അയോധ്യ: ശിലാസ്ഥാപന നീക്കം വേഗത്തിലാക്കി വിഎച്ച്പി

Web Desk
Posted on August 18, 2019, 10:44 am

ലഖ്‌നൗ: അയോധ്യതര്‍ക്കത്തില്‍ പരമോന്നത കോടതി വാദം കേള്‍ക്കുന്നതിനൊപ്പം ശിലാസ്ഥാപനം നടത്തുന്നതിനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കി വിശ്വഹിന്ദു പരിഷത്ത്. ഇത് സുപ്രീംകോടതിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കമാണെന്ന് വിലയിരുത്തപ്പെടുന്നു.
കര്‍സേവകപുരം എന്ന് അറിയപ്പെടുന്ന കേന്ദ്രത്തില്‍ ശിലാസ്ഥാപനത്തിന് ഉപയോഗിക്കേണ്ട കല്ലുകള്‍ മിനിക്കുന്ന ജോലിക്കാണ് വേഗം കൂട്ടിയത്. പത്തുമുതല്‍ പന്ത്രണ്ടുവരെ പേരാണ് ഇപ്പോള്‍ ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് വിഎച്ച്പി വക്താവ് ശരദ് ശര്‍മ്മ വാര്ത്താ ഏജന്‍സിയോട് പറഞ്ഞു.
ഇതുവരെ 70 ശതമാനത്തോളം ജോലികള്‍ പൂര്‍ത്തിയാക്കിയതായും രാജസ്ഥാനില്‍ നിന്നും കൂടുതല്‍ വിദഗ്ധ തൊഴിലാളികളെ എത്തിച്ച് കാര്യങ്ങള്‍ പരമാവധി വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും വിഎച്ച്പി നേതാവ് പറഞ്ഞു.
രാമജന്മ ഭൂമി ന്യാസ്, വിഎച്ച്പി, അയോധ്യ സന്ത് സമാജ് എന്നീ സംഘടനകളാണ് നേതൃത്വം നല്‍കുന്നത്. നവംബറില്‍ സുപ്രീംകോടതിയുടെ അന്തിമവിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനാലാണ് ക്ഷേത്രനിര്‍മ്മാണത്തിനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കിയതെന്നും രാമജന്മഭൂമി ന്യാസ് തലവന്‍ മഹന്ത്് നൃത്യഗോപാല്‍ ദാസ് പറഞ്ഞു.
തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്നാണ് ദിവസം തോറും കേസില്‍ വാദം കേട്ട്, പരമാവധി വേഗത്തില്‍ വിധിപ്രസ്താവം നടത്താന്‍ സുപ്രീംകോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് ഗൊഗോയ് വിരമിക്കുന്നതിന് മുമ്പ് അന്തിമ വിധി ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
അതേസമയം അയോധ്യയിലെ തര്‍ക്കസ്ഥലവുമായി ബന്ധപ്പെട്ട രേഖകളൊന്നും കേസില്‍ കക്ഷികളായ ഹിന്ദു സംഘടനകള്‍ക്ക് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. രേഖകള്‍ മോഷണം പോയെന്ന് കക്ഷികളിലൊരാളായ നിര്‍മോഹി അഖാഡ സുപ്രീംകോടതിയില്‍ അറിയിച്ചപ്പോള്‍ രാമന്‍ അയോധ്യയില്‍ ജനിച്ചതായുള്ള വിശ്വാസമാണ് തങ്ങളുടെ പക്കലുള്ള തെളിവെന്നായിരുന്നു മറ്റൊരു കക്ഷിയായ രാംലല്ല വിരാജ്മാന്റെ വാദം.