രാസവളം കുറയ്‌ക്കേണ്ടതിന്‍റെ ആവശ്യകത

Web Desk
Posted on January 19, 2018, 10:13 pm

മഞ്ജുഷ ആര്‍ എസ്

രാസവളം കുറയ്‌ക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി നമ്മുടെ കൃഷിക്കാര്‍ പലരും ഇപ്പോള്‍ ബോധവാന്മാരാണെങ്കിലും ബദല്‍ മാര്‍ഗ്ഗങ്ങളെക്കുറിച്ച് അജ്ഞരാണ്. നൈട്രജന്‍ അടങ്ങിയ വളങ്ങളാണ് കര്‍ഷകര്‍ കൂടുതലായി ഉപയോഗിക്കുന്നതും, പ്രകൃതി മലിനീകരണത്തിന് വഴിയൊരുക്കുന്നതും. നൈട്രജന്‍ ചെടികള്‍ക്ക് നല്‍കാന്‍ പ്രകൃതി ഒരുക്കിയ ഒരു സസ്യമാണ് അസോള അഥവാ അവില് പായല്‍. ശുദ്ധജലത്തില്‍ പൊങ്ങിക്കിടന്നു വളരുന്ന ഒരു പന്നല്‍ വര്‍ഗ്ഗച്ചെടിയാണ് അസോള.

നമ്മുടെ വയലുകളിലും നീരൊഴുക്കു കുറഞ്ഞ ജലസേചന ചാലുകളിലും കണ്ടുവന്നിരുന്ന അസോള ഇപ്പോള്‍ പാടം നികത്തലും അമിത രാസവള കീടനാശിനി പ്രയോഗവും ആഫ്രിക്കന്‍ പായല്‍, കുളവാഴ തുടങ്ങിയ അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റവും കാരണം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ചെടികളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമായ മൂലകങ്ങളിലൊന്നായ നൈട്രജന്‍ ഉണ്ടാക്കുന്ന പ്രകൃതിയിലെ ഫാക്ടറികളായി ഇവയെ കണക്കാക്കാം. അസോളച്ചെടികളുടെ ഇലയ്ക്കുള്ളില്‍ കാണുന്ന സൂക്ഷ്മജീവികളായ നീലഹരിത പായലുകളാണ് യഥാര്‍ത്ഥത്തില്‍ അന്തരീക്ഷ നൈട്രജനെ നൈട്രേറ്റ് രൂപത്തിലാക്കി അസോളക്കുള്ളില്‍ സൂക്ഷിക്കുന്നത്. സ്വന്തം ഇലക്കുള്ളില്‍ത്തന്നെ വളര്‍ച്ചാപോക്ഷണം ഇങ്ങനെ ലഭിക്കുന്നതിനാല്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ചെടികളിലൊന്ന് എന്ന പ്രത്യേകതയും അസോളക്കുണ്ട്. അതിനാല്‍ത്തന്നെ നെല്‍ക്കൃഷിയ്ക്കും, പച്ചക്കറിക്കൃഷിക്കും മറ്റും ആവശ്യമായ ജൈവവളവും രാസവളവും ഒരുമിച്ച് നല്‍കുന്ന ജീവാണു വളമായി അസോളയെ കണക്കാക്കാം. ഏതാണ്ട് 1500 വര്‍ഷം മുമ്പ് തന്നെ നെല്‍ക്കൃഷിയില്‍ വളമായി അസോള ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.

വയലില്‍ ഇടവിളയായി നെല്ലിനൊപ്പം അസോള വളരും. നെല്‍ച്ചെടിയോട് ഒരുവിധത്തിലും ഇവ മത്സരിക്കുന്നില്ല എന്നുമാത്രമല്ല നെല്ലിലെ കളനിയന്ത്രണത്തിനും സഹായിക്കും. 50% തണല്‍ ഇഷ്ടപ്പെടുന്ന അസോളക്ക് നെല്‍ച്ചെടികളുടെ തണല്‍ ഗുണകരവുമാണ്. ഒരു ഹെക്ടര്‍ പാടത്ത് 25–30 കി.ഗ്രാം നൈട്രജന്‍ ലഭ്യമാക്കാന്‍ അസോളക്ക് കഴിവുണ്ട്. അതുവഴി ഒരു വിള നെല്‍ക്കൃഷിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്ന നൈട്രജന്‍ വളത്തിന്റെ പകുതിയോളം അളവ് ഇവ നല്‍കുന്നതായി കണക്കാക്കാം. ഞാറ് നട്ട് 10 ദിവസത്തിനുശേഷം സെന്റിന് 2 കിലോഗ്രാം എന്ന അളവില്‍ പുതുതായി ശേഖരിച്ച അസോള വിത്ത് വിതറിയാല്‍, നെല്ല് വളരുന്നതിനൊപ്പം ഇവ വളരുകയും നെല്ലിന്റെ തണല്‍ കൂടുന്തോറും സ്വയം ചീഞ്ഞ് വളമായി മാറി പില്‍ക്കാല വളര്‍ച്ചാഘട്ടങ്ങളില്‍ സഹായകരമാവുകയും ചെയ്യുന്നു. വിത്ത് വിതറി ഒരു മാസത്തിനുശേഷം വെളളം വറ്റിച്ച വയലില്‍ ചവിട്ടി താഴ്ത്തുകയും തുടര്‍ന്ന് വെളളം കയറ്റി വീണ്ടും വളരാന്‍ അനുവദിക്കുക എന്ന രീതിയും അനുവര്‍ത്തിക്കാം. വര്‍ഷം മുഴുവന്‍ ജലലഭ്യതയുളള പാടങ്ങളില്‍ അസോള സ്ഥിരമാക്കുകയും അല്ലാത്ത സ്ഥലങ്ങളില്‍ മറ്റിടങ്ങളില്‍ വളര്‍ത്തി നെല്‍പ്പാടങ്ങളില്‍ കൊണ്ടുവന്ന് ചേര്‍ക്കാവുന്നതുമാണ്.

നൈട്രജന്‍ കൂടാതെ അസോളയില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസും പൊട്ടാസ്യവും ചെടികളുടെ വളര്‍ച്ചയ്ക്ക് വളരെയധികം സഹായിക്കുന്നു. ഗ്രോബാഗിലെ ചെടികള്‍ക്കും പച്ചക്കറിത്തൈകള്‍ക്കും ചുവട്ടില്‍ അസോള ഇട്ടുകൊടുത്താല്‍ മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും കളകളെ നിയന്ത്രിക്കാനും സാധിക്കും. അതിനാല്‍ മട്ടുപ്പാവ് കൃഷിക്കാരും, വീട്ടുവളപ്പിലെ പച്ചക്കറിക്കൃഷിക്കാരും അത്യാവശ്യം അറിയേണ്ട ജീവാണുവളമാണ് അസോള. മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കുമ്പോള്‍ മണ്ണിരയുടെ ഭക്ഷണമായി അസോള കൊടുത്താല്‍ അവയുടെ വളര്‍ച്ചയും കമ്പോസ്റ്റിലെ നൈട്രജന്റെ അളവും കൂട്ടാം.

അസോളയില്‍ അടങ്ങിയ പ്രോട്ടീന്‍, വിറ്റാമിനുകള്‍, മിനറലുകള്‍ എന്നിവ കാരണം ഇതിനെ ഒരു മികച്ച കാലിത്തീറ്റ, കോഴിത്തീറ്റ, മീന്‍ത്തീറ്റ എന്ന രീതിയിലും ഉപയോഗിക്കാം. നന്നായി കഴുകിയെടുത്ത അസോള തീറ്റയോടൊപ്പം കലര്‍ത്തി പരമാവധി 5 കി.ഗ്രാം വരെ കറവമാടുകള്‍ക്കും നല്‍കാം. കോഴി, കാട, താറാവ് എന്നിവയുടെ തീറ്റയില്‍ 20% വും മീന്‍ തീറ്റയില്‍ 40% വരെയും അസോള ഉള്‍പ്പെടുത്തി ചിലവ് കുറയ്ക്കാം. വലിയ മുതല്‍ മുടക്കും പ്രയത്‌നവും ഇല്ലാതെ ആര്‍ക്കും അസോള കൃഷി ചെയ്യാവുന്നതാണ്. ഏകദേശം 150 ഗേജ് കട്ടിയുള്ള ടാര്‍പോളിന്‍ ഷീറ്റില്‍ വെള്ളം കെട്ടി നിര്‍ത്തിയാല്‍ അസോള വളര്‍ത്താവുന്നതാണ്. ഇതിനായി ഭാഗികമായി തണലുളള സ്ഥലത്ത് ഏകദേശം 15 സെ.മീ. ആഴമുള്ള കുഴികള്‍ എടുത്ത് ഷീറ്റ് വിരിക്കാം. ടെറസ്സില്‍ വളര്‍ത്തുമ്പോള്‍ ഇഷ്ടികയോ തടികൊണ്ടുള്ള ചട്ടമോ നിരത്തി അടിയില്‍ ചാക്ക്, പ്ലാസ്റ്റിക് ഷീറ്റ് എന്നിവ വിരിച്ചതിന് മുകളില്‍ ടാര്‍പോളിന്‍ ഷീറ്റ് വിരിക്കാവുന്നതാണ്. ഗ്രോബാഗ് കൃഷിക്കാര്‍ക്ക് പരന്ന ബേസിനുളളിലും വളര്‍ത്താം. എന്നാല്‍ ചൂട് കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. നേരിട്ടുള്ള സൂര്യപ്രകാശം വളര്‍ച്ചയെ ബാധിക്കും. 50% തണലും 25% ചൂടുമാണ് ഏററവും അനുയോജ്യം. കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നോ ഡയറി വകുപ്പില്‍ നിന്നോ ലഭിക്കുന്ന അസോള വിത്തായി ഉപയോഗിക്കാം. വെള്ളം 5–10 സെ.മീ. ആഴത്തില്‍ നിര്‍ത്താം. എങ്കില്‍ മാത്രമേ അസോളയ്ക്ക് വെള്ളത്തില്‍ പൊങ്ങിക്കിടന്ന് വേരുകള്‍ വഴി മൂലകങ്ങള വലിച്ചെടുക്കാന്‍ സാധിക്കുകയുളളൂ. വെളളം കുറഞ്ഞാല്‍ ഇവ പെട്ടെന്ന് ഉണങ്ങിപ്പോകും.

രണ്ട് സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് 10 കിലോഗ്രം മേല്‍ മണ്ണും രണ്ടര കിലോഗ്രാം ചാണകവും, 30 ഗ്രാം റോക്ക് ഫോസ്‌ഫേറ്റും കലര്‍ത്തിയ മിശ്രിതം അടിയില്‍ നിരത്തി വെള്ളം നിറച്ച് ചെറുതായി തടം ഇളക്കിയ ശേഷം അര കിലോഗ്രാം അസോള വിതറാം. ഇത് ഏകദേശം 10 ദിവസം കൊണ്ട് വളര്‍ന്ന് പച്ചപ്പരവതാനി കണക്കെ നിറയും. തിങ്ങി നിറയുന്നതിന് മുമ്പ് വിളവെടുത്തുകൊണ്ടിരിക്കുക. ആഴ്ചയിലൊരിക്കല്‍ വല ഉപയോഗിച്ച് വാരി എടുത്തതിനു ശേഷം മണ്ണും വെള്ളവും അര കിലോഗ്രാം ചാണകവും, 10–15 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ് എന്നിവ ചേര്‍ത്ത് ഇളക്കിക്കൊടുക്കുന്നത് വളര്‍ച്ചയെ സഹായിക്കും. മാസത്തിലൊരിക്കല്‍ അഞ്ചിലൊന്ന് ഭാഗം മണ്ണ് മാറ്റി പുതിയത് ചേര്‍ക്കുന്നതും പുതിയ വെള്ളം ചേര്‍ക്കുന്നതും നല്ലതാണ്. അസോള തടങ്ങള്‍ 6 മാസത്തിലൊരിക്കല്‍ പുതുക്കുന്നത് കേടുകുറയ്ക്കുന്നതിനും വളര്‍ച്ച നിലനിര്‍ത്തുന്നതിനും സഹായിക്കും. അസോള തിന്നുന്ന ഒച്ചുകളെ കാണുമ്പോള്‍ തന്നെ പെറുക്കി നശിപ്പിക്കുക. അസോളയെ കടന്ന് കൊതുകിന് മുട്ടയിടാന്‍ സാധിക്കാത്തതിനാല്‍ ഇവയെ വളര്‍ത്തിയാല്‍ കൊതുക് ശല്യമുണ്ടാകും എന്ന പേടി വേണ്ട. ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ അസോള ഇപ്പോള്‍ കട്‌ലറ്റ്, അച്ചാര്‍ എന്നിവ ഉണ്ടാക്കുന്നതിനും ഉത്തമമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് കുറച്ച് ഹരിത ഗൃഹ പ്രഭാവത്തെ തടയുന്നതിനും അതുവഴി അന്തരീക്ഷ താപനില കുറച്ച് ഭൂമിയെ രക്ഷിക്കാനും കഴിവുള്ള സസ്യമാണ് അസോള എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.