അയോധ്യ ഹര്‍ജിക്കാരന്‍ ഇഖ്ബാല്‍ അന്‍സാരിക്ക് നേരെ രാജ്യാന്തര വനിതാ ഷൂട്ടിങ് താരത്തിന്റെ ആക്രമണം

Web Desk
Posted on September 04, 2019, 2:33 pm

ലഖ്‌നൗ: ബാബറി മസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലെ മുഖ്യ ഹര്‍ജിക്കാരന്‍ ഇഖ്ബാല്‍ അന്‍സാരിക്കു നേരെ ആക്രമണം. രാജ്യാന്തര വനിതാ ഷൂട്ടിങ് താരം വര്‍തിക സിങ് എന്ന് പരിചയപ്പെടുത്തിയ യുവതിയാണ് ഇഖ്ബാലിന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്.
അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരാണ് ഇഖ്ബാലിനെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയതായി ഇഖ്ബാല്‍ പറഞ്ഞു. ഇന്റര്‍നാഷനല്‍ ഷൂട്ടര്‍ ആണെന്ന് അവകാശപ്പെട്ട് വര്‍തിക സിങ് എന്ന സ്ത്രീയും ഒരു പുരുഷനുമാണ് ആക്രമിച്ചതെന്ന് ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു.
വീട്ടിലേക്ക് പ്രവേശിച്ചയുടന്‍ മുത്വലാഖ്, രാമക്ഷേത്രം എന്നീ വിഷയങ്ങളെ കുറിച്ച് രണ്ടുപേരും സംസാരിച്ചു തുടങ്ങി. രാമക്ഷേത്ര നിര്‍മ്മാണം വൈകാന്‍ കാരണം താനാണെന്ന് പറഞ്ഞ് വര്‍തിക ആക്രമിക്കുകയായിരുന്നു ഇഖ്ബാല്‍ പറഞ്ഞു. വര്‍തികയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും പൊലിസ് അറസ്റ്റ്‌ചെയ്തതായി അയോധ്യ എസ്പി വിജയ്പാല്‍ സിങ് അറിയിച്ചു.
ബാബരി മസ്ജിദ് കേസില്‍ നിയമപോരാട്ടത്തിന് തുടക്കമിട്ട ഫൈസാബാദ് സ്വദേശി ഹാഷിം അന്‍സാരിയുടെ മകനാണ് ഇഖ്ബാല്‍ അന്‍സാരി.
സംസ്ഥാനത്ത് യോഗി ആദിത്യനാഥ് അധികാരത്തിലേറിയതിന് പിന്നാലെ ഇഖ്ബാല്‍ അന്‍സാരിയുടെ സുരക്ഷ വെട്ടിക്കുറച്ചിരുന്നു. ബാബറി മസ്ജിദ് കേസില്‍ സുന്നി വഖ്ഫ് ബോര്‍ഡിന് വേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന് വധഭീഷണി ഉയര്‍ന്നതിന്റെ പിന്നാലെയാണ് ഇഖ്ബാല്‍ അന്‍സാരിക്കു നേരെ ആക്രമണമുണ്ടായിരിക്കുന്നത്.