കുറച്ച് നാൾ മുമ്പാണ് തിരക്കുകൾക്കിടയിൽ രണ്ട് ഒഴിവു ദിനം ആഘോഷിക്കാൻ മടിക്കേരി ക്ലബ് മഹീന്ദ്ര റിസോർട്ടിലെത്തിയതായിരുന്നു ഞങ്ങൾ, നിയമ പഠന സഹപാഠികൾ. രണ്ടാം ദിവസം, ബാംബൂ ഫോറസ്റ്റിലേക്കുള്ള യാത്രയ്ക്കിടയിലാണ് കാലുകൾ തളർന്ന ആ ഗായകനെ ഞങ്ങൾ കാണുന്നത്. അയാൾ ഏതോ കന്നട പാട്ട് പാടുകയാണ്. ആരും ശ്രദ്ധിക്കുന്നില്ല. പെട്ടെന്നാണ് ടൂറിസ്റ്റുകളിലൊരാൾ അയാളുടെ കയ്യിലെ മൈക്ക് വാങ്ങി പാടിത്തുടങ്ങിയത്.
രാമത്തുളസീദളം ചാർത്തി നിൽക്കും
നീ രാമയണത്തിലെ സീതയാണോ
ചന്ദനം തേയ്ക്കും നിൻ മാറിലുറങ്ങാൻ
സുന്ദരീ ഞാനെന്നും കാത്തിരിക്കും…
ടൂറിസ്റ്റുകളിലധികവും മലയാളികളായിരുന്നു. ”ജയചന്ദ്രന്റെ അതേ ശബ്ദം” ആരോ പറയുന്നുണ്ടായിരുന്നു. നിമിഷ നേരത്തിനുള്ളിൽ അയാളുടെ മുന്നിലെ പാത്രത്തിൽ നോട്ടുകളും നാണയത്തുട്ടുകളും വന്നു നിറഞ്ഞു. ആ ഗായകനെ സഹായിക്കുകയായിരുന്നു ബാംബൂ ഫോറസ്റ്റ് കണ്ടു മടങ്ങുകയായിരുന്ന ആ മനുഷ്യൻ. ആ പാട്ട് മുഴുവൻ പാടൂന്ന് ഞങ്ങൾ പറഞ്ഞുവെങ്കിലും അയാൾക്ക് ട്രെയിനിന്റെ സമയമായിരുന്നു.
പ്രണയഗാനങ്ങൾക്ക് ഭാവസൗന്ദര്യം പകർന്ന പി ജയചന്ദ്രന്റെ നാദമാധുരി അനശ്വരമാക്കിയ അധികം ശ്രദ്ധിക്കപ്പെടാതെ പോയൊരു ഗാനം. ഹരിഹരൻ സംവിധാനം ചെയ്ത ‘മുത്തുചിപ്പികൾ’ എന്ന ചിത്രത്തിലെ ”താളിക്കുരുവി…” എന്നു തുടങ്ങുന്ന ഗാനത്തിന്റെ ചരണമാണെന്ന് തിരിച്ചറിയാൻ അധികം ആലോചിക്കേണ്ടി വന്നില്ല.
അരനൂറ്റാണ്ടിലേറെക്കാലമായി നാദമാധുരികൊണ്ട് മലയാളികളെ വിസ്മയിപ്പിച്ചുകൊണ്ടിരുന്ന പി ജയചന്ദ്രൻ വിടവാങ്ങിയ വാർത്ത കേട്ടപ്പോൾ പേരറിയാത്ത ആ ഗായകനും ആ ജയചന്ദ്രഗാനവും ഓർമ്മയിൽ തെളിഞ്ഞു.
1965ൽ കുഞ്ഞാലി മരക്കാർ എന്ന സിനിമയിലെ ‘മുല്ലപ്പൂ മാലയുമായ്…” എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നുവരുന്നത്. എന്നാൽ തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘കളിത്തോഴൻ’ എന്ന ചിത്രത്തിൽ ദേവരാജൻ മാഷ് ഈണം നൽകിയ ”മഞ്ഞലയിൽ മുങ്ങി തോർത്തി…” ആണ് അദ്ദേഹത്തെ പ്രശസ്തനാക്കുന്നത്. യേശുദാസിന്റെ ശബ്ദം സംഗീത ലോകം കീഴടക്കിയ കാലഘട്ടത്തിൽ, യേശുദാസിനെ അനുകരിക്കാതെ, അതിലും ആർദ്രമായ ശബ്ദത്തിലൂടെ ആ ഭാവഗായകൻ മലയാളി മനസ് കീഴടക്കി. ആർക്കും അനുകരിക്കാനാവാത്ത ആ ആലാപന ശൈലി വേറിട്ടു നിന്നു. ‘മഞ്ഞലയിൽ മുങ്ങിതോർത്തി’ മുതൽ ‘ഓലഞ്ഞാലി കുരുവി’ വരെ മനസിൽ തേൻമഴയായി പെയ്തിറങ്ങിയ എത്രയെത്ര ഭാവഗീതങ്ങൾ. പാടിയതൊക്കെ ഹിറ്റാക്കി മാറ്റിയ ആ ശബ്ദ സൗകുമാര്യം, ‘രാസാത്തി ഉന്നെ കാണാതെ‘യിലൂടെ തമിഴകവും കീഴടക്കി വിടവാങ്ങുമ്പോൾ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ.
മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും, സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും നേടിയ അദ്ദേഹത്തിന് കേരള സർക്കാർ ജെ സി ഡാനിയൽ പുരസ്കാരവും തമിഴ്‌നാട് സർക്കാർ കലൈമാമണി ബഹുമതിയും നൽകി ആദരിച്ചു. ഒരു പത്മശ്രീയോ പത്മഭൂഷണോ ജീവിച്ചിരുന്നപ്പോൾ തേടിയെത്തിയില്ലെന്നത് മലയാളിയുടെ ദുഃഖമായി അവശേഷിക്കുന്നു.
1972ൽ പുറത്തിറങ്ങിയ സേതുമാധവൻ സംവിധാനം ചെയ്ത ‘പണിതീരാത്ത വീട്’ എന്ന സിനിമയിലെ “സുപ്രഭാതം…” എന്ന ഗാനത്തിനായിരുന്നു ആദ്യമായി സംസ്ഥാന അവാർഡ് അദ്ദേഹത്തെ തേടി എത്തിയത്. മഞ്ഞണിഞ്ഞ നീലഗിരിയുടെ പുലരിയിൽ സുന്ദരനായ പ്രേംനസീർ അലസമായി, ആർദ്രമായി പാട്ടുംപാടി നടക്കുന്നത് എന്നും പ്രണയാർദ്രമായൊരു ഓർമ്മയാണ്. വയലാറിന്റെ മനോഹരമായ പ്രകൃതി വർണനയ്ക്ക് മോഹനരാഗത്തിന്റെ വശ്യത ചാർത്തി എം എസ് വിശ്വനാഥൻ ഈണം പകർന്നപ്പോൾ. പ്രണയാർദ്രമായി ആലപിച്ച് ജയചന്ദ്രൻ നടന്നുകയറിയത് സംസ്ഥാന അവാർഡിലേക്ക്. ഛായാഗ്രഹണത്തിലെ ചാരുത കൂടി കൊണ്ടാവണം ഇന്നും ഈ ഗാനം കേൾക്കുമ്പോൾ മനസിന്റെ ഫ്രെയിമിൽ നീലഗിരിക്കുന്നുകളും സുന്ദരനായ പ്രേം നസീറും നിറയുന്നു. മലയാളിയുടെ പുലരികളെ കുളിരണിയിക്കുന്ന പ്രണയാർദ്രഗാനം, അരനൂറ്റാണ്ടിനിപ്പുറവും ജയചന്ദ്രൻ ഹിറ്റ്സിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ്.
എം ടി വാസുദേവൻ നായരുടെ കഥയ്ക്ക് അദ്ദേഹം തന്നെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് 1978ൽ പുറത്തിറങ്ങിയ ബന്ധനം എന്ന ചിത്രത്തിലെ ”രാഗം ശ്രീരാഗം…”എന്ന ഗാനം ഒഎൻവിയുടെ വരികൾക്ക് എംബിഎസിന്റെ സംഗീതം. ഭാവപൂർണമായ ആലാപനത്തിലൂടെ വീണ്ടും സംസ്ഥാന അവാർഡിലേയ്ക്ക്. ഓരോ കേൾവിയിലും അനിർവചനീയമായ ഒരനുഭൂതി പകർന്ന് അനശ്വരമായി മാറിയ മറ്റൊരു ഭാവഗാനം.
1999ൽ ‘നിറ’ത്തിലെ “പ്രായം നമ്മിൽ മോഹം നൽകി..” എന്നഗാനം ബിച്ചു തിരുമലയുടെ വരികൾ ആനന്ദഭൈരവി രാഗത്തിൽ വിദ്യാസാഗർ ചിട്ടപ്പെടുത്തിയപ്പോൾ കാമ്പസുകൾക്ക് ലഭിച്ചത് ഒരടിച്ചുപൊളി പാട്ട്. ആ അടിച്ചു പൊളി പാട്ടിന്റെ ഭാവം ഉൾക്കൊണ്ട് അത്യുഗ്രൻ ആലാപനത്തിലൂടെ ഭാവഗായകന്റെ തിരിച്ചുവരവ്. മൂന്നാമത്തെ സംസ്ഥാന അവാർഡ് നേടി കൊടുത്തു ഈ അടിച്ചുപൊളി ഗാനം.
“നീയൊരു പുഴയായ് തഴുകുമ്പോൾ
ഞാൻ പ്രണയം വിടരും കരയാകും…”
കൈതപ്രം നമ്പൂതിരിയുടെ പ്രണയാർദ്രമായ വരികൾക്ക് കൈതപ്രം വിശ്വനാഥന്റെ രാഗച്ചാർത്ത്. ഒരു കുളിർ മഴയായി പ്രണയികളുടെ മനസിൽ പെയ്തിറങ്ങിയ ‘തിളക്ക’ത്തിലെ പ്രണയാർദ്ര ഗാനത്തിലൂടെ വീണ്ടും പുരസ്കാര നിറവിലേക്ക്.
2015ലാണ് ഒടുവിലായി സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. ‘ജിലേബി‘യിലെ ”ഞാനൊരു മലയാളി…”, ‘എന്നും എപ്പോഴു‘മിലെ ”മലർവാകക്കൊമ്പത്ത്…”, ‘എന്നു നിന്റെ മൊയ്തീനിലെ ”ശാരദാംബരം…” എന്നീ ഗാനങ്ങൾ പരിഗണിച്ചായിരുന്നു അവാർഡ്.
ഒരു തവണ മാത്രമാണ് അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിക്കുന്നത്. പി എ ബക്കർ സംവിധാനം ചെയ്ത ‘ശ്രീനാരായണ ഗുരു’ എന്ന ചിത്രത്തിൽ, ദേവരാജൻ മാഷ് ഈണമിട്ട ”ശിവശങ്കര ശർവ ശരണ്യവിഭോ…” എന്ന ശിവസ്തുതിയാണ് ദേശീയ അംഗീകാരം നേടിക്കൊടുത്തത്. ഇതെഴുതിയതാകട്ടെ ശ്രീനാരായണ ഗുരുവും.
1994ൽ ‘കിഴക്കുശീമയിലെ’ എന്ന ചിത്രത്തിലെ “കത്താഴൻ കാട്ടുവഴി…” എന്ന എ ആർ റഹ്‌മാൻ ഗാനത്തിന് തമിഴ്‌നാട് സംസ്ഥാന ഗവണ്മെന്റിന്റെ മികച്ച ഗായകനുള്ളസിനിമാ പുരസ്കാരം പി ജയചന്ദ്രനു ലഭിച്ചു. 1997ൽ സിനിമാഗാനരംഗത്തെ 30 വർഷത്തെ പ്രവർത്തനസാന്നിധ്യത്തിന് തമിഴ്‌നാട് ഗവൺമന്റ് കലാകാരന്മാർക്കുള്ള അവരുടെ സമുന്നത അംഗീകാരമായ ‘കലൈമാമണി പുരസ്കാരം’ നൽകി ആദരിച്ചു.
വീണ്ടും ചില സ്വകാര്യ ഓർമ്മകളിലേക്ക്. 2023 ൽ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ തീം സോംഗ് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് റെക്കോർഡ് ചെയ്യേണ്ടതുണ്ടായിരുന്നു. ഒരു ഗായികയും ഗായകനും വേണം. ഗായിക, സുജാത ചേച്ചി. ഞങ്ങളുടെ സ്റ്റേറ്റ് ഐക്കൺ കൂടിയാണ്. ഗായകനായി മധു ബാലകൃഷ്ണനെയായിരുന്നു ഇതിനായി നിയോഗിച്ച ഏജൻസി നിർദ്ദേശിച്ചത്. എന്നാൽ അതിന് പി ജയചന്ദ്രൻ മതിയെന്ന് ഞാൻ നിർദ്ദേശിച്ചപ്പോൾ സമ്മതിക്കുക പ്രയാസമാവുമെന്നായി ഏജൻസി. ഒന്ന് ശ്രമിച്ചു നോക്കട്ടെ എന്നായി ഞാൻ. വിളിച്ചപ്പോൾ ഫോണെടുത്തില്ല. കുറച്ച് കഴിഞ്ഞ് ഒന്ന് കൂടി വിളിക്കാമെന്ന് കരുതിയിരിക്കുമ്പോൾ, ആ നമ്പറിൽ നിന്ന് കോൾ വരുന്നു. വർഷങ്ങളായി നെഞ്ചിലേറ്റിയ എത്രയോ ഭാവഗീതങ്ങൾ ഓർമ്മയിൽ മിന്നി മാഞ്ഞു. ആ ഗാനങ്ങൾ അനശ്വരമാക്കിയ ഭാവഗായകനാണ് അപ്പുറം. എത്ര ശാന്തമായായിരുന്നു അദ്ദേഹം സംസാരിച്ചത്. ഒരു മടിയുമില്ലാതെ സമ്മതിച്ചു. കുട്ടിക്കാലം മുതലേ ഞാൻ അങ്ങയുടെ ഫാനായിരുന്നെന്ന് പറഞ്ഞപ്പോൾ ചിരിച്ചു.
കരിമുകിൽ കാട്ടിലെ (കള്ളിച്ചെല്ലമ്മ ), നിൻ മണിയറയിലെ (സി ഐഡി നസീർ ), ഇഷ്ടപ്രാണേശ്വരി (ചുക്ക് ), ഹർഷബാഷ്പം തൂകി (മുത്തശ്ശി), സ്വപ്നലേഖേ നിന്റെ (അങ്കത്തട്ട്- മാധുരിക്കൊപ്പം), റംസാനിലെ ചന്ദ്രികയോ (ആലിബാബയും നാല്പത്തൊന്നു കള്ളന്മാരും), ചുവരില്ലാതെ ചായങ്ങളില്ലാതെ (മയൂഖം)… തുടങ്ങി എന്റെ ഇഷ്ടഗാനങ്ങളുടെ പട്ടിക നിരത്തിയപ്പോൾ ക്ഷമയോടെ കേട്ടു സന്തോഷം അറിയിച്ചു. നാലുവരി പാടി തരാമോയെന്ന് ചോദിക്കാൻ മനസ് പലപ്രാവശ്യം ആവശ്യപ്പെട്ടു. പക്ഷേ, ധൈര്യമുണ്ടായില്ല. ദേഷ്യക്കാരനാണെന്നാണല്ലോ കേട്ടിട്ടുള്ളത്. നേരിട്ട് ആ പാട്ട് കേൾക്കാൻ യോഗമില്ലാന്ന് കരുതി തെല്ലു നിരാശപ്പെട്ടു.
പിന്നീട് ഒരിയ്ക്കൽക്കൂടി വിളിച്ചു. 2023 ൽ തന്നെയായിരുന്നു അതും. ജനയുഗം വാരാന്ത പതിപ്പിന് ഓണം ഓർമ്മയ്ക്കായിരുന്നു ആ വിളി. മുമ്പൊരിക്കൽ ഇലക്ഷന്റെ തീം സോങ്ങിനായി വിളിച്ചിരുന്ന കാര്യം പറഞ്ഞപ്പോൾ ഓർമ്മയുണ്ടെന്ന് പറഞ്ഞു. എന്നാൽ ഓണം ഓർമ്മയ്ക്കായാണെന്ന് പറഞ്ഞപ്പോൾ, ഇപ്പോഴെന്ത് ഓണം എന്നായിരുന്നു ആദ്യ പ്രതികരണം. ഫോൺ കട്ടു ചെയ്യുമോയെന്ന് പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം വാചാലനായി.
1944 മാർച്ച് മൂന്നിന് പാലിയത്ത് സുഭദ്ര കുഞ്ഞമ്മയുടെയും എറണാകുളം രവിപുരത്ത് ഭദ്രാലയത്തിൽ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും മകനായി പിറന്ന ജയചന്ദ്രന്റെ ബാല്യകാലം പാലിയത്ത് അമ്മയുടെ തറവാട്ടിലായിരുന്നു. കുട്ടിക്കാലത്തെ ഓണത്തെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം വാചാലനായി. ഓണപ്പാട്ടും, പൂനുള്ളലും, പൂക്കളവും, പുലികളിയും, ഓണ സദ്യയുമൊക്കെ നിറം പകർന്ന 50 കളിലെ ഓണത്തെക്കുറിച്ച് പറയുമ്പോൾ ഒരു കൊച്ചുകുട്ടിയുടെ ഉത്സാഹമായിരുന്നു. പിന്നെ ഇക്കാലത്തെ ഇൻസ്റ്റന്റ് ഓണത്തെക്കുറിച്ച് പരിതപിച്ചു. ഇഷ്ടപ്പെട്ട ഓണപ്പാട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം പാടി…
“എന്തെന്റെ മാവേലിയെഴുന്നള്ളാത്തൂ
കുന്നല നാടു കാണാനെഴുന്നള്ളാത്തൂ
പൊന്നോണപ്പൂ വിരിയും തൊടിയിലെന്തേ നിന്റെ
ചന്ദന മെതിയടിയൊച്ച കേൾക്കാത്തൂ
തൃച്ചംബരത്തു കുളിച്ചു തൊഴാൻ
പ്പൊയൊരിത്തിരിപ്പൂവും തിരിച്ചു വന്നൂ
തെച്ചിയും തുമ്പയും തമ്പുരാന്റെ പൊന്നു…”
എന്നും ആരാധനയോടെ മാത്രം കേട്ടിരുന്ന ശബ്ദമാണ് അങ്ങേത്തലയ്ക്കൽ. ഇങ്ങേത്തലയ്ക്കൽ റിസീവറും പിടിച്ച് സ്വപ്നത്തിലെന്നപോലെ ഞാനിരുന്നു. നന്ദി പറഞ്ഞ് ഫോൺ വയ്ക്കുമ്പോഴും ഞാനേതോ സ്വപ്നലോകത്തായിരുന്നു. ജീവിതത്തിലെ ധന്യനിമിഷങ്ങളിലൊന്ന്.
ഇന്ന് ഞാനിതെഴുതുമ്പോൾ അദ്ദേഹം നമ്മോടൊപ്പമില്ല. ആറ് പതിറ്റാണ്ടുകാലം മലയാളിയുടെ ഹൃദയരാഗമായിരുന്ന, ആ മാന്ത്രികശബ്ദം നിലച്ചിരിക്കുന്നു. പക്ഷേ,
”അനുരാഗഗാനം പോലെ
അഴകിൻറെ അലപോലെ…” ആ നാദമാധുരി മലയാളിയുള്ള കാലത്തോളം അലയടിച്ചു കൊണ്ടേയിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.