അയോധ്യാവിധി: മതേതരത്വത്തെയും നീതിനിർവ്വഹണത്തെയും സംബന്ധിച്ച ആശങ്കകൾ

Web Desk
Posted on November 16, 2019, 10:32 pm

ഡി രാജ

അയോധ്യയിലെ ബാബറി മസ്ജിദ് — രാമജന്മഭൂമി തർക്കം സംബന്ധിച്ച സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നിരവധി ചോദ്യങ്ങളും ആശങ്കകളുമാണ് ജനങ്ങൾക്ക് മുന്നിൽ ഉയർത്തിയിരിക്കുന്നത്. ആദ്യം ബിജെപി ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധി ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വിജയമായി കണക്കാക്കരുതെന്ന് അഭ്യർഥിച്ചിരുന്നു. അത് നല്ലതുതന്നെ. എന്നാൽ വസ്തുതകൾ പൂർണ്ണമായും വ്യത്യസ്തമാണെന്ന് വിധിയുടെ ആന്തരികതലങ്ങളെ പരിശോധിക്കുമ്പോൾ വ്യക്തമാകും. സർക്കാരിലുള്ളവരടക്കം നിരവധി മുതിർന്ന ബിജെപി നേതാക്കളും ആർഎസ്എസുമായി ബന്ധമുള്ള സംഘടനയുടെ നേതാക്കളും അവരുടെ വിജയമാണെന്ന് തോന്നിപ്പിക്കുന്ന പ്രസ്താവനകളാണ് നടത്തിയിരിക്കുന്നത്. മറുവശത്ത്, മതേതരത്വത്തെയും നീതിനിർവ്വഹണത്തെയും കുറിച്ച് പ്രതിജ്ഞാബദ്ധരായ ആളുകൾ ഈ വിധിയുടെ അനന്തരഫലത്തെ സംബന്ധിച്ച് അവരുടെ ഉൽക്കണ്ഠയും വേദനയും പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രമുഖ ചരിത്രകാരന്മാരും നീതിന്യായരംഗത്തെ സമുന്നതവ്യക്തിത്വങ്ങളും പണ്ഡിതന്മാരും പരസ്യമായി പ്രതികരിക്കുകയും എങ്ങനെയാണ് ചരിത്രവസ്തുതകൾക്കും തെളിവുകൾക്കും മീതെ വിശ്വാസത്തെ പ്രതിഷ്ഠിക്കപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുമുണ്ട്.

1949 ൽ പള്ളിക്കകത്ത് വിഗ്രഹങ്ങൾ കൊണ്ടിട്ടതും 1992 ൽ ബാബറി മസ്ജിദ് തകർത്തതും നിയമത്തിന്റെ കടുത്ത ലംഘനമാണെന്ന് പരമോന്നത കോടതി അംഗീകരിക്കുന്നുണ്ട്. 450 വർഷം പഴക്കമുള്ള വെറുമൊരു കെട്ടിടം തകർത്തുവെന്നതിനപ്പുറം വിവിധ സമുദായങ്ങൾ തമ്മിൽ വിദ്വേഷം വളർത്തുന്നതിനുള്ള കൃത്യമെന്ന നിലയിൽ ആ സംഭവത്തിലെ കുറ്റകൃത്യത്തിന്റെ വ്യാപ്തി പരമോന്നത കോടതി വിധിയിൽ അഭിമുഖീകരിക്കേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല. മഹാത്മാഗാന്ധിയുടെ വധത്തിന് ശേഷം ഇന്ത്യ നേരിട്ട വലിയ ദുരന്തമായിരുന്നു ബാബറി മസ്ജിദിന്റെ തകർച്ചയെന്ന, മുൻ രാഷ്ട്രപതി പരേതനായ കെ ആർ നാരായണന്റെ വാക്കുകൾ ഇവിടെ ഓർക്കേണ്ടതാണ്.

യഥാർഥത്തിൽ അയോധ്യവിഷയത്തെ സംബന്ധിച്ച നീതിനിർവ്വഹണത്തിൽ ഈ വിധിന്യായം പരാജയപ്പെടുകയാണുണ്ടായത്. ധാർമ്മികത, സമത്വം, നീതിവ്യവസ്ഥ, ഭരണഘടന എന്നിവയുടെ യുക്തിയെ കുറിച്ച് ഈ വിധിന്യായം നിരവധി ചോദ്യങ്ങൾ അവശേഷിപ്പിക്കുകയും ചെയ്യുന്നു. നിയമവിരുദ്ധമായി പൊളിച്ചതിനെ നിയമപരമാക്കുകയും എന്ത് ഉദ്ദേശ്യത്താലാണോ പൊളിക്കൽ നടത്തിയത് അത് പൂർത്തീകരിക്കുന്നതിന് പ്രസ്തുത ഭൂമി അവർക്കുതന്നെ നൽകണമെന്ന് സർക്കാരിന് നിർദ്ദേശം നൽകുകയുമാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്. പള്ളി പണിയുന്നതിന് അഞ്ച് ഏക്കർ ഭൂമി നൽകുന്നതിനും വിധിയിലൂടെ സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുന്നു. മതേതരത്വം ഉയർത്തിപ്പിടിക്കുന്ന നിലവിലുള്ള ഭരണഘടനയ്ക്കു കീഴിൽ നീതിപീഠത്തിന്റെയും ഭരണകൂടത്തിന്റെയും കർത്തവ്യമെന്താണെന്ന ചോദ്യം ഇതിലൂടെ ഉന്നയിക്കപ്പെടുന്നുണ്ട്. നമ്മുടെ ഭരണഘടന, അതിന്റെ പ്രധാന ഉപജ്ഞാതാവ് ഡോ. ബി ആർ അംബേദ്കർ എല്ലാം — ഭരണകൂടങ്ങൾ എല്ലാ വിശ്വാസങ്ങൾക്കുമുപരിയായി നിഷ്പക്ഷമായി നിൽക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. ഭരണഘടന അനുശാസിക്കുന്ന സ്വതന്ത്ര തർക്ക പരിഹാര സ്ഥാപനമെന്ന നിലയിൽ നീതിപീഠത്തിനും ഇത് ബാധകമാണ്.

ബാബറി മസ്ജിദ് മാറ്റിസ്ഥാപിക്കുന്നതിന് അയോധ്യയിൽ എവിടെയെങ്കിലും അഞ്ചേക്കർ ഭൂമി നൽകണമെന്ന നിർദ്ദേശം വ്യംഗ്യാർഥത്തിൽ പള്ളി നിലനിന്നിരുന്നുവെന്നതിന്റെ അംഗീകാരമാണ്. അതിനാകട്ടെ ചരിത്രത്തിന്റെയും പുരാവസ്തുപരമായ കണ്ടെത്തലിന്റെയും പിൻബലവുമുണ്ട്. വാദംകേൾക്കുന്നതിന്റെ ആദ്യഘട്ടത്തിൽ പരമോന്നത കോടതി ആൾക്കൂട്ട ആവേശവും ഭൂരിപക്ഷ മനോഭാവവുമല്ല നിയമപരമായ കാരണങ്ങളും ഭരണഘടനയുമാണ് പരിഗണിക്കുകയെന്ന് ഭംഗ്യന്തരേണ സൂചിപ്പിച്ചിരുന്നതുമാണ്. എന്നാൽ നവംബർ ഒമ്പതിന് വിധി പ്രഖ്യാപിക്കുമ്പോൾ സുപ്രീംകോടതി വിധിക്കുമേൽ വിശ്വാസത്തെ പരിഗണിക്കുന്നതായാണ് തോന്നിയത്. അവ്യക്തമായ വിട്ടുവീഴ്ചാ നിലപാടിന് പകരം സുപ്രീംകോടതി അതിന്റെ വിധിന്യായത്തിൽ വ്യക്തമായ വസ്തുതകളും നീതിപരമായ പ്രഖ്യാപനങ്ങളുമാണ് ഉപയോഗിക്കേണ്ടിയിരുന്നത്.

രാജ്യത്തെ മറ്റു നിയമ സ്ഥാപനങ്ങൾക്കായി തെറ്റായ ചില കീഴ്വഴക്കങ്ങൾ ഈ വിധിയിലൂടെ പരമോന്നത കോടതി സ്ഥാപിച്ചുവയ്ക്കുന്നുണ്ട്. സമാനമായ തർക്കങ്ങളിൽ ഇതിന് സമാനമായ വിധിയുണ്ടാകണമെന്ന ആവശ്യവുമായി ഹിന്ദുത്വ സാമുദായിക ശക്തികൾ ഈ വിധിയെ ദുരുപയോഗം ചെയ്യുന്നതിനുള്ള സാധ്യതകളാണത്. ഇന്ത്യയിലെ മതേതര ജനവിഭാഗങ്ങൾക്കിടയിൽ സാമുദായിക ധ്രുവീകരണത്തിനുള്ള പ്രചോദനമായി അവർക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ഒരു വിവാദപേടകമായി ഉപയോഗിക്കാനും സാധിക്കും. എന്നിരുന്നാലും 1991 ൽ പാർലമെന്റ് അംഗീകരിച്ച ആരാധനാ സ്ഥലങ്ങൾ സംബന്ധിച്ച നിയമം വിധിയിലൂടെ അംഗീകരിക്കുന്നുമുണ്ട്.

സിപിഐ മുൻ ജനറൽ സെക്രട്ടറി സി രാജേശ്വർ റാവു 1990 ഫെബ്രുവരി 14ന് ഇപ്രകാരം പറയുകയുണ്ടായി: ‘വിവാദം സൗഹാർദ്ദപരമായി പരിഹരിക്കാൻ സാധിക്കുന്നില്ലെങ്കിൽ മുഴുവൻ സ്ഥലവും ചരിത്ര സ്മാരകമായി സംരക്ഷിക്കുന്നതിന് പുരാവസ്തു വകുപ്പിന് കൈമാറണം. മതങ്ങളുടെ ഭൂമിയുമായി ബന്ധപ്പെട്ട മറ്റെല്ലാ തർക്കങ്ങളും സംബന്ധിച്ച് 1947 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യം നേടുമ്പോൾ എന്തായിരുന്നോ അവസ്ഥ തൽസ്ഥിതി നിലനിർത്തണം. എന്നാൽ തീർപ്പാകാതെ കിടക്കുന്ന കേസുകൾ അലഹബാദ് ഹൈക്കോടതിയിലേയ്ക്ക് മാറ്റിയപ്പോൾ ഉത്തർപ്രദേശ് സർക്കാരും മറ്റു പാർട്ടികളും കോടതി വിധി അംഗീകരിക്കുമെന്ന് സമ്മതിച്ചിരുന്നതാണ്. നമ്മുടെ പാർട്ടിയും ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നിരുന്നാലും മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളിലും 1947 ഓഗസ്റ്റ് 15 ന്റെ തൽസ്ഥിതി തുടരണമെന്ന നിലപാട് ആവർത്തിക്കുന്നു’.

ക്ഷേത്രവും പള്ളിയും പണിയുന്നതിന് ട്രസ്റ്റ് രൂപീകരിക്കണമെന്ന് സർക്കാരിന് ഉത്തരവ് നൽകിയത് മതേതരത്വം, സമത്വം എന്നിങ്ങനെയുള്ള ഭരണഘടനാ തത്വങ്ങൾക്കു വിരുദ്ധവുമാണ്. ഡോ. അംബേദ്കറും മറ്റു സ്വാതന്ത്ര്യസമരനേതാക്കളും രാഷ്ട്രീയരംഗം മതങ്ങളുമായി തുല്യ അകലം പാലിച്ചിരിക്കണമെന്ന് നിർദ്ദേശിച്ചിരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്. ബന്ധപ്പെട്ട കക്ഷികളുടെ പേര് പരാമർശിക്കുന്നതിന് പകരം വ്യവസ്ഥാപിതമായ നീതിന്യായ നടപടിക്രമങ്ങളും നിയമസംഹിതയുടെ തത്വങ്ങളും ലംഘിച്ചുകൊണ്ട് വിധിയിൽ ഹിന്ദു, മുസ്ലിം എന്നീ പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ധ്രുവീകരണ അജണ്ടയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടയിൽ ആർഎസ്എസ് നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലെ ബിജെപി സർക്കാർ ജനങ്ങളുടെ ഉപജീവനമാർഗ്ഗം, വികസനം, സാമ്പത്തിക വളർച്ച എന്നിങ്ങനെയുള്ള യഥാർത്ഥ വിഷയങ്ങൾ അഭിമുഖീകരിക്കുന്നതിൽ തുടർച്ചയായി പാരജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. തൊഴിൽ, പണപ്പെരുപ്പം തുടങ്ങിയ ബഹുജന പ്രശ്നങ്ങൾ എല്ലായ്പ്പോഴും വലതുപക്ഷ അജണ്ടയ്ക്ക് പുറത്താണ് നിലക്കൊള്ളുന്നത്. അതിന് പകരം യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനും ഭൗതിക താൽപ്പര്യങ്ങൾക്കായും സാമുദായിക പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരികയാണ് അവർ ചെയ്യുന്നത്. ഇപ്പോഴും അതിൽ വ്യത്യാസമില്ല. ആർഎസ്എസ്-ബിജെപി കൂട്ടുകെട്ട് സമൂഹത്തിൽ വർഗത്തിന്റെയും വംശത്തിന്റെയും പേരിൽ വിള്ളലുണ്ടാക്കി മുതലെടുക്കുകയാണ്. സ്വന്തം നേട്ടത്തിനായി എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങളുമായി ആൾക്കൂട്ടങ്ങൾക്കു മുന്നിൽ പ്രച്ഛന്നവേഷം കെട്ടുകയും ചെയ്യുന്നു.

ബാബറി മസ്ജിദ് തകർക്കപ്പെടുകയും അതേതുടർന്ന് വ്യാപിച്ച അക്രമം അരങ്ങേറുകയും ചെയ്തതിന് കാരണക്കാരായ കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള പ്രഖ്യാപനമായും വിധിയെ സമീപിക്കാവുന്നതാണ്. ആക്രമണകാരികൾക്ക് ഭൂമി നൽകുന്നതിലൂടെ വലതുപക്ഷ സാമുദായിക ശക്തികളുടെ നിലപാടുകൾക്ക് ധൈര്യം പകരുകകൂടിയാണ് ചെയ്യുന്നത്.

ഇതിന്റെയെല്ലാം വെളിച്ചത്തിൽ, എല്ലാ മതേതര വിശ്വാസികളും സ്വാതന്ത്ര്യ സ്നേഹികളും സ്വാതന്ത്ര്യപോരാട്ടത്തിന്റെയും ഭരണഘടനയുടെയും മതേതരത്വത്തിന്റെയും മൂല്യങ്ങൾ സംരക്ഷിക്കുന്നിന് ഒറ്റക്കെട്ടായി മുന്നോട്ടുവരേണ്ടതുണ്ട്. ബിജെപി സർക്കാരിന്റെ ജനവിരുദ്ധ സ്വഭാവം തുറന്നുകാട്ടുകയെന്നതും ബിജെപി, ആർഎസ്എസ് സഖ്യം വിവിധ വിഭാഗങ്ങൾക്കിടയിൽ എങ്ങനെയൊക്കെയാണ് സാമുദായിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നതും അടിയന്തര കടമയായിക്കണ്ട് എല്ലാ വിഭാഗമാളുകളും രംഗത്തിറങ്ങേണ്ടതുണ്ടെന്നാണ് സിപിഐയുടെ നിലപാട്.