അയോധ്യ: വിശ്വാസത്തിന് അതീതമായി തെളിവുകള്‍ ആവശ്യമില്ലെന്ന് രാം ലല്ല

Web Desk
Posted on August 14, 2019, 9:56 pm

അയോധ്യ: അയോധ്യ കേസില്‍ വിശ്വാസത്തിന് അതീതമായി തെളിവുകള്‍ ആവശ്യമില്ലെന്ന് കേസിലെ കക്ഷിയായ രാം ലല്ല വിരാജ്മാന്‍ സുപ്രീം കോടതിയില്‍. ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യതന്നെ ഒരു ക്ഷേത്രമാണെന്നും അതുകൊണ്ട് മറ്റാര്‍ക്കും അവകാശമില്ലെന്നും രാം ലല്ല വിരാജ്മാനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിഎസ് വൈദ്യനാഥന്‍ കോടതിയെ അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രം നിര്‍മ്മിക്കുന്ന 2.77 ഏക്കര്‍ സ്ഥലത്തിന് മുസ്ലിങ്ങള്‍ക്ക് അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. ഹിന്ദുക്കളും മുസ്ലിങ്ങളും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിക്കുന്നുണ്ട്. ഇരുകൂട്ടര്‍ക്കും സംയുക്തമായ അവകാശമാണ് ഭൂമിയുടെ കാര്യത്തിലുള്ളത്. അതുകൊണ്ടുതന്നെ മുസ്ലിങ്ങളെ പുറത്താക്കാന്‍ കഴിയില്ലെന്ന് കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ജനങ്ങളുടെ വിശ്വാസം അനുസരിച്ച് അയോധ്യ ഒരു ആരാധനാ വിഗ്രഹമാണ്. 1500 കളിലാണ് ബാബറി മസ്ജിദ് നിര്‍മ്മിച്ചത്. അതിന്റെ ഫലമായി ജനങ്ങളുടെ വിശ്വാസങ്ങളില്‍ മാറ്റം വരില്ലെന്നും വൈദ്യനാഥന്‍ കോടതിയെ അറിയിച്ചു. മുമ്പ് വാദത്തിനിടെ വിശ്വാസമാണ് തങ്ങളുടെ കയ്യിലുള്ള തെളിവെന്ന് രാം ലല്ല സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അതേസമയം മറ്റൊരു കക്ഷിയായ നിര്‍മോഹി അഖാഡ തങ്ങളുടെ തെളിവുകള്‍ മോഷണം പോയെന്നും അറിയിച്ചിരുന്നു.