അയോധ്യ: മധ്യസ്ഥശ്രമം പരാജയപ്പെട്ടു

Web Desk
Posted on August 02, 2019, 10:37 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അയോധ്യ വിഷയത്തില്‍ മധ്യസ്ഥശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് ഓഗസ്റ്റ് ആറ് മുതല്‍ എല്ലാ ദിവസവും കേസില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
മധ്യസ്ഥത അയോധ്യ വിഷയത്തില്‍ യാതൊരുവിധ തീരുമാനവും ഉണ്ടാക്കിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. ആറ് മിനിറ്റ് മാത്രമാണ് കോടതി വാദം കേട്ടത്.
ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുക. ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരാണ് ബെഞ്ചില്‍ ഉള്‍പ്പെടുന്നത്.

കഴിഞ്ഞ ദിവസം മൂന്നംഗ മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മുന്‍ സുപ്രീംകോടതി ജഡ്ജി എഫ്എംഐ ഖലിഫുള്ള, ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവര്‍ ഉള്‍പ്പെടുന്നതാണ് മധ്യസ്ഥ സമിതി. മാര്‍ച്ച് എട്ടിനായിരുന്നു കേസിലെ കക്ഷികളുമായി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തി അയോധ്യാവിഷയം പരിഹരിക്കാന്‍ സുപ്രീംകോടതി സമിതിയെ ചുമതലപ്പെടുത്തിയത്.

അയോധ്യ ഭൂമി തര്‍ക്കത്തില്‍ അലഹബാദ് ഹൈക്കോടതി 2010 സെപ്റ്റംബര്‍ 30 ന് വിധി പ്രസ്താവിച്ചിരുന്നു. തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച് സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല എന്നിവര്‍ക്ക് നല്‍കാനായിരുന്നു ഉത്തരവ്. ഇതിനെതിരെ 14 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. 2011 മെയ് മാസത്തില്‍ സുപ്രീംകോടതി ഹൈക്കോടതിയുടെ തീരുമാനം സ്റ്റേ ചെയ്യുകയും തര്‍ക്കസ്ഥലത്ത് തല്‍സ്ഥിതി തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

155 ദിവസം നീണ്ടുനിന്ന അനുരഞ്ജന ശ്രമങ്ങള്‍ ഒടുവില്‍ ഫലമില്ലാതെ അവസാനിക്കുകയായിരുന്നു. തങ്ങളുടെ കഴിവ് അനുസരിച്ച് പരമാവധി ശ്രമിച്ചെന്ന് മധ്യസ്ഥസമിതി കോടതിയെ അറിയിച്ചു. എന്നാല്‍ ചില പാര്‍ട്ടികള്‍ മധ്യസ്ഥതയ്ക്ക് തയ്യാറായില്ലെന്ന് ഇവര്‍ കോടതിയില്‍ ബോധിപ്പിച്ചു.

തര്‍ക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാമെന്ന കോടതിയുടെ നിര്‍ദ്ദേശം കേസിലെ പ്രധാന മുസ്ലീം കക്ഷിയായ സുന്നി വഖഫ് ബോര്‍ഡ് അംഗീകരിച്ചെങ്കിലും രാം ലല്ല ഉള്‍പ്പെടെ ഒട്ടുമിക്ക ഹിന്ദുകക്ഷികളും മധ്യസ്ഥ ശ്രമങ്ങളെ എതിര്‍ത്തു. അതേസമയം ഹിന്ദു സംഘടനയായ നിര്‍മോഹി അഖാര മധ്യസ്ഥ ശ്രമങ്ങളെ അനുകൂലിക്കുകയും ചെയ്തു.

ഓഗസ്റ്റ് ആറിന് തുടങ്ങുന്ന വാദം പൂര്‍ത്തിയാകുന്നതുവരെ ദിവസവും കക്ഷികളെ കേള്‍ക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. മുസ്ലീം സംഘടനയ്ക്ക് വേണ്ടി ഹാജരായ രാജീവ് ധവാന്‍ വാദം കേള്‍ക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വാദം കേള്‍ക്കുന്ന സമയത്ത് പരിഗണിക്കാം എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.