അയോധ്യ വിധി: സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും

Web Desk
Posted on November 08, 2019, 12:18 pm

ന്യൂഡൽഹി: അയോധ്യ വിധി വരാനിരിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച ചർച്ചകൾക്കായാണ് കൂടിക്കാഴ്ച.

ചീഫ് സെക്രട്ടറി രാജേന്ദ്രകുമാർ തിവാരി, പൊലീസ് മേധാവി ഓം പ്രകാശ് സിങ് എന്നിവരുമായാണ് കൂടിക്കാഴ്ച. രാജ്യത്തെയും രാഷ്ട്രീയത്തെയും ഏറെ ബാധിച്ച ഒരു സംഭവത്തിന്റെ വിധി വരുന്ന വേളയിൽ സ്വീകരിച്ചിട്ടുള്ള ഒരുക്കൾ അദ്ദേഹം വിലയിരുത്തും.

ദശാബ്ദങ്ങൾ പഴക്കമുള്ള കേസിലെ വിധി അടുത്താഴ്ച ഉണ്ടാകുമെന്നാണ് സൂചന. നവംബർ പതിനേഴിനാണ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നത്. അതിന് തൊട്ടുമുമ്പുള്ള പ്രവൃത്തി ദിവസം നവംബർ പതിനഞ്ചാണ്. അതിന് മുമ്പ് വിധിയുണ്ടാകുമെന്നാണ് സൂചന.

ലോകത്തിലെ തന്നെ ഏറ്റവും സുപ്രധാന കേസാണ് ഇതെന്നാണ് നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ വിലയിരുത്തിയിട്ടുള്ളത്. നാൽപ്പത് ദിവസത്തിലേറെയായി നടക്കുന്ന കേസിന്റെ വാദം കേൾക്കുന്ന ബെഞ്ചിൽ ഇദ്ദേഹവുമുണ്ട്.

വിവിധ ഹിന്ദുമുസ്‌ലിം സംഘടനകൾ സമാധാനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നിർദേശിച്ചിട്ടുണ്ട്. വിധിയിൽ അനാവശ്യ പ്രസ്താവനകളുണ്ടാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡയും സഹപ്രവർത്തകരോട് നിർദേശിച്ചിട്ടുണ്ട്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ഉന്നത പൊലീസ് ‑ഐഎഎസ് ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം രാത്രി മൂന്ന് മണിക്കൂറോളം ചർച്ച നടത്തിയിരുന്നു. ലഖ്നൗവിലും അയോധ്യയിലും രണ്ട് ഹെലികോപ്ടറുകൾ തയാറാക്കി നിർത്താൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ വേണ്ടിയാണിത്.