October 4, 2022 Tuesday

അയോധ്യയിലെ കാർമ്മികന്മാർ

Janayugom Webdesk
August 7, 2020 3:15 am

”ശ്വ: ശ്വ: പാപീയ ദിവസാ പൃഥ്വീ ഗതചേതനാ ദുസ്സഹമായ ദുഷ്കാലത്തെ കുറിച്ച് ചിന്തിക്കുമ്പോൾ വേദവ്യാസന്റെ ഈ ദശാ പരിവർത്തന ചിത്രീകരണം നമ്മുടെ സ്മൃതിപഥത്തിൽ പലപ്പോഴും തികട്ടി വരുന്നു. ‘ഇനി നമ്മുടെ മുമ്പിൽ പാപപങ്കിലമായ ദിവസങ്ങളാണ്: ഭൂമിയാകട്ടെ ജീവസറ്റു കിടക്കുന്നു.’ ഇതാണ് ഉദ്ധരിച്ച വ്യാസസൂക്തത്തിന്റെ അർത്ഥം.

ഇന്ത്യാ രാജ്യം ഇപ്പോൾ കടന്നുപോകുന്നത് ഈവിധമുള്ള ഒരു വസുന്ധരാദശയിൽ കൂടിയാണ്. ഏത് മതമാണ് ഉൽകൃഷ്ടം എന്ന് സ്ഥാപിക്കുവാൻ ഒരാഴ്ച കൊണ്ട് ഇവിടെ ഏതാണ്ട് മൂവായിരം പേരെ കൊല ചെയ്തു.” 1992ഡിസംബർ ആറാം തീയതിയിലെ കറുത്ത നട്ടുച്ചയ്ക്ക് ശേഷം ഇന്ത്യയുടെ മാർത്തടത്തിൽ ചോരപ്പുഴകൾ ഒഴുകിയപ്പോൾ, കബന്ധങ്ങൾ നിറഞ്ഞപ്പോൾ ഹൃദയവ്യഥയോടെ സഖാവ് ബാലറാം എഴുതിയ ‘ഒന്ന് നിൽക്കൂ, ഒരുനിമിഷം ഗാന്ധിജിയെ ഓർക്കൂ’ എന്ന കുറിപ്പിലെ വരികളാണിത്. ആ കറുത്ത നട്ടുച്ചയുടെ ആവർത്തനം ആയിരുന്നു ഈ ഓഗസ്റ്റ് അഞ്ചിലെ നട്ടുച്ചയ്ക്ക് ’ മതേതര ഇന്ത്യ’ കണ്ടത്. മോഹൻ ഭാഗവത് മോഡിയെ ഇരുത്തി പ്രസംഗിച്ചത് ആർഎസ്എസിന്റെ ലക്ഷ്യം സഫലമായി എന്നാണ്. മോഡി ഈ ദിനം രണ്ടാം സ്വാതന്ത്ര്യദിനമാണെന്നും നൂറ്റി മുപ്പത് കോടി ഇന്ത്യക്കാർ ഇന്ന് ആത്മാഭിന പുളകിതരാവുന്നുവെന്നുമാണ് പറഞ്ഞത്.

130 കോടി ഇന്ത്യക്കാരുടെ അഭിപ്രായം താൻ പറയുന്നതാണ് എന്ന് പ്രഖ്യാപിക്കുമ്പോൾ ഏകാധിപതിയുടെ സ്വരം നാം വീണ്ടും കേൾക്കുന്നു. ദേശീയതയുടെ അടയാളമാണ് ഉയരാൻ പോകുന്ന രാമക്ഷേത്രം എന്ന് കൂടി മോഡി പ്രഖ്യാപിച്ചു. സംഘപരിവാറിന്റെ അധമ ദേശീയതാവാദത്തിനായി രാമനെയും ഒരു ഉപകരണമാക്കുന്ന കൗശലം മോഡി അതിവിദഗ്ധമായി നടപ്പിൽ വരുത്തുകയായിരുന്നു പണ്ഡിറ്റ് നെഹ്റുവിനെ പോലെ ഉന്നത മതനിരപേക്ഷ ചിന്തകർ ഇരുന്ന പ്രധാനമന്ത്രി കസേരയിലാണ് പരികർമി മോഡിയും ഇന്ന് ഇരിക്കുന്നത്. കേഴുക ഭാരത ധരേ എന്ന് വിലപിക്കാനേ നിർവാഹമുള്ളൂ. 1949 ഡിസംബർ 28ന് രാത്രിയുടെ മറവിൽ ബാബറി പള്ളിയ്ക്കുള്ളിൽ രാമവിഗ്രഹം കൊണ്ടുവച്ചു വർഗീയ തീപ്പൊരി വിതറാൻ ശ്രമിച്ച കാലത്ത് നെഹ്റു പറഞ്ഞ വാക്യങ്ങൾ കൂടുതൽ കൂടുതൽ പ്രസക്തമാവുകയാണ്. നെഹ്റു അന്ന് പറഞ്ഞത് ഇങ്ങനെ: ‘അത് തർക്കഭൂമിയാണ്. അതിന്റെ വാതിലുകൾ അടയ്‌ക്കൂ. എന്നിട്ട് അതിന്റെ താക്കോൽ രാമൻ മുങ്ങി താണ സരയു നദിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിയൂ, ഇനി ഒരിക്കലും അത് തുറക്കാൻ പാടില്ല. പക്ഷെ നെഹ്‌റുവിന്റെ ഉയർന്ന മതനിരപേക്ഷ ബോധം പിൻഗാമികൾക്ക് ഉണ്ടായില്ല.

ഇനി ഒരിക്കലും തുറക്കരുത്, രാമൻ മുങ്ങി താണ സരയൂ നദിയിലേക്ക്, അതിന്റെ ആഴങ്ങളിലേക്ക് താക്കോൽ വലിച്ചെറിയൂ എന്ന് പറഞ്ഞ വലിയ മനുഷ്യന്റെ ചെറുമകൻ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയപ്പോൾ കർസേവ പടയാളികൾക്കായി, ശിലാന്യാസം നടത്താൻ നെഹ്റു പൂട്ടിയിട്ട ഭൂമി തുറന്നു കൊടുത്തു. ഇതാണ് കോൺഗ്രസിന്റെ മതനിരപേക്ഷാ ഫലിതം. മോഡിയെ വാഴ്ത്തുന്ന, രാമനെ ആത്മ സമർപ്പണം ചെയ്ത് സ്തുതിക്കുന്ന കോൺഗ്രസുകാരുടെ പേരിൽ ആശ്ചര്യപെടുന്നതിൽ അർത്ഥമില്ല. ആ രാഷ്ട്രീയ ചതുരംകളിയിൽ കോൺഗ്രസിന്റെ ജുഗുപ്സാവഹ രാഷ്ട്രീയത്തിന്റെ നേരും നെറികളും കാലം അനാവൃതമാക്കട്ടെ. കോൺഗ്രസിനെ ശരിയായ ദിശയിൽ നയിച്ചവരിൽ അഗ്രഗാമികളിൽ ഗോഖലെയും ദാദാ ബായി നവറോജിയും ലാലാ ലജ്പത്റായിയും സുഭാഷ് ചന്ദ്ര ബോസും പട്ടാഭി സീതാരാമയ്യയും ഒക്കെ ഉണ്ടായിരുന്നു. പക്ഷെ കോൺഗ്രസിലെ വേറിട്ട ശബ്ദം ഗാന്ധിജിയുടേത് ആയിരുന്നു. ടാഗോർ വിശേഷിപ്പിച്ചതുപോലെ മഹാത്മാവിന്റെ ഗാനനിസ്വരം പോലെയുള്ള സ്വര ഗാഥ. രാമനും റഹീമും ഒന്നുതന്നെ, ഈശ്വര അള്ളാ തേരാ നാം, സബ്കോ സൻമതി ദേ ഭഗവാൻ എന്നൊക്ക പലയാവർത്തി പാടിനടന്നു. നവഖാലി ഉൾപ്പെടെയുള്ള വർഗീയ കലാപഭൂമികളിൽ മുട്ടോളമെത്തുന്ന മുണ്ടുമുടുത്തു മുട്ടൻ വടിയും പിടിച്ചു മഹാത്മാവ്. ‘യഥാർത്ഥ മതവിജ്ഞാനം മതങ്ങൾ തമ്മിലുള്ള മതിൽക്കെട്ടുകളെ തകർക്കും’ എന്ന് ഗാന്ധിജി നമ്മെ പഠിപ്പിച്ചു. മതാടിസ്ഥാനത്തിൽ മനുഷ്യരെ ഭിന്നിപ്പിക്കുവാനും ഭാരത പുരാണേതിഹാസങ്ങളെയും പൈതൃകത്തെയും വളച്ചൊടിക്കാനും വക്രീകരിക്കാനുമുള്ള നിഗൂഡ അജണ്ടകളെ ഞാൻ ഒരു സനാതന ഹിന്ദു എന്ന് പറഞ്ഞു ഗാന്ധിജി പ്രതിരോധിക്കാൻ പരിശ്രമിച്ചു. രാമായണത്തിൽ അയോധ്യ വാല്മീകിയാൽ പരാമർശിക്കപ്പെടുന്നു. ‘വാല്മീകത്തിൽ ‘നിന്ന് എന്നുവച്ചാൽ ചിതൽപ്പുറ്റിൽ നിന്ന് പുറത്തുവന്ന, മാമുനിയായി മാറിയ രത്നാകരൻ ആദികവി രാമായണത്തിന്റെ ആദിഭാഗത്തിൽ തന്നെ പറയുന്നത് ‘മാ! നിഷാദ: എന്നാണ്. കൊക്കുരുമ്മി നിൽക്കുന്ന ക്രൗഞ്ച മിഥുന പക്ഷികൾക്ക് നേരെ വേടൻ അമ്പെയ്ത് തറയ്ക്കുമ്പോൾ ഹൃദയനൊമ്പര വിലാപമായി ആദികവി വിളിച്ചു പറയുകയാണ് അരുതേ, കാട്ടാളാ എന്ന്. നരേന്ദ്രമോഡിമാരുടെ, അമിത് ഷാമാരുടെ, സംഘകുടുംബത്തിന്റെ തന്നെ മാനവ ഹൃദയങ്ങളിലേക്കുള്ള മാരകമായ അമ്പെയ്‌ത്ത് വർഷം അരങ്ങേറുമ്പോൾ, മതനിരപേക്ഷതയ്ക്ക് നേരെ അതിക്രൂരമായി നിറതോക്കുകൾ ഉയർത്തുമ്പോൾ മാതൃഭൂമിയെ സ്നേഹിക്കുന്നവരാകെ ‘മാ! നിഷാദ: മന്ത്രം ഉച്ചത്തിൽ ഉരുവിടേണ്ട കാലമാണിത്. രാമായണം എന്നതിന് ഇരുട്ട് മായണം എന്ന് കൂടി അർത്ഥമുണ്ട്. പക്ഷെ ഇന്ന് കഠിന കൂരിരുട്ടിന്റെ ഭയാനകലോകം സൃഷ്ടിക്കുകയാണ് സംഘകുടുംബം ശക്തികൾ. രാമൻ വാല്മീകിയുടെ കഥാപാത്ര സൃഷ്ടിയിലെ മര്യാദ പുരുഷോത്തമനാണ്. തിന്മയുടെ ഇരുട്ട് അകറ്റി നന്മയുടെ വെളിച്ചം പുലർത്താൻ പ്രയത്നിച്ച കര്‍മ്മകാരി. അധികാരം ത്യജിച്ചു വനവാസം പുൽകാൻ മടിയില്ലാതിരുന്ന നീതിബോധത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും ഉടമ. ഇന്ന് അധികാര ആസക്തിയുമായി രാമനെ രാഷ്ട്രീയ വാണിഭ വിഭവമാക്കുന്നവർ നന്മയെ നിഗ്രഹിക്കുന്നു, തിന്മയെ പരിഗ്രഹണം ചെയ്യുന്നു. മതേതര ഇന്ത്യയുടെ പ്രധാനമന്ത്രി (അങ്ങനെയും ഇന്ത്യക്ക് ദുർവിധി ഉണ്ടായി) ഹിന്ദുവിന്റെ വികാരം സാക്ഷാൽക്കരിക്കപ്പെട്ടു എന്ന് സര്‍സംഘചാലകിനൊപ്പം മുഖ്യകാർമ്മികനും പൂജാരിയുമായി ഇരുന്ന് നാടകമാടി.

ഇന്ത്യയുടെ സർവമത സ്നേഹത്തിനും നാനാത്വത്തിൽ ഏകത്വത്തിനും ലോകം ഏക നീഢം എന്ന യജുർവേദ സന്ദേശത്തിനും നേരെ വർഗീയ വിഷഫണം ഉയർത്തിയാടുന്നവരുടെ മുഖ്യ കാർമ്മികൻ താൻ തന്നെ എന്ന് മോഡി വ്യക്തമാക്കി. മോഡിയുടെയും മോഹൻ ഭാഗവതിന്റെയും ഒരുപറ്റം കപട സന്യാസികളുടെയും കൂട്ടത്തിലേക്ക്, രാമനെ രക്ഷിക്കാൻ നടത്തിയ ഭൂമിപൂജാ വേളയിൽ ഒരു ദളിതനും പ്രവേശനം ഉണ്ടായിരുന്നില്ല എന്ന് മാധ്യമ വാർത്തകൾ കണ്ടു. അതാണ് രാമായണത്തെയും രാമനെയും അറിയാത്ത സംഘ പരിവാരം. രാമന് നിർണ്ണായകഘട്ടത്തിൽ സഹായഹസ്തങ്ങളുമായി എത്തിച്ചേർന്നത് ഹനുമാനും സുഗ്രീവനും അടക്കമുള്ള വാനരപ്പടയാണ്. അവർ ആദിമ ജനതയുടെ ഭാഗമാണ്. ബിജെപി ക്ക് ആ ചരിത്രം അറിയേണ്ടതില്ല. രാമനെ വോട്ടുകൾക്കും അധികാരത്തിനുമായി ആവശ്യമുണ്ടെന്നു മാത്രം. രാമന് മാത്രമല്ല ഇക്കൂട്ടർ അമ്പലം പണിയുന്നതെന്ന് യഥാർത്ഥ രാമസ്നേഹികൾ തിരിച്ചറിയുന്നുണ്ട്. സുപ്രീംകോടതിയുടെ വിചിത്രവും വൈരുധ്യങ്ങൾ നിറഞ്ഞതുമായ വിധിയ്ക്കൊടുവിൽ (ആ വിധിയുടെ സാംഗത്യം ഇവിടെ ചർച്ച ചെയ്യുന്നില്ല )ഇപ്പോൾ രാമനെ ഓർമിച്ചു എന്ന് മാത്രം. പക്ഷെ രാമ ക്ഷേത്രത്തിനേക്കാൾ മുന്തിയ പരിഗണന നാഥുറാം വിനായക് ഗോഡ്സെയുടെ അമ്പലങ്ങൾക്ക് ആയിരുന്നു. രാമനും റഹീമും ഒന്നുതന്നെ എന്ന് പറഞ്ഞ മാതൃകാപുരുഷന്റെ, മഹാത്മാവിന്റെ ഹൃദയത്തിലേക്ക് വെടിയുണ്ടകൾ വർഷിച്ചതാണ് ഗോഡ്സെയെ, ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കൽ പാരമ്പര്യം പേറുന്ന സവർക്കർ അനുയായികൾക്ക് ദൈവമാക്കുന്നത്. രാമായണങ്ങൾ പലതുണ്ടായീ വാല്മീകി രാമായണത്തിന് പിന്നാലെ. ഇന്ത്യൻ ഭാഷകളിൽ മാത്രമല്ല. ഇൻഡോനേഷ്യ ഉൾപ്പെടെ വിവിധങ്ങളായ ഇടങ്ങളിൽ രാമായണ പരിപ്രേഷ്യങ്ങൾ ഉണ്ടായി. വാല്മീകിയുടെ കാവ്യകല്പനകൾക്ക് വ്യത്യസ്ത ഭാവങ്ങൾ പകരുന്നതായിരുന്നു മറ്റു പല രാമായണങ്ങളും. കമ്പ രാമായണത്തിൽ രാവണന്റെ പുത്രിയാണ് സീത. രാമചരിത മാനസം എഴുതിയ തുളസിദാസ് മുഗള ചക്രവർത്തി അക്ബറിന്റെ ഭരണകാലത്തെ വാഴ്ത്തപ്പെട്ട മഹാകവിയായിരുന്നു. കബീർദാസിന്റെ വരികളിലും കാണാം മത സൗഹാർദ്ദത്തിന്റെ നിത്യ ഉദാത്ത വരികൾ. ‘തോഴാ, നീ എന്നെ എവിടെ അന്വേഷിക്കുന്നു ഞാൻ നിന്റെ അരികിലുണ്ട് ഞാൻ അമ്പലത്തിലുമല്ല, പള്ളിയിലുമല്ല ഞാൻ കാബയിലുമല്ല കൈലാസത്തിലുമല്ല കബീർ പറയട്ടെ, പ്രാണന്റെ പ്രാണനാണ് ദൈവം നീ നിന്റെ ഹൃദയത്തിലേക്ക് നോക്കൂ. ’ അവിടെ രാമനെയും റഹീമിനെയും കാണാം ‘ഹൃദയത്തിൽ രാമനെയും റഹീമിനെയും ക്രിസ്തുവിനെയും പ്രതിഷ്ഠിച്ച മാനവരാണ് ഭാരതീയ സാംസ്കാരിക പൈതൃകം അറിയുന്ന ഇന്ത്യൻ ജനത. അവർ അമ്പലത്തിലോ പള്ളികളിലോ ഈശ്വരചൈതന്യത്തെ തളച്ചിടുന്നില്ല. അയോധ്യ എന്ന പദത്തിനർത്ഥം ആക്രമിക്കപെടാനാവാത്തത്, ആയുധരഹിതം, യുദ്ധമില്ലാത്ത ഭൂമി എന്നൊക്കെയാണ് എന്നത് വംശഹത്യ പരീക്ഷണം നടത്തി മദിക്കുന്നവരും വ്യാജ ഏറ്റുമുട്ടൽ കൊലകളുടെ തമ്പുരാക്കന്മാരും തമസ്ക്കരിക്കുന്നു. ബി സി നാനൂറാമാണ്ടിനടുത്ത് രചിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന വാല്മീകി രാമായണത്തിലെ അയോദ്ധ്യ ശാന്തിതീരമാണ്. അഥർവ മുനി രചിച്ച ‘അഥർവണ, വേദത്തിൽ അയോധ്യ പാവന മംഗള ഭൂമിയാണ്. അതിനെയാണ് എത്രയോ പതിറ്റാണ്ടുകളായി കലാപത്തിന്റെയും വിദ്വേഷത്തിന്റെയും പാപപങ്കില ഭൂമിയാക്കി സംഘ പരിവാരം പരിവർത്തനം ചെയ്തത്. വൈഷ്ണവ പുരാണങ്ങൾ പറയുന്നത് രാമനും കൃഷ്ണനും വിഷ്ണുവിന്റെ അവതാരപുരുഷന്മാർ എന്നാണ്. അവർ നന്മ സൃഷ്ടിക്കാനും തിന്മയെ നിഗ്രഹിക്കാനും മനുഷ്യജന്മമെടുത്തവരാണ് എന്നാണ് പറഞ്ഞുവച്ചിരിക്കുന്നത്. പക്ഷെ ഇന്ന് അവരെ മുൻനിർത്തി നന്മയെ നിഗ്രഹിക്കുകയും തിന്മയുടെ വിഷവിത്തുകൾ വിതച്ചു വിളയിക്കുകയും ചെയ്യുന്നു. ഭക്തിപ്രസ്ഥാനങ്ങളുടെ ഘട്ടത്തിൽ രാമന്റെയും കൃഷ്ണന്റെയും പേരിൽ ഉണ്ടായിരുന്ന പ്രസ്ഥാനങ്ങൾ പകർന്നത് വൈരത്തിന്റെ മതമല്ല. മറിച്ച് സാത്വിക ഭാവങ്ങളും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രേമത്തിന്റെയും മതങ്ങളുമാണ്. ഹിറ്റ്ലർ ആയിരിക്കണം മാതൃക എന്നും രക്തവിശുദ്ധി ഉള്ള സവർണ കുലത്തിനെ ജീവിക്കാൻ അവകാശമുള്ളു എന്നും മുസ്‌ലിങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകാർ ഇവരാണ് മുഖ്യശത്രുക്കൾ എന്നും വർണ്ണ വിവേചനവും ഹിന്ദുക്കളിലെ മഹാഭൂരിപക്ഷത്തെ അടിമകളായി കൽപ്പിക്കുകയും ചെയ്ത മനുസ്മൃതി ആയിരിക്കണം പ്രാമാണിക ഗ്രന്ഥമെന്നും വിശ്വസിക്കുന്ന ഗോൾവാൾക്കർ അനുയായികളിൽ നിന്ന് വർഗ്ഗീയ ഫാസിസ്റ്റുവൽക്കരണത്തിന്റെ ഭീകരതയാണ് രാജ്യത്തെ കാത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.