സഞ്ചാരികളെ മാടിവിളിച്ച് ആഴിമല കടല്‍ത്തീരം

Web Desk
Posted on May 19, 2019, 10:05 pm

സന്തോഷ് എന്‍ രവി

വിഴിഞ്ഞം: പ്രകൃതി ഒരുക്കിയ സൗന്ദര്യം ചോര്‍ന്നുപോകാതെ തീര കാഴ്ച ആസ്വദിക്കാന്‍ കടല്‍ തിരകള്‍ സഞ്ചാരികളെ മാടിവിളിക്കുകയാണ് ആഴിമല കടല്‍ത്തീരത്തിലേക്ക്. വമ്പന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളോ മാലിന്യകൂമ്പാരങ്ങളോ ഈ തീരത്തില്ല.
വെള്ളമണല്‍ വിരിച്ച തീരവും തിരകളുടെ ശബ്ദവും മാത്രമാണ് എങ്ങും. തീരത്തിനോട് ചേര്‍ന്ന ഹോട്ടലുകളില്‍ എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാവുകയാണിവിടം.
രാവിലെയും വൈകുന്നേരവും തീരത്തിനോട് ചേര്‍ന്ന ആഴിമല ശിവ ക്ഷേത്രത്തിലെ പൂജയോടനുബന്ധിച്ച മണിയടിശബ്ദം, ഹോട്ടലുകാരുടെയും ടൂറിസംവകുപ്പിന്റെയും ഏതാനും ലൈഫ് ഗാര്‍ഡുകള്‍, സുരക്ഷയ്ക്കായി രണ്ടു പൊലീസുകാര്‍ ഇത്രയുമാണ് ഈ ടൂറിസം കേന്ദ്രത്തില്‍ ഉള്ളത്.
മറ്റു ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ കെട്ടിടങ്ങളോ വഴിവാണിഭക്കാരുടെ ശല്യമോ ഇല്ലെന്നുള്ളതും ഒരു പ്രത്യേകതയാണ്. എന്നാല്‍ ഈ ബീച്ചിന് ടൂറിസം വകുപ്പ് വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നാണ് ആക്ഷേപം.

ടൂറിസത്തിന് സാധ്യത കൂടുതല്‍

പ്രകൃതിയുടെ സൗന്ദര്യത്തിനു കോട്ടം തട്ടാതെ ഇവിടെ വേണ്ടത്രസൗകര്യങ്ങള്‍ ഒരുക്കിയാല്‍ വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയും. കടലില്‍ കുളിക്കുന്നവര്‍ക്ക് ആവശ്യമായ സുരക്ഷ, തീരത്ത് വഴിവിളക്കുകള്‍, ആവശ്യത്തിന് യാത്രസൗകര്യം എന്നിവയെല്ലാം ഒരുക്കിയാല്‍ ഇവിടെ വിനോദസഞ്ചാരകേന്ദ്രത്തിന് വന്‍സാധ്യതകള്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കടലിനോടു ചേര്‍ന്ന ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ ഇപ്പോള്‍ മണിക്കൂറുകളോളം ഇവിടെ തങ്ങുകയാണ്.

തീരത്തെ ഗുഹയും നീരുറവയും

പാണ്ഡവന്മാര്‍ അജ്ഞാതവാസ കാലത്ത് ഇവിടെ താമസിച്ചിരുന്നുവെന്നതുള്‍പ്പെടെയുള്ള ഐതിഹ്യങ്ങള്‍ പറയുന്ന കിണ്ണിക്കുഴി(പാണ്ഡവ തീര്‍ത്ഥം)എന്ന ഒരു നീരുറവയും ഒരു ഗുഹയും ഇവിടുണ്ട്. ക്ഷേത്ര ഐതിഹ്യവുമായി ബന്ധപെട്ട് ഈ നീരുറവയ്ക്ക് പ്രാധാന്യം കല്‍പിക്കുന്നതിനാല്‍ ഇപ്പോഴും തദ്ദേശീയരായ സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.

മണല്‍പ്പരപ്പിലെ പച്ചപ്പ്

മണല്‍പ്പരപ്പില്‍ നിന്നും നോക്കിയാല്‍ തീരത്തിന് എതിര്‍ വശത്ത് പാറക്കൂട്ടങ്ങളും കൈതക്കാടുകളും കാണാന്‍ കഴിയും. പാറക്കൂട്ടങ്ങള്‍ക്കു സമീപത്തെ ചെറു വെള്ളക്കെട്ടും പാറക്കൂട്ടങ്ങള്‍ക്കു മുകളിലെ കള്ളിച്ചെടികളും സെല്‍ഫി പ്രേമികളുടെ ഇഷ്ടസ്ഥലമാണ്. തീരത്തു നിന്നും ഉയര്‍ന്ന ഭാഗത്ത് തെങ്ങിന്‍ തോപ്പുകളാണ്. ഇതും തീരത്തിന് സൗന്ദര്യം വര്‍ധിപ്പിക്കുകയാണ്.

കള്ളിമുള്‍ ചെടിയുടെ സൗന്ദര്യം

കടല്‍ തീരത്തിനോട് ചേര്‍ന്ന പാറകളില്‍ നിറഞ്ഞുനില്‍ക്കുന്ന കള്ളിമുള്‍ ചെടികളാണ് മറ്റൊരു പ്രധാന ആകര്‍ഷണം. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കള്ളിച്ചെടികള്‍ ഇത്രയധികം ഇവിടല്ലാതെ മറ്റൊരിടത്തും കാണാനാകില്ല.പാറകള്‍ക്കു മേല്‍ നിറഞ്ഞു വളര്‍ന്നു പൂത്തുനില്‍ക്കുന്ന കള്ളിച്ചെടികളുടെ ഭംഗി മനോഹരമായി കാണുന്നതും ഇവിടെയാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ ഓരോ പ്രവിശ്യകളും വേര്‍തിരിച്ചു സംരക്ഷിക്കാന്‍ ഇവ എത്തിച്ചതാണെന്നു ചരിത്രം പറയുന്നു. പിന്നീട് നാട്ടുകാര്‍ മൃഗങ്ങളില്‍ നിന്നും കൃഷിയും അതിര്‍ത്തിയും സംരക്ഷിക്കാന്‍ ഇവ നട്ടുവളര്‍ത്തി. ഇപ്പോള്‍ ഉദ്യാനസസ്യം എന്ന നിലയില്‍ പലരും വളര്‍ത്തുന്നതല്ലാതെ ഇത്രയധികം മറ്റൊരിടത്തും കാണാവില്ല.

You May Like This Video: