യോഗിക്ക് പിന്നാലെ മുസ്ലീം ലീഗിനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

കൊച്ചി: മുസ്ലീം ലീഗ് വൈറസ് അല്ല മറിച്ച് നൂറുശതമാനം എയ്ഡ്സാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്. മുസ്ലീം ലീഗ് കേരളത്തില്‍ വളര്‍ന്നുവരുന്ന ഒരു മത സംഘടനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലീം ലീഗ് വൈറസ് ആണെന്ന് പറഞ്ഞതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
യോഗി ആദിത്യ നാഥ് പറഞ്ഞത് ശെരിയാണ് എന്നാല്‍ എന്റെ അഭിപ്രായത്തില്‍ മുസ്ലീം ലീഗ് നൂറുശതമാനം എയ്ഡ്സാണ്. മുസ്ലീം ലീഗ് കേരളത്തിലെ മത സംഘടനയാണ്. ജിന്നയുടെ പാരമ്പര്യമാണ് മുസ്ലീം ലീഗിനുള്ളത്. മതത്തിന്റെ പേരില്‍ വോട്ട് പിടിക്കുന്ന മുസ്ലീം ലീഗിനെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കേണ്ടതായിരുന്നു എന്നും ബി ഗോപാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടിക്കാറാം മീണയെ പരസ്യമായി അധിക്ഷേപിച്ച ബി ഗോപാലകൃഷ്ണന് അദ്ദേഹത്തിന്റെ വിചാരം അദ്ദേഹം മമ്മൂട്ടി ആണെന്നാണ് . എല്ലായ്പ്പോഴും ബിജെപിയുടെ മെക്കിട്ട് കയറുന്ന തിരഞ്ഞെടുപ്പ് കമീഷന് ചുവന്ന ഷര്‍ട്ടിടുന്നത് ഇടതുപക്ഷത്തോടുള്ള മമത കാണിക്കാനാണ്. ബിജെപി വിരുദ്ധത പ്രകടിപ്പിച്ച് മറ്റുള്ളവരുടെ കാവലാളായിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബിജെപി ശബരിമല വിഷയം ഉന്നയിച്ച് വോട്ടുചോദിക്കുമെന്നും ഗോപാലകൃഷ്ണന് പറഞ്ഞു. എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബി ഗോപാലകൃഷ്ണന് തിരഞ്ഞെടുപ്പ് ചട്ടങ്ങളെയും തിരഞ്ഞെടുപ്പ് കമ്മീഷ്ണറെയും അധിക്ഷേപിച്ച് സംസാരിച്ചത്.
രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും പ്രവര്‍ത്തകരെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ബിജെപിയിലേക്കെത്തുകയേ മാര്‍ഗ്ഗമുള്ളൂ. അങ്ങനെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരസ്യമായി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനുമാണ്. അല്ലാന്ന് പറയാന്‍ കെപിസിസി പ്രവര്‍ത്തകര്‍ക്ക് ആകില്ല. സാഹചര്യമനുസരിച്ച് ദൈവങ്ങളെ മാറ്റിപിടിക്കുന്ന കപട ഹിന്ദുവാണ് രാഹുല്‍ ഗാന്ധി. അതുകൊണ്ടാണ് കേരളത്തിലെത്തി അദ്ദേഹം ബലിതര്‍പ്പണം നടത്തിയത്. ന്യൂനപക്ഷ സങ്കേതം തപ്പിയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. രാഹുല്‍ അമേഠ്യയയില് പരാജയപ്പെടും. തിരുട്ട് ഗ്രാമത്തിന്റെ തലവനാണ് രാഹുല്‍ ഗാന്ധി. കള്ളന്മാര് ഒരുമിച്ചുചേരുന്ന ഒളി സങ്കേതമാണ് യുപിഎയെന്നും ഗോപാലകൃഷണന് കൂട്ടിച്ചേര്‍ത്തു.