അയോധ്യാ ഭൂമി എങ്ങനെ മൂന്നായി വിഭജിക്കും?…

Web Desk

അലഹബാദ്

Posted on November 25, 2018, 7:52 pm

അയോധ്യയിലെ 2.77 തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനാണ് 2010 സെപ്തംബര്‍ 30 ന് അലഹബാദ് ഹൈക്കോടതി വിധിച്ചത്. ഹിന്ദുക്കളും മുസ്ലിങ്ങളും ഭൂമിയവകാശികളാണെന്ന കോടതി വിധി ഇപ്പോള്‍ പരിഗണനയിലാണ്.

മൂന്നിലൊന്നു രാം ലല്ലയ്ക്ക് (ശിശുവായ രാമന്‍) അനുവദിച്ചു. ഹിന്ദുമഹാസഭയ്ക്ക് ഇവിടെ രാമക്ഷേത്രം പണിയാം.

മൂന്നിലൊന്നു സുന്നി വഖഫ് ബോര്‍ഡിനു അനുവദിച്ചു.

മൂന്നിലൊന്നു മറ്റൊരു ഹിന്ദുമത വിഭാഗമായ നിര്‍മോഹി അഖാരയ്ക്കും.

തര്‍ക്കഭൂമിയില്‍ മുമ്പുണ്ടായിരുന്ന ക്ഷേത്രം നശിപ്പിച്ചാണോ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ കാലത്തു ബാബറി പള്ളി പണിതതെന്ന ആരോപണത്തില്‍ ബഞ്ച് ഏകാഭിപ്രായങ്ങള്‍ എത്തിയില്ല.

ഹിന്ദുക്കളും മുസ്ലിങ്ങളും നൂറ്റാണ്ടുകളായി ഇവിടെ ഒരുമിച്ചു ആരാധന നടത്തുന്ന വ്യതിരിക്തത ജസ്റ്റിസ് ഖാന്‍ ചൂണ്ടിക്കാട്ടി.

കെട്ടിടത്തിന്റെ അകത്തേ മുറ്റം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരുമിച്ചവകാശപ്പെട്ടതാണെന്നു ജസ്റ്റിസ് അഗര്‍വാള്‍ പറഞ്ഞു.

8000 പേജ് വരുന്നതാണ് വിധിന്യായം. നടുവിലെ മിനാരത്തിനടിയില്‍ ശ്രീരാമന്റെയും മറ്റു ദൈവങ്ങളുടെയും വിഗ്രഹങ്ങള്‍ താല്‍ക്കാലിക ക്ഷേത്രത്തില്‍ വച്ചിരിക്കുന്ന സ്ഥലം ഹിന്ദുക്കള്‍ക്കു അവകാശപ്പെട്ടതാണെന്നു മൂന്നു ജഡ്ജിമാരും ഒരുപോലെ വിധിച്ചു.

വിധിപ്രകാരം രാം ചബ്രുതയും സിതാ റസോയിയും നിര്‍മോഹി അഖാരയ്ക്കു ലഭിക്കും.

ഒരു ക്ഷേത്രത്തിന്റെ നഷ്ടാവശിഷ്ടങ്ങള്‍ കിടന്ന സ്ഥലത്താണ് ബാബറുടെ ഉത്തരവ് പ്രകാരം മസ്ജിദ് നിര്‍മ്മിച്ചിരിക്കുന്നതെന്നു ജസ്റ്റിസ് എസ് യു ഖാന്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ മൂന്നംഗ ജഡ്ജിനു ഒരേ അഭിപ്രായമില്ല.

നടുവിലെ മിനാരത്തിനടിയില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടത് 1949 ഡിസംബര്‍ 23 നാണെന്നു വിധിയില്‍ പറഞ്ഞു. സുന്നി വഖഫ് ബോര്‍ഡ് അലഹബാദ് വിധി അംഗീകരിച്ചില്ല. അതിനെതിരെയാണ് സുപ്രീംകോടതിയില്‍ അപ്പീലുള്ളത്.