കല്ലാര്‍ സ്‌കൂളില്‍ കുട്ടികളുടെ ആഴ്ചചന്ത ഒരുങ്ങി

Web Desk
Posted on July 19, 2019, 9:05 pm

സുനില്‍ കെ കുമാരന്‍

നെടുങ്കണ്ടം: വിഷരഹിത പഴപച്ചക്കറിയുടെ ആഴ്ച ചന്തയൊരുക്കി നെടുങ്കണ്ടം കല്ലാര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ കുട്ടികള്‍ ശ്രദ്ധേയമാകുന്നു. സ്വന്തം വീടുകളില്‍ കുട്ടികള്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറിയാണ് ഇവിടെ വിപണനം നടത്തുന്നത്. ക്യഷി ഭവനില്‍ നിന്നും മറ്റ് കുട്ടികളും രക്ഷകര്‍ത്താക്കളും നല്‍കുന്ന വിത്തുകളാണ് സ്വന്തം അദ്ധ്വാനത്തില്‍ വിളയിച്ചെടുക്കുന്നത്. വെള്ളിയാഴ്ച ദിവസമാണ് സ്‌കൂളില്‍ തന്നെ ചന്ത ഒരുക്കുന്നത്. ഉച്ചസമയത്തെ ഒരു മണിക്കൂറാണ് ഇതിനായി കുട്ടികള്‍ ഉപയോഗിക്കുന്നത്.

പൊതുമാര്‍ക്കറ്റിലെ വിലയെക്കാള്‍ കുറഞ്ഞ വിലയിലാണ് ഇവര്‍ വില്‍ക്കുന്നത്. കൊണ്ടുവരുന്ന ഉല്‍പ്പന്നങ്ങളെല്ലാം തന്നെ കുട്ടികളും അദ്ധ്യാപകരും അറിഞ്ഞെത്തിയ നാട്ടുകാരുമാണ് ഇത് വാങ്ങുന്നത്. കറിവേപ്പില മുതല്‍ വരിക്ക ചക്കവരെ ഇവിടെ ലഭ്യമാകും. വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകള്‍ ഒത്തു ചേര്‍ന്നാണ് ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയുള്ള ഈ നൂതന ആശയം വിദ്യാലയത്തില്‍ നടപ്പാക്കുന്നത്. രാസവളങ്ങളും രാസ കീടനാശിനി പ്രയോഗവും ഭക്ഷ്യവസ്തുക്കളില്‍ വേണ്ട എന്ന അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ലാഭേച്ഛലേശമില്ലാതെ ഇത്തരം ഒരു പരിപാടി വിദ്യാലയത്തില്‍ ആരംഭിച്ചിട്ടുള്ളതെന്ന് കൃഷി ക്ലബ്ബ് കണ്‍വീനറും അധ്യാപികയുമായ സിനി മാത്യു പറഞ്ഞു.

വിദ്യാലയത്തിലെ വിഷ രഹിത ആഴ്ചചന്തയുടെ ഉദ്ഘാടനം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ .ആര്‍. ഉണ്ണിക്യഷ്ണന്‍ നായര്‍ നിര്‍വ്വഹിച്ചു .അദ്ധ്യാപകരായ എം.എം. ആന്‍ഡ്രൂസ്, പ്രജിതാ .എന്‍, സിന്ധു പി.ഡി, അനീഷ് കുമാര്‍, ചാന്ദ്‌നി കെ.എസ്, ദിവ്യാമോള്‍ പി.കെ, ശ്രുതി. എസ്സ്, അബിളി ശിവന്‍, അമിദാ സുനില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആഴ്ചമാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

vegetable