ മഥുര കേന്ദ്രീകരിച്ചുള്ള കൃഷ്ണജന്മഭൂമി വിവാദം ഇതിന്റെ ഫലമാണ്.

മഥുരയിൽ ശ്രീകൃഷ്ണ ജന്മഭൂമിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈദ്ഗാഹ് പള്ളി പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മഥുര കോടതി ഫയലിൽ സ്വീകരിച്ചിരിക്കുന്നു. കേസിൽ അടുത്ത 18ന് വാദം കേൾക്കുമെന്ന് ജഡ്ജി സാധന റാണി ഠാക്കൂർ അറിയിച്ചു. രജ്ഞന അഗ്നിഹോത്രിയും മറ്റ് ഏഴ് പേരും ചേർന്നാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ്, ഷാഹി മസ്ജിദ് ഈദ്ഗാഹ് ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവ സൻസ്ഥാൻ എന്നിവരാണ് കേസിലെ എതിർ കക്ഷികൾ. നേരത്തെ തന്നെ കാശിയിലെയും മഥുരയിലെയും മുസ്ലിം പള്ളികൾ സംഘപരിവാർ ലക്ഷ്യത്തിലുള്ളതാണ്. ബാബ്റി പള്ളി തകർത്ത ശേഷം കാശിയും മഥുരയും ബാക്കിയുണ്ട് എന്ന മുദ്രാവാക്യം സംഘപരിവാർ ഉയർത്തിയിരുന്നു.

2020 സെപ്റ്റംബറിലാണ് മഥുര കോടതിയിൽ ഷാഹി ഈദ്ഗാഹ് പള്ളി നിലകൊള്ളുന്ന 13.37 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉൾപ്പെടെ ആവശ്യപ്പെട്ടുകൊണ്ട് ഒരു ഹർജി നൽകിയത്. 1989ൽ ആയോധ്യയിലെ വിവാദഭൂമിയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് റാം ലല്ലാ വിരാജ്മാൻ സമർപ്പിച്ച ഹർജിയുടെ അതേ ചുവടുവച്ചായിരുന്നു ഇതും. ഇതിനാവശ്യമായ പദ്ധതികൾ മെനഞ്ഞത് മഥുരയിലെ മഠം കേന്ദ്രീകരിച്ചായിരുന്നു. ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാനാണ് ഹർജി നൽകിയത്. ഏതോ ഒരിടത്തെ ഭൂമിയുടെ ഉടമസ്ഥതയ്ക്കായി ആരോ നൽകിയ ഹർജിയെന്ന് കരുതി അവഗണിക്കാമെന്ന് തോന്നിയേക്കാം. എന്നാൽ ഇന്ത്യയുടെ മതേതര മനസാക്ഷിക്ക് ഇങ്ങനെ ചിന്തിക്കാനാവില്ല. 2019ലെ അയോധ്യ വിധി മഥുര കോടതിയിലെ ഹർജിക്കു പിന്നിലുള്ളവരെ നിശ്ചയമായും പ്രചോദിപ്പിച്ചിട്ടുണ്ടാകും. രാജ്യത്ത് നിരവധി സ്ഥലങ്ങളിൽ വിവിധങ്ങളായ ആരാധാനാലയങ്ങളുമായി ബന്ധപ്പെട്ട് നീണ്ടുനിൽക്കുന്ന നിയമപോരാട്ടങ്ങളുടെ ആരംഭവുമാകുമിത്. മതവും വിശ്വാസവും രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന ശക്തികൾക്കെതിരെ രാജ്യത്തെ മതേതര ശക്തികൾ ജാഗ്രതയോടെ കരുതിയിരിക്കേണ്ടിയിരിക്കുന്നു.

ആരാധാനലയങ്ങൾ കേന്ദ്രീകരിച്ചുള്ള വിവാദങ്ങൾ സംഘപരിവാറിന് രഹസ്യ പദ്ധതിയല്ല. രാജ്യത്തെ വിവിധ ഇടങ്ങളിൽ ഇതര മതസ്ഥാപനങ്ങളുടെ മേൽ ഉടമസ്ഥാവകാശം അയോധ്യ മാതൃകയിൽ നേടിയെടുക്കാനുള്ള ഉദ്ദേശം അവർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. ഞങ്ങൾ നിർമ്മിക്കും ഹിന്ദുരാഷ്ട്രം എന്ന യുദ്ധവെറി പൂണ്ട മുദ്രാവാക്യം മുഴക്കിയായിരുന്നല്ലോ സംഘപരിവാർ ബാബ്റിമസ്ജിദ് തച്ചുടച്ചത്. കാശിയും മധുരയും ബാക്കിയാണെന്നും അവർ അലറിവിളിച്ചിരുന്നു. അയോധ്യാ പ്രചാരണവേളയിലുടനീളം ആർഎസ്എസും പരിവാറും ക്ഷേത്രങ്ങൾ തകർത്തുനിർമ്മിച്ചതെന്ന് ആരോപിച്ച് വീണ്ടെടുക്കേണ്ട വിവിധ മുസ്ലിം പള്ളി­കളുടെ വിവരങ്ങൾ ഒരുക്കുകയായിരുന്നു. നിലയ്ക്കാത്ത മതവൈരത്തിന്റെ വിത്തുകൾ വിതയ്ക്കാനും വളർത്താനുമുള്ള ആർഎസ്എസ് മസ്തിഷ്ക്കത്തിന്റെ തന്ത്രങ്ങളാണിതെല്ലാം.

സംഘപരിവാറിന്റെ ഉദ്ദേശം വ്യക്തമാണ്. ജനം വർത്തമാന പ്രതിസന്ധിയുടെയും ജീവിത ദുരിതത്തിന്റെയും കാരണങ്ങൾ തേടിയിറങ്ങരുത്. ഭരണകൂടത്തിനെതിരെ ആളുന്ന പ്രക്ഷോഭങ്ങൾ അവസാനിക്കണം. മത തീവ്രവാദത്തിന്റെ വിജയമാണല്ലോ ബിജെപിയെ രാഷ്ട്രീയ അധികാരത്തിലെത്തിച്ചത്. 2019ലെ അയോധ്യാ വിധി നിയമപോരാട്ടത്തിന്റെയും സമ്മർദ്ദത്തിന്റെയും വഴി തേടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മഥുരയിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപമുള്ള ഈദ്ഗാഹ് പള്ളി മാറ്റണമെന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ ഹർജി ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ്. അവരിപ്പോൾ വിശ്വാസത്തിന്റെ കാര്യത്തിൽ കോടതിയ്ക്കെന്തു കാര്യമെന്ന് ചോദിക്കുന്നു. 1968ലെ കരാറിനു നേരെ കണ്ണടയ്ക്കാനും അവരുടേതായി കാരണങ്ങൾ കണ്ടെത്തിയിരിക്കുന്നു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുള്ള 1991ലെ ചട്ടം ചോദ്യംചെയ്യുന്നുമുണ്ട് ഇപ്പോൾ സംഘപരിവാർ. 1947 ഓഗസ്റ്റ് 15ന് എന്തായിരുന്നോ അതേ സ്വഭാവത്തിൽ ആരാധനാലയങ്ങൾ നിലനിലനിർത്തണമെന്ന് ഈ ചട്ടം വ്യവസ്ഥ ചെയ്യുന്നു. അപവാദം അയോധ്യ മാത്രമായിരുന്നു. അലഹബാദ് കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പരാതി കാരണമായിരുന്നു അത്.

കൂട്ടായ തീരുമാനങ്ങളെയും യോജിപ്പുകളെയും മതതീവ്രവാദികൾ കോടതിയിലുൾപ്പെടെ ചോദ്യം ചെയ്യുകയാണ്. ഈ പണ്ടാരപ്പെട്ടി തുറക്കുന്നതിന്റെ അപകടം നീതിവ്യവസ്ഥ തിരിച്ചറിയണം. കേന്ദ്രത്തിലും ഉത്തർപ്രദേശിലുമുള്ള ഭരണകൂടം തങ്ങളുടെ പരമപ്രധാന ധർമ്മം ഭരണഘടനാ ബാധ്യത ഉയർത്തിപ്പിടിക്കുകയാണെന്ന് തിരിച്ചറിയണം. അതിനായി വേണ്ട ഉത്തരവാദിത്തവും കാട്ടണം. അവരുടെ ഒന്നാമത്തെ ചുമതല മതനിരപേക്ഷത സംരക്ഷിക്കുക തന്നെയാണ്.