February 4, 2023 Saturday

മനുഷ്യൻ.. പ്രകൃതി… ജീവിതം

കെ കെ ജയേഷ്
April 19, 2020 7:20 am

കോവിഡ് 19 ന്റെ ഭീതി പെയ്ത് നിറയുന്ന അസ്വസ്ഥമായ നിമിഷങ്ങളിലാണ് രണ്ട് സിനിമകൾ കാണാനിരുന്നത്. സാധാര മനുഷ്യരും അവരുടെ പച്ചയായ ജീവിതവും പറയുന്ന രണ്ട് തമിഴ് സിനിമകൾ.… ഭാരമാവുന്ന ജീവിതങ്ങൾ തങ്ങൾക്ക് ഭാരമായി മാറുന്ന വൃദ്ധരെ മരണത്തിലേക്ക് പറഞ്ഞയക്കുന്ന ബന്ധുക്കൾ. ചെളിവെള്ളം കുടിപ്പിച്ചും ശ്വാസം മുട്ടിച്ചുമെല്ലാം ചെയ്തിരുന്ന ഇത്തരം കൊലപാതകങ്ങൾ പിന്നെ ഡോക്ടർമാരും നഴ്സുമാരും ആശുപത്രിയിലെ തൂപ്പുകാരുമെല്ലാം ഏറ്റെടുത്തു. വിഷം നിറച്ച സൂചികൾ ഞരമ്പിലേക്ക് തുളച്ചു കയറുന്നു. നേരിയ ശബ്ദം പോലും കേൾപ്പിക്കാതെ ആ വൃദ്ധ ജീവൻ നിശബ്ദനാകുന്നു. മുമ്പ് പരസ്യമായും ഇപ്പോൾ രഹസ്യമായും തമിഴ് നാട്ടിലെ ചില ഗ്രാമങ്ങളിൽ നടന്നു വരുന്ന തലൈക്കൂത്തൽ എന്ന ആചാരത്തിന്റെ ഭീകതയിലേക്കുള്ള അന്വേഷണമാണ് പ്രിയ കൃഷ്ണസ്വാമി ഒരുക്കിയ ‘ഭാരം’ എന്ന തമിഴ് സിനിമ.

ഒരു ഉത്സവക്കാഴ്ചയിലാണ് ഭാരത്തിന്റെ തുടക്കം. എന്നാൽ പതിവ് തമിഴ് സിനിമകളെപ്പോലെ വർണ്ണങ്ങൾ വാരിവിതറിയ ഉത്സവക്കാഴ്ചകളോ പാട്ടും ഡാൻസുമൊന്നും അവിടെ കാണാനില്ല. ആദ്യ രംഗത്തിൽ തന്നെ പതിവ് ചിട്ടവട്ടങ്ങളെല്ലാം മാറ്റിമറച്ചുകൊണ്ടാണ് ഭാരത്തിന്റെ സഞ്ചാരം. ഭാര്യ മരിച്ച കറുപ്പസ്വാമി ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയാണ്. ആരോഗ്യമുള്ളിടത്തോളം ആരുടെയും ഔദാര്യം പറ്റാതെ സ്വന്തമായി ജോലി ചെയ്ത് ജീവിക്കാനാണ് അയാൾ ആഗ്രഹിക്കുന്നത്.

ഒരു ചെറുപട്ടണത്തിൽ സഹോദരിയോടൊപ്പമാണ് അദ്ദേഹത്തിന്റെ താമസം. ഒരപകടത്തിൽ പെട്ട് പരിക്കേൽക്കുന്ന അദ്ദേഹത്തെ സഹോദരിയും മക്കളും ഹോസ്പിറ്റലിലെത്തിച്ച് ചികിത്സിക്കുമ്പോൾ കറുപ്പസ്വാമിയെ മകൻ സെന്തിലും ഭാര്യയും നിർബന്ധപൂർവ്വം അദ്ദേഹത്തെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. ശരിയായി ചികിത്സ കിട്ടാതെ വേദനകൊണ്ട് നരകിക്കുന്ന കറുപ്പ സ്വാമി കുറച്ചു ദിവസങ്ങൾക്ക് ശേഷം മരണപ്പെടുകയും ചെയ്യുന്നു. കറുപ്പസ്വാമിയുടെ മരണകാരണം അന്വേഷിച്ചു പോകുന്ന മരുമകൻ വീര തിരിച്ചറിയുന്ന ഞെട്ടിക്കുന്ന കാഴ്ചകളിലൂടെ സിനിമ സഞ്ചരിക്കുന്നു.

ഈ യാത്രയിലൂടെ ഇന്നും ചില തമിഴ് ഗ്രാമങ്ങളിൽ നിലനിൽക്കുന്ന ക്രൂരമായ ദുരാചാരത്തിന്റെ അടിവേരുകളിലേക്ക് സഞ്ചരിക്കുകയാണ് സിനിമ. കൊലയ്ക്ക് പിന്നിലെ ആളുകളെക്കുറിച്ച് അന്വേഷിച്ചുപോകുമ്പോൾ ചങ്ങല പോലെ ഒന്നിനുപുറകെ ഒന്നായി കുറ്റവാളികൾ പ്രത്യക്ഷപ്പെടുകയാണ്. അതൊടുവിൽ ഒരു സമൂഹം തന്നെയായി മാറുമ്പോഴാണ് വീര പതറിപ്പോകുന്നത്. ഇത്തരമൊരു ക്രൂരതയുടെ ഭാഗമാകുമ്പോഴും ആർക്കും അതിൽ കുറ്റബോധം തോന്നുന്നില്ല. കാലങ്ങളായി നിന്നുപോരുന്ന ഒരു ആചാരത്തിന്റെ സംരക്ഷകരാണ് തങ്ങളെന്ന ബോധ്യമാണ് അവരെയെല്ലാം നയിക്കുന്നത്. മാധ്യമങ്ങളുടെ സഹായത്തേടെ വീര കുറ്റവാളികളെ പുറത്തു കൊണ്ടുവരുന്നു. പൊലീസ് അവരെയെല്ലാം അറസ്റ്റു ചെയ്യുന്നു. എന്നാൽ ആചാരങ്ങളെ തകർക്കാൻ ശ്രമിക്കുന്നവനായി ചിത്രീകരിക്കപെടുന്ന വീരയും കുടുംബവും ഗ്രാമത്തിൽ ഒറ്റപെടുന്നു. ആചാരങ്ങൾക്ക് നേരെ വാളെടുക്കുന്നത് തിരിച്ചടിയാകുമെന്ന് ഭയക്കുന്ന ഭരണകൂടം സത്യത്തിന് നേരെ കണ്ണടയ്ക്കുമ്പോൾ തീർത്തും നിസ്സഹായനാവുകയാണ് വീര. ഡോക്യുമെന്ററിയായി മാറിപ്പോകാമായിരുന്ന സിനിമയെ കയ്യടക്കത്തോടെ തീരെ വിരസമാവാതെ മുന്നോട്ട് നയിക്കുന്നുണ്ട് സംവിധായിക. മികച്ച തിരക്കഥയും ശക്തമായ ആ വിഷ്ക്കാരവും നടീ നടൻമാരുടെ ശക്തമായ പ്രകടനവും ചേരുമ്പോൾ ഭാരം ഉള്ളു പൊള്ളിക്കുന്നൊരു ചലച്ചിത്രാവിഷ്ക്കാരമാകുന്നു. അതിവൈകാരികതയിലേക്ക് പോകാതെയുള്ള കഥ പറച്ചിൽ തന്നെയാണ് ചിത്രത്തിന്റെ കരുത്ത്.

കറുപ്പസ്വാമിയായി ആർ രാജുവും സഹോദരിയായി ജയലക്ഷ്മിയും മകൻ സെന്തിലായി സുപാ മുത്തുകുമാറും മരുമകൻ വീരയായി സുകുമാർ ഷൺമുഖവും വേഷമിടുന്നു. മണ്ണും മലയും ജീവിക്കാനായി പോരാടുന്ന മനുഷ്യരും വലിയ പ്രത്യേകതകളൊന്നുമില്ല അവരുടെ ജീവിതത്തിന്. പ്രത്യേകിച്ചൊന്നും സംഭവിക്കാനുമില്ല ആ ജീവിതത്തിൽ. കാലവും കാഴ്ചകളും മാറുമ്പോഴും അവരും അവരുടെ ജീവിതം അതുപോലെ തന്നെ തുടരുന്നു. അന്നന്നത്തെ ജീവിതത്തിനായി കഷ്ടപ്പെടുന്ന തോട്ടം തൊഴിലാളികളുടെ ജീവിതവും പോരാട്ടവും നിലനിൽപ്പും അതിജീവനവുമെല്ലാമാണ് ലെനിൻ ഭാരതിയുടെ ‘മേർക്ക് തൊടർച്ചി മലൈ.’ തമിഴ് നാടും കേരളവും പശ്ചാത്തലമായി വരുന്ന ഈ സിനിമ കച്ചവട സിനിമകളുടെ ആർഭാടങ്ങളൊന്നുമില്ലാതെ തീർത്തും റിയലിസ്റ്റിക്കായി കഥ പറയുന്നു. മേർക്ക് തൊടർച്ചി മലൈ തമിഴർക്ക് പടിഞ്ഞാറൻ തുടർ മലനിരകളാണ്. നമുക്കത് നമ്മുടെ നാടിന് കാവൽ നിൽക്കുന്ന പശ്ചിമഘട്ടം. മലകൾ കയറിയും ഇറങ്ങിയും മണ്ണിൽ പകലന്തിയോളം പണിയെടുത്തും കാർഷിക വിളകൾ കുന്നിറക്കിയും ജീവിതം നിലനിർത്താൻ പാടുപെടുന്ന സാധാരണക്കാരായ കുറേ മനുഷ്യർ. ആ ജീവിതക്കാഴ്ചകളിൽ കൊട്ടും പാട്ടും വർണ്ണഭംഗിയുള്ള പ്രണയരംഗങ്ങളും ഒന്നുമില്ല. എന്നാൽ ആനയുൾപ്പെടെ അപകടം വിതയ്ക്കുന്ന കാട്ടുപാതകളിലൂടെ… വഴിയരികിലെ മരത്തിനെ ദൈവമായി കണ്ട് കല്ലുകൾ കാണിക്കയായി സമർപ്പിച്ചുകൊണ്ട് പ്രകൃതിയോട് ചേർന്ന് പോകുന്ന അവരുടെ യാത്രകളിലൂടെ.… ജീവിതം സത്യസന്ധമായി അടയാളപ്പെടുത്തുന്നുണ്ട് ലെനിൻ ഭാരതിയെന്ന സംവിധായകൻ.

തമിഴ്‌നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് ഇടുക്കിയിലെ ഏലത്തോട്ടത്തിലേക്കുള്ള നായക കഥാപാത്രമായ രംഗസ്വാമിയുടെ ദീർഘമായ യാത്രയിലാണ് സിനിമയുടെ തുടക്കം. ഈ യാത്രയിലൂടെ പ്രകൃതിയുടെ… മനുഷ്യരുടെ വ്യത്യസ്ത ഭാവങ്ങൾ സിനിമ പകർത്തിയെടുക്കുന്നു. ഈ യാത്രപോലെ തന്നെ മന്ദഗതിയിലാണ് സിനിമയുടെ സഞ്ചാരം. പ്രത്യേകിച്ച് ഒരു കഥാപാത്രത്തെയും ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങളൊന്നുമില്ല. ഒരു നടന്റേയോ നടിയുടേയോ മുഖത്തെ ഭാവ വ്യതിയാനങ്ങൾ പ്രത്യേകമായി പകർത്താൻ പോലും ക്യാമറ ശ്രദ്ധിക്കുന്നില്ല. കൂടുതലും ലോംഗ് ഷോട്ടുകളിലൂടെ ഒരു കഥ പറച്ചിൽ. കുറച്ച് ഭൂമി സ്വന്തമായി വാങ്ങണണമെന്നും അതിൽ കൃഷി ചെയ്യണമെന്നുമെല്ലാമാണ് രങ്കസ്വാമിയുടെ ആഗ്രഹം. അതിനായുള്ള പരിശ്രമത്തിലാണ് അയാൾ. ബന്ധു ഈശ്വരിയെ അയാൾ വിവാഹം കഴിക്കുകയും ചെയ്യുന്നു. എന്നാൽ സ്വപ്നങ്ങളൊന്നും പൂവണിയുന്നില്ല. ഏറെ പ്രതീക്ഷയോടെ താൻ വാങ്ങിയ ഭൂമിയിൽ യൂണിഫോമിട്ട് വെറുമൊരു കാവൽക്കാരന്റെ ജോലി ചെയ്യുന്ന രംഗസ്വാമിയുടെ ദൃശ്യത്തിലാണ് സിനിമ പൂർത്തിയാവുന്നത്. പശ്ചിമഘട്ട മലനിരകളിലെ ഏലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന ഭൂരഹിതരായ തൊഴിലാളികളുടെ ജീവിതവും സ്വപ്നങ്ങളുമെല്ലാമാണ് നിറപ്പകിട്ടില്ലാതെ സംവിധായകൻ മുന്നിലെത്തിക്കുന്നത്. ഇടുക്കിയുടെ മലമ്പ്രദേശങ്ങളിലേക്ക് തമിഴ്‌നാട്ടിൽ നിന്ന് കുറേ സ്വപ്നങ്ങളുമായി ആളുകളെത്തി. തുച്ഛമായ കൂലിയ്ക്ക് പീഡനങ്ങൾ സഹിച്ച് അവർ പണിയെടുത്തു. അവരെ സംഘടിപ്പിച്ച് അവകാശബോധമുള്ളവരാക്കാൻ സംഘടനകളുണ്ടായി. ചൂഷകരോട് നേർക്കു നിന്ന് പോരാടുന്ന നേതാക്കളുണ്ടായി. ഇവരുടെയെല്ലാം കഥയാണ് ഈ സിനിമ. തൊഴിലാളികളോട് ഭരണകൂടങ്ങൾ ഉൾപ്പെടെ കാണിച്ച സമീപനങ്ങൾ…

ഉടമകളിൽ നിന്നുള്ള ചൂഷണങ്ങൾ.. തൊഴിലാളി സംഘടനകളിൽ സംഭവിക്കുന്ന പുഴുക്കുത്തുകൾ.. അതിനെതിരെയുള്ള തൊഴിലാളി സ്നേഹം കാത്തുവെച്ച നേതാക്കളുടെ ചെറുത്തു നിൽപ്പ് ശ്രമങ്ങൾ എന്നിവയെല്ലാം വരച്ചുകാട്ടുകയാണ് ലെനിൻ ഭാരതി. എന്താണ് വികസനം. വികസനം ആർക്കു വേണ്ടിയാവണം തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും സിനിമ ശ്രമിക്കുന്നു. കാൽപനികവത്ക്കരിച്ച തൊഴിലാളി കഥകൾ തമിഴിൽ പലപ്പോഴായി പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ യഥാർത്ഥ ജീവിതം തീഷ്ണമായി പകർത്തുകയാണ് മെർക്കു തൊടർച്ചി മലൈ. കേന്ദ്ര കഥാപാത്രമായ രങ്കസ്വാമിയായി ആന്റണിയും ഈശ്വരിയായി ഗായത്രി കൃഷ്ണയും വേഷമിടുന്നു. തൊഴിലാളികളെ സ്നേഹിക്കുന്ന തൊഴിലാളി നേതാവായ ചാക്കോയായി എത്തുന്നത് മലയാള നടൻ അബു വളയംകുളമാണ്. മറ്റ് കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് ഏലത്തോട്ടങ്ങളിലെ തൊഴിലാളികൾ തന്നെയാണ്. അവർ തങ്ങളുടെ ജീവിതം സിനിമയിൽ ജീവിച്ചു തീർക്കുന്നു. ഇളയരാജയാണ് സിനിമയുടെ പശ്ചാത്തല സംഗീതം. സിനിമയുടെ ആത്മാവ് തൊട്ടറിഞ്ഞുകൊണ്ടാണ് സംഗീതം നിറയുന്നത്. കാശി വിശ്വനാഥന്റെ എഡിറ്റിംഗും തേനി ഈശ്വറിന്റെ ഛായാഗ്രഹണവും ചിത്രത്തിന് കരുത്തേകുന്നു. പ്രശസ്ത നടൻ വിജയ് സേതുപതിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ലോകത്തിൽ സ്വന്തമായി ഭൂമിയില്ലാത്ത കൃഷിക്കാർക്കായാണ് ചിത്രം സമർപ്പിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.