സ്വന്തം ലേഖകൻ

January 04, 2020, 10:49 pm

ആയുഷ്മാൻ ഭാരത് പദ്ധതിയിൽ വ്യാപക ക്രമക്കേട്

Janayugom Online

ന്യൂഡൽഹി: രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ എന്ന പേരിൽ മോഡി സർക്കാർ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ആയുഷ്മാൻ ഭാരത് പദ്ധതിയിൽ വ്യാപക ക്രമക്കേടെന്ന് റിപ്പോർട്ട്. പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷത്തിലധികം വ്യാജ കാർഡുകൾ വിതരണം ചെയ്തതായി ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കർ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ അന്വേഷണത്തിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതലായും ക്രമക്കേടുകൾ കണ്ടെത്തിയത്. പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയില്ലാത്തവർക്കാണ് കൂടുതലായും കാർഡുകൾ ലഭിച്ചത്. കൂടാതെ സ്വകാര്യ ആശുപത്രികൾ വൻതുകയുടെ ചികിത്സ നൽകിയതായി കാണിച്ച് വ്യാജ ബില്ലുകൾ സമർപ്പിച്ച് കോടികളുടെ കൊള്ള നടത്തുന്നതായുള്ള ആക്ഷേപവും ശക്തമാണ്.

ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് 171 ആശുപത്രികളെ പദ്ധതിയിൽ നിന്നും പുറത്താക്കിയിരുന്നു. ഗുജറാത്തിൽ ആരോഗ്യ മിത്ര പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കുടുംബത്തിന് 1700 കാർഡുകളാണ് നൽകിയത്. ഛത്തീസ്ഗഡിൽ ഒരു കുടുംബത്തിന് 109 കാർഡുകൾ നൽകി. ഇതിൽ 57 കാർഡുകൾ തിമിര ശസ്ത്രക്രിയക്കാണ് ഉപയോഗിച്ചത്. പഞ്ചാബിൽ രണ്ട് കുടുംബങ്ങൾക്കായി 200 കാർഡുകൾ നൽകി. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്കാണ് ഈ കാർഡുകൾ നൽകിയെന്നത് ഏറെ വിചിത്രം. മധ്യപ്രദേശിൽ ഒരു കുടുംബത്തിന് 322 കാർഡുകളാണ് നൽകിയത്. ഝാർഖണ്ഡിൽ പദ്ധതിയിൽ ഉൾപ്പെട്ട ഒരു രോഗിക്ക് ഒരേ സമയം രണ്ട് ആശുപത്രിയിൽ ചികിത്സ നൽകിയതായാണ് രേഖകൾ. രണ്ട് ആശുപത്രികളും ചികിത്സാ ചെലവിനുള്ള ബിൽ നൽകുകയും സർക്കാർ തുക അനുവദിച്ച് നൽകുകയും ചെയ്തു.

സൗജന്യ ചികിത്സ പദ്ധതിയുടെ ഭാഗമായി ചികിത്സ നൽകിയെങ്കിലും തുക ആയുഷ് മാൻ പദ്ധതിയിൽ ഉൾപ്പെടുത്തി യുപിയിലെ ഒരു സ്വകാര്യ ആശുപത്രി വാങ്ങി. സർക്കാർ ആശുപത്രി അധികൃതർ നൽകുന്ന ചികിത്സാ ബില്ലുകളും സ്വകാര്യ ആശുപത്രികൾ നൽകുന്ന ബില്ലുകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. 2019ലെ കണക്കുകൾ പ്രകാരം 49 ലക്ഷം പേർക്കാണ് പദ്ധതി ആനുകൂല്യം ലഭിച്ചത്. ഇതിൽ 33 ലക്ഷം പേരും സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ തേടിയത്. ചികിത്സാ ചെലവ് ഇനത്തിൽ 3,767 കോടി രൂപയാണ് സ്വകാര്യ ആശുപത്രികൾക്ക് ലഭിച്ചത്. കേവലം 1237 കോടി രൂപയാണ് സർക്കാർ ആശുപത്രികൾക്ക് ലഭിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.