Saturday
07 Dec 2019

അയോധ്യയിൽ അസ്വാരസ്യങ്ങൾ ആവശ്യമോ

By: Web Desk | Monday 11 November 2019 10:45 PM IST


പ്രത്യേക ലേഖകന്‍

യോധ്യ കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി തീരുമാനത്തിൽ അസ്വാരസ്യങ്ങൾ ഉയരുന്നത് രാജ്യത്തിന് ഗുണം ചെയ്യുമോ?. മുതിർന്ന മാധ്യമ പ്രവർത്തകർ, ഗവേഷകർ, പ്രൊഫസർമാർ, മുസ്ലിം പണ്ഡിതർ തുടങ്ങിയ ചിന്താശേഷിയുള്ളവരാണ് അസ്വാരസ്യങ്ങൾ പരസ്യമായി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കു­ന്നത്. ഒരുപക്ഷെ പറയുന്നതില്‍ അര്‍ഥം കാണാമെങ്കിലും വിധിക്കുശേഷമുള്ള ഇന്ത്യയുടെ സമാധാനന്തരീക്ഷം മാനിക്കാമായിരുന്നു. നിരാശാജനകായ ആ വിധിയിൽ വലിയ പൊരുത്തക്കേടുകളുണ്ടെങ്കിലും രാജ്യത്തെനിയമത്തെ ബഹുമാനിക്കണമെന്നുള്ളതുകൊണ്ട് മാത്രം സ്വീകരിക്കുകയാണെന്ന് അഖിലേന്ത്യാ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞി­ടത്ത് ആ മാന്യതയുടെ ചെറുകണിക കാണാം. അയോധ്യ വിധി അംഗീകരിക്കുന്നുവെന്ന് കാന്തപുരം എ പി അബൂബക്കർ മുസലിയാർ പറയുമ്പോൾ അതിന് സമാധാനത്തിന്റെ നൈ­മർല്യവുമുണ്ട്. വിജയിച്ചവരും പരാജയപ്പെട്ടവരും പ്രശ്നങ്ങളുണ്ടാക്കരുതെന്ന കാന്തപുരത്തിന്റെ നിർദ്ദേശം പാലിക്കുപ്പെടണമെന്നാണ് സമാധാനകാംഷികളും പറയുന്നത്. വിധി പുറത്തുവന്ന് മണിക്കൂറുകൾ തികയും മുമ്പേ വിയോജിക്കുന്നവരുടെ എണ്ണം പെരുകു­ന്നുണ്ട്. വിധിയിൽ ഭൂരിപക്ഷ വിഭാഗങ്ങളുടെ സമ്മർദ്ദം വ്യക്തമാണെന്ന മധ്യപ്രദേശിലെ മ­ഖൻലാൽ ചതുർവേദി സർവകലാശാലയിലെ വിസിറ്റിങ് പ്രൊഫസറും ഗാന്ധിയൻ തത്വങ്ങളിലെ ഗവേഷകനുമായ അരുൺ ത്രിപാഥിയുടെ ആക്ഷേപമാണ് ഗൗരവപ്പെട്ടത്.

പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കം പരിഹരിക്കാനാണ് കോടതി ശ്രമിച്ചത്. അല്ലാതെ നീതി നടപ്പാക്കാനല്ലെന്ന് ത്രിപാഥി ചൂണ്ടിക്കാട്ടുന്നു. അയോധ്യ വിഷയത്തിൽ പൂർണമായി നീതി നടപ്പാക്കി എന്ന് പറയാൻ കഴിയില്ല. തെളിവുകൾക്ക് അതീതമായി ഹിന്ദുക്കളുടെ വിശ്വാസം സംരക്ഷിക്കുന്ന നിലപാടുകളാണ് സുപ്രീം കോടതി സ്വീകരിച്ചതെന്നും അരുൺ ത്രിപാഥി പറയുകയാണ്. സുപ്രീം കോടതി വിധി സ്വാഗതാർഹമാണെങ്കിലും രാജ്യത്തെ സാംസ്കാരിക ദേശീയതയ്ക്ക് ഇ­­പ്പോഴത്തെ തീരുമാനം ഭംഗം വരുത്തുമെന്നാണ് ഇൻഡോർ ഇസ്രത് ജഹായിലെ മുസ്ലിം പണ്ഡിതനായ ഷഹീർ ഖാസി പ്രതികരിച്ചത്. രണ്ട് മതക്കാർ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹാരമായതിൽ സന്തോഷമുണ്ട്. എന്നാൽ ഹിന്ദുക്കളെ മാത്രം സംരക്ഷിക്കുന്ന സമീപനമാണ് കോടതി സ്വീകരിച്ചതെന്ന് ഷഹീർ ഖാസി തുറന്നടിക്കുന്നു. രാജ്യത്തെ ജനങ്ങൾ നേരിടുന്ന പട്ടിണി, തൊഴിലില്ലായ്മ എന്നീ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനാണ് സർക്കാർ ഊന്നൽ നൽകേണ്ടത്. എല്ലായ്പ്പോഴും അയോധ്യ വിഷയം ആയുധമാക്കിയാണ് സംഘപരിവാറും ബിജെപിയും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇപ്പോൾ മറ്റുള്ള പള്ളികൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച ശക്തമാക്കുന്നു.

ഇവർക്കെ­തിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പ്രതികരിച്ചു. അയോധ്യ കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ കുറിപ്പ് സു­പ്രീം കോടതി വായിച്ച പ്രതീതിയാണ് ഇപ്പോൾ ഉണ്ടാകുന്നതെന്നാണ് മുതിർന്ന മാധ്യമ പ്രവർത്തകനായ രാകേഷ് ദീക്ഷിതിന്റെ പ്രതികരണം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായുള്ള സംഘപരിവാറിന്റെ ആവശ്യത്തിന് ഇപ്പോൾ സുപ്രീം കോടതി മുദ്രവച്ച് അനുമതി നൽകിയിരിക്കുന്നു. സുപ്രീം കോടതിയിൽ നിന്നും ഈ തരത്തിലുള്ള ഒരു വിധി പ്രതീക്ഷിച്ചതല്ലെന്നുള്ള ദീക്ഷി­തിന്റെ പ്രസ്താവനയ്ക്കു തുല്യമായി നിരവധി പ്­രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകകയാണ്. നിയമം ലംഘിച്ചവർക്ക് കോടതി പാരിതോഷികവും നൽകി. ഇതാണ് ഇപ്പോഴത്തെ സുപ്രീം കോടതി വിധി ബോധ്യപ്പെടുത്തുന്നതെന്ന് രാകേഷ് ദീക്ഷിത് ആക്ഷേപിക്കുന്നു. രണ്ട് സമുദായങ്ങൾ തമ്മിലുള്ള രക്തച്ചൊരിച്ചിലിന് അന്ത്യം കുറിക്കാൻ സുപ്രീം കോടതി വിധിക്ക് കഴിയുമെന്നാണ് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ റഷീദ് കിദ്വായി പറഞ്ഞത്. നേരത്തെ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇരു വിഭാഗങ്ങളും അതിന് തയ്യാറായിരുന്നില്ല.

ബാബറി മസ്ജിദ് തതകർത്തവർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ അത് രാജ്യത്തെ സാംസ്കാരിക ദേശീയതയെ ഇല്ലാതാക്കുമെന്ന തന്റെ നിലപാടും റഷീദ് കിദ്വായി വ്യക്തമാക്കി. ‘തർക്ക ഭൂമിയിൽ മുസ്ലിങ്ങൾ നമാസ് നടത്തിയതിന് തെളിവുണ്ട്, ഹിന്ദുക്കൾ പൂജ നടത്തിയതിനും തെളിവുണ്ട്, ബാബറി മസ്ജിദ് പൊളിച്ച നടപടി നിയമലംഘനമാണ്. ഈ സാഹചര്യത്തിൽ ഏങ്ങനെയാണ് തർക്ക പ്രദേശമായ 2.77 ഏക്കർ ഭൂമി രാംല്ലയ്ക്ക് കൈമാറിയത്. ഇത് സംബന്ധിച്ച ഉത്തരം നൽകാൻ സു­പ്രീം കോടതി വിധിക്ക് കഴിയുന്നില്ല’ എന്നാണ് ജെഎൻയുവിലെ സെന്റർ ഫോർ ഇക്കണോ­മിക് സ്റ്റഡീസിലെ അധ്യപകനായ പ്ര­വീ­ൺ ഷാ ചോദിക്കുന്നത്. അയോധ്യ വിധിയില്‍ സുപ്രീം കോടതിയെ അഭിനന്ദിച്ച ബോളിവുഡ് നടി തപ്‌സി പന്നു ഇനി രാജ്യത്തെ ജീവിക്കാന്‍ സാധിക്കുന്ന സ്ഥലമാക്കിമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താം എന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇങ്ങനെ എന്തെല്ലാം അ­­ഭിപ്രായങ്ങൾ മാറിമാറി വന്നാ­ലും ബാബ്‌റി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്നു­ള്ള സുപ്രീം കോടതിയുടെ വിധിന്യായത്തിലെ ആ പരാമർശവും നിഴലിച്ചു­നിൽ­ക്കുന്ന ഒന്നാണ്. ഇന്ത്യൻ മതേതര­ത്വ­ത്തി­ന്റെ കളങ്കമായി അത് എന്നും നില­നിൽക്കും. അതെല്ലാം മറക്കാനാണ് രാജ്യം ശ്രമിക്കുന്നത്. അടുത്തത് മധുരയും ഏ­കീകൃത സിവിൽകോ­ഡുമെന്ന് പറയുന്ന ദശീയ നേതാക്കൾക്ക് ദേശ­സ്നേ­ഹമില്ലെങ്കിലും മനുഷ്യ­ന്റെ ആ മനസു­ണ്ടാ­കട്ടെ. അയോധ്യയിലെ ആ കറുത്ത ദിനവും അ­ധികാരത്തിനായി നടത്തിയ കലാപങ്ങളും നൽകിയ നഷ്ടങ്ങളും വേദനയും പ്രയാസങ്ങളും അടക്കിപ്പി­ടിച്ചവരാണ് ഇന്ത്യൻ ജനത. ഇനി­യെങ്കിലും നമുക്ക് സമാധാന­ത്തോ­ടെ ഉറങ്ങാം.

Related News