Wednesday
20 Mar 2019

അയ്യന്‍കാളിയുടെ വില്ലുവണ്ടി വിപ്ലവം ആചാരത്തിനെതിരായ വിചാരവിപ്ലവം

By: Web Desk | Sunday 4 November 2018 11:01 PM IST


villuvandi

ആചാരങ്ങളെല്ലാം മാറ്റപ്പെടാനുള്ളവയാണ്. കാരണം ആചാരങ്ങളെല്ലാം അനാചാരങ്ങളുടെ തൊങ്ങല്‍ പിടിപ്പിച്ചവയാണെന്നു ഉദ്‌ഘോഷിച്ചത് മഹാത്മാ അയ്യന്‍കാളിയായിരുന്നു. തീണ്ടല്‍ തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ വിചാരവിപ്ലവത്തിന്റെ കൊടുങ്കാറ്റൂതിയ ആ നവോത്ഥാന നായകന്റെ വില്ലുവണ്ടി വിപ്ലവത്തിനു 125 വയസു തികഞ്ഞത് ഏറെയാരും അറിയാതെ കടന്നുപോയത് ദുഃഖകരമായി. കാരണം അലങ്കരിച്ച കാളകളെയോ, കുതിരയെയോ പൂട്ടിയ വില്ലുവണ്ടിയില്‍ സഞ്ചരിക്കാന്‍ മേലാളര്‍ക്കു മാത്രമേ അവകാശമുണ്ടായിരുന്നുള്ളു. പൊതുവഴികളില്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അന്നത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളായ പുലയര്‍ക്കും പറയര്‍ക്കും കുറവര്‍ക്കും വില്ലുവണ്ടി വാങ്ങാനോ സഞ്ചരിക്കാനോ അവകാശമില്ലാത്ത കാലത്താണ് കുടമണികള്‍ ചാര്‍ത്തിയ രഥസമാനമായ വില്ലുവണ്ടിയില്‍ അയ്യന്‍കാളി പുലയനു നിഷിദ്ധമായിരുന്ന പൊതുവഴികളിലൂടെ സഞ്ചരിച്ച് വിപ്ലവത്തിന്റെ പുതിയൊരു രീതിശാസ്ത്രം കുറിച്ചത്. 1893 ഓഗസ്റ്റില്‍ തുടങ്ങിയ ആ വില്ലുവണ്ടി വിപ്ലവം കീഴാളന്റെ മോചനത്തിനുള്ള രഥപ്രയാണ തുല്യമായിരുന്നു. പിന്നീട് നെടുമങ്ങാട് ചന്തയിലും കഴക്കൂട്ടത്തും കണിയാപുരത്തും വില്ലുവണ്ടിയിലെത്തിയ അദ്ദേഹത്തോടൊപ്പം പുലയസഹസ്രങ്ങളും അണിനിരന്നു. കണിയാപുരത്തെത്തിയ അയ്യന്‍കാളിയുടെ വില്ലുവണ്ടിയിലെ കാളകളെ കടയറ ചട്ടമ്പി എന്നയാളുടെ നേതൃത്വത്തില്‍ ആക്രമിച്ചതും അയ്യന്‍കാളിയുടെ അനുയായികള്‍ തിരിച്ച് ആക്രമിച്ചതും ചരിത്രം. ക്ഷേത്രപ്രവേശനം അനുവദിച്ചില്ലെങ്കിലും പൊതുനിരത്തുകളില്‍ ദളിതന്‍ അരുതെന്ന ആചാരം അന്നു തകര്‍ന്നടിയുകയായിരുന്നു.
ദളിതന്‍ നമ്പൂതിരിയുടെ കാണാമറയത്തായിരിക്കണം എന്ന ആചാരം നിലവിലുണ്ടായിരുന്നപ്പോള്‍ നായര്‍ പോലും നമ്പൂതിരിയുടെ മുപ്പത് ചുവട് അകലെനിന്ന് മാത്രമേ സംസാരിക്കാവൂ എന്നായിരുന്നു ആചാരം. ആ ആചാരം ഇന്നു നിലവിലുണ്ടായിരുന്നെങ്കില്‍ ശബരിമലയില്‍ കലിയുഗവരദന്റെ പൂങ്കാവനത്തില്‍ ഗറില്ലായുദ്ധം സംഘടിപ്പിക്കാനുള്ള പോര്‍മുറിയില്‍ ബിജെപി നേതാവ് ശ്രീധരന്‍പിള്ളയ്ക്ക് ബ്രാഹ്മണനേതാവ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിയുമായി മുട്ടിയുരുമ്മിയിരുന്നു സംസാരിക്കാനാവുമായിരുന്നോ. ‘പാളേല്‍ കഞ്ഞികുടിപ്പിക്കും, തമ്പ്രാനെന്നു വിളിപ്പിക്കും’ എന്ന് കീഴാളവര്‍ഗം അയ്യന്‍കാളിയുടേയും അയ്യാഗുരുവിന്റെയും നേതൃത്വത്തില്‍ മുദ്രാവാക്യം വിളിച്ചത് തങ്ങള്‍ക്കു മേലാളവര്‍ഗമാകാനായിരുന്നില്ല. പ്രത്യുത അനാചാരങ്ങള്‍ കത്തിച്ചെറിയാനായിരുന്നുവെന്ന് ചരിത്രം നമുക്ക് ഓതിത്തരുമ്പോഴാണ് സവര്‍ണാധിപത്യത്തിലേക്കുള്ള തിരിച്ചുപോക്കിനെതിരെ വനിതകളുടെ ഒരു രണ്ടാം വില്ലുവണ്ടി സമരത്തിന് കാലം കച്ചകെട്ടുന്നത്.
അയ്യങ്കാളി നയിച്ച അനാചാര വിപ്ലവം വിജയിച്ചതുകൊണ്ടാണല്ലോ അദ്ദേഹത്തെ തിരുവിതാംകൂറിലെ അന്നത്തെ നിയമസഭയായ ശ്രീമൂലം പ്രജാസഭയില്‍ മഹാരാജാവ് അംഗമാക്കി നാമനിര്‍ദേശം ചെയ്തത്. പുലയര്‍ക്കും ഈഴവാരാദി പിന്നാക്ക സമുദായങ്ങള്‍ക്കും വൈക്കം മഹാദേവന്‍ അബലപരിസരത്തുകൂടി നടക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. ത്രേതായുഗത്തില്‍ ശിവപ്രതിഷ്ഠ നടന്നുവെന്ന് കരുതപ്പെടുന്ന ആ മഹാക്ഷേത്രം ഇപ്പോള്‍ താഴമണ്‍ തന്ത്രിമാര്‍ ഭീഷണിപ്പെടുത്തുന്നതുപോലെ അശുദ്ധമാക്കാന്‍ അന്നും ശ്രമമുണ്ടായിരുന്നു. ക്ഷേത്രം അശുദ്ധമാക്കാന്‍ തന്ത്രിയായ നമ്പൂതിരി വൈക്കത്തപ്പന്റെ നിവേദ്യം നിലത്തെറിഞ്ഞുവെന്നും അതില്‍ മുറുക്കിത്തുപ്പി ശ്രീകോവിലും ശ്രീലകവും അശുദ്ധമാക്കിയെന്നും ചരിത്രമുണ്ട്. പൂജ മുടക്കിയശേഷം തിരികെ വന്ന ആ തന്ത്രിയെ ക്ഷേത്രത്തിനുള്ളില്‍ വച്ചുതന്നെ ഉഗ്രവിഷമുള്ള ഒരു സര്‍പ്പം കൊത്തിക്കൊന്നുവെന്ന ഐതീഹ്യം വേറെ. താഴമണ്‍ തന്ത്രിമാരും സൂക്ഷിച്ചോ. പൂജ മുടക്കിയാല്‍ കൊത്തിക്കൊല്ലാന്‍ ഒരു രാജവെമ്പാല സന്നിധാനത്തെവിടെയോ പുളഞ്ഞുനടപ്പുണ്ട്. ഗാന്ധിജി വന്നു തീണ്ടാപ്പാടകലെ നിന്നും കേണപേക്ഷിച്ചിട്ടും ദളിതര്‍ക്ക് (ദളിതരെന്നു പറഞ്ഞാല്‍ മൂക്കുനുള്ളി ഭക്ഷിച്ചുകളയുമെന്നാണ് മോഡി മഹാരാജാവിന്റെ ഉത്തരവെന്നറിയാം. ഹരിജനെന്നു വിളിച്ചാലും കുറ്റം. കീഴാളനെന്നു വിളിപ്പിക്കാനുള്ള ഒരു ഉള്ളിലിരിപ്പേ.
വൈക്കം മഹാദേവര്‍ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാത്തവരായിരുന്നു ക്ഷേത്രം ഊരാളന്മാരായ നമ്പൂതിരി മന. ആ മനയുടെ ഇപ്പോഴത്തെ കഥ അറിയുമോ. ആ മനയ്ക്ക് മുകളില്‍ ഇപ്പോള്‍ സിപിഐയുടെ ചെങ്കൊടിയാണ് പാറുന്നത്. പാര്‍ട്ടിയുടെ തൊഴിലാളിവര്‍ഗ സംഘടന എഐടിയുസിയുടെ ഓഫീസായ മന സിപിഐ പിടിച്ചെടുത്തതൊന്നുമല്ല. സി കെ വിശ്വനാഥനെന്ന കരുത്തനായ നേതാവ് ചെത്തുതൊഴിലാളികളില്‍ നിന്ന് പിരിച്ചെടുത്തും കടം വാങ്ങിയും വില നല്‍കി വാങ്ങിയ ആ മനയില്‍ ചെങ്കൊടി പാറിക്കളിക്കുമ്പോള്‍ അനാചാരങ്ങളുടെ ഒരു കോട്ട തകര്‍ത്ത ആവേശമാണ് പുതിയ തലമുറയ്ക്ക്. ചരിത്രം പഠിക്കാതെയും അക്ഷരം വായിക്കാതെയും അയ്യപ്പനെ ബന്ധിയാക്കാന്‍ ശ്രമിക്കുന്ന ബിജെപിയും കൂട്ടുപിടിക്കുന്നത് കാലഹരണപ്പെട്ട ആചാരങ്ങളെ. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന കക്ഷിക്ക് ഇണങ്ങുക കാലഹരണപ്പെട്ട ആചാരങ്ങളാണല്ലോ. അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം എടുത്തുപൊക്കി പൊലീസ് മര്‍ദനത്തില്‍ മരണം സംഭവിച്ചതാണെന്ന കള്ളക്കഥ ചമച്ച ബിജെപിക്ക് ഇനി അനാഥജഡങ്ങളും കൂട്ടാകും. ബലിദാനിയുടെ ചാപ്പകുത്തി അജ്ഞാതജഡങ്ങളുടെ പേരിലും പിരിവുനടത്തുന്ന ഇത്തരമൊരു പാര്‍ട്ടി ഏതു ദുനിയാവിലാണുണ്ടാകുക.

രണ്ടു മുന്‍ മുഖ്യമന്ത്രി സന്തതികളുടെ വിലാപമാണ് ഈയാഴ്ച ഏറെ രസനിഷ്യന്ദിയാവുന്നത്. ‘എന്നെ പിടിച്ചു പെണ്ണുകെട്ടിച്ചേ, എനിക്കീ പെണ്ണിനെ വേണ്ട’ എന്നാണ് മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ജഗതലപ്രതാപിയുമായ ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപിന്റെ പരിദേവനം. ലാലുവിന്റെ പാര്‍ട്ടി എംഎല്‍എയായ ചന്ദ്രികാറായിയുടെ പുത്രി ഐശ്വര്യറായി (ഡ്യൂപ്ലിക്കേറ്റ് ഐശ്വര്യാറായി)യെയാണ് തേജ് പ്രതാപിന്റെ തലയില്‍ ഇക്കഴിഞ്ഞ മെയ് 13ന് ലാലുവും ഭാര്യ റാബ്‌റിയും ചേര്‍ന്ന കെട്ടിവച്ചത്. പെണ്ണാണെങ്കില്‍ വലിയ പരിഷ്‌കാരി. ഡല്‍ഹിയില്‍ പഠിച്ചവള്‍, നാക്കെടുത്താല്‍ ഇംഗ്ലീഷേ വരൂ. കണവന്‍ തേജ് പ്രസാദിനാണെങ്കില്‍ കഷ്ടി മൈഥിലി-ഭോജ്പുരി ഹിന്ദിമാത്രം അറിയാം. ‘നിന്നെ പ്രണയവലയത്തിലാക്കുവാന്‍ ഒന്നു ചുംബിക്കാന്‍ അഭിനിവേശം’ എന്ന് മൈഥിയില്‍ പാടിയാലും മനസിലാകാത്ത മരക്കഴുതക്കുട്ടിയായ ഐശ്വര്യയെ വേണ്ടെന്ന് തേജ്പ്രതാബ് വിവാഹമോചനത്തിനു കേസ് കൊടുത്തിരിക്കുന്നു. സത്യവാങ്മൂലത്തില്‍ തന്നെ പീഡിപ്പിച്ചതിന് മീ ടൂ’ വകുപ്പും ചേര്‍ത്തിട്ടുണ്ടെന്നാണ് ശ്രുതി.
തമിഴക മുന്‍ മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധിയുടെ പുത്രിയും പാര്‍ലമെന്റംഗവും സര്‍വോപരി കവയിത്രിയുമായ കനിമൊഴിയുടെ പരാതി മറ്റൊന്ന്. അതു മൊഴിയാന്‍ വിമാനക്കൂലിയും നല്‍കി ഷാര്‍ജ പുസ്തകോത്സവം വരെ കനിമൊഴിക്ക് പറക്കേണ്ടിവന്നു. ‘മീ ടൂ’ പ്രസ്ഥാനം പുരുഷന്‍മാരെ ചീത്തയാക്കാനുള്ള തന്ത്രമായി പെണ്‍കള്‍ വളര്‍ത്തിയെടുത്തിരിക്കുന്നുവെന്നാണ് കനിമൊഴിയാല്‍ മൊഴി. അതും ‘പശുവും ചത്തു മോരിലെ പുളിയും പോയി’ എന്ന മട്ടില്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞു. പക്ഷേ ലൈംഗിക പീഡനം അനുഭവിക്കുന്ന ‘ആണ്‍കുലത്തെ യാരു കാപ്പറ്റുമെന്റ് ശൊല്‍’ എന്നാണ് കനിമൊഴിയുടെ ആര്‍ദ്രമായ കവിഹൃദയം ചോദിക്കുന്നത്. തമിഴക ആണ്‍ മക്കളേ കനിമൊഴിതാന്‍ ഇനി ഉങ്കള്‍ കടവുള്‍ എന്നു പറയാന്‍ തോന്നിപോകുന്നു.

Related News