June 7, 2023 Wednesday

കു‍ഞ്ഞുങ്ങളാണ്, ഇനിയും കൊല്ലരുത്

Janayugom Webdesk
January 7, 2020 9:23 pm

കു‍ഞ്ഞുങ്ങൾ സ്വപ്നങ്ങളാണ് കു‍ഞ്ഞുങ്ങളുടെ നേരിയ വിലാപം പോലും നമ്മുടെ ഉള്ളുലയ്ക്കാറുണ്ട്. അങ്ങനെയൊരു മനസുള്ള നമ്മുടെ മുന്നിലാണ് മതിയായ ചികിത്സാ സൗകര്യങ്ങളില്ലാതെ നൂറുകണക്കിന് കുഞ്ഞുങ്ങൾ മരിച്ചുവീഴുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ മാത്രം മരിച്ചത് ആയിരത്തിലധികം കുഞ്ഞുങ്ങളാണ്. ഗുജറാത്തിൽ മാത്രം മൂന്ന് മാസത്തിനിടെ 600 ഓളം കുട്ടികൾ മരിച്ചു. ഗുജറാത്തിലെ രണ്ട് ആശുപത്രികളിലായാണ് ഇത്രയും ശിശുമരണങ്ങള്‍ നടന്നതായി വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. മറ്റ് ആശുപത്രികളിൽ നിന്ന് വാർത്തകൾ‍ പുറത്തെത്താതിരുന്നതുകൊണ്ട് മരണ സംഖ്യ ഇത്രയുമായി നിൽക്കുകയാണ്. രാജസ്ഥാനിലെയും ഗുജറാത്തിലെയും ആറ് സര്‍ക്കാർ ആശുപത്രികളിലായി 600 ലധികം കുട്ടികളാണ് ഒരു മാസത്തിനുള്ളിൽ മരിച്ചിട്ടുള്ളത്. പോഷകാഹാരക്കുറവ്, അതിരൂക്ഷമായ ശൈത്യം, മാസം തികയാതെയുള്ള ജനനം എന്നിവയാണ് കൂട്ട ശിശുമരണത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഡിസംബർ മാസം അഹമ്മദാബാദ്, രാജ്കോട്ട് സിവിൽ ആശുപത്രികളിലായി യഥാക്രമം 85, 111 വീതം കുഞ്ഞുങ്ങൾ മരിച്ചു. കണക്കുകളിലൂടെ കടന്നുപോകുമ്പോൾ ഭീതിതമാണ് സാഹചര്യങ്ങളെന്നാണ് വ്യക്തമാകുന്നത്. ഗുജറാത്ത് എന്നത് നരേന്ദ്രമോഡിയുടെ വികസന ഭരണത്തിന്റെ ആദ്യ മാതൃകയെഴുതിയതെന്ന് ബിജെപി കൊണ്ടാടുന്ന സംസ്ഥാനമാണെന്നോർക്കണം. നിതി ആയോഗിന്റെ കഴിഞ്ഞ വർഷം ജൂലൈയിൽ പ്രസിദ്ധീകരിച്ച ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം നാലാം സ്ഥാനത്തുള്ള സംസ്ഥാനവുമാണ് ഗുജറാത്ത്. രാജസ്ഥാനും കണക്കുകളിൽ വളരെ പിറകിലൊന്നുമല്ല. പ്രസ്തുത റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തുള്ള കേരളവുമായി താരതമ്യംചെയ്യുമ്പോൾ റിപ്പോർട്ടിലെ സ്ഥിതിവിവരങ്ങളും യഥാർത്ഥ അവസ്ഥയും തമ്മിൽ ഈ സംസ്ഥാനങ്ങളിൽ വലിയ അന്തരമുണ്ടാകുന്നത് അൽഭുതപ്പെടുത്തുന്നുണ്ട്.

അവകാശവാദങ്ങൾക്കപ്പുറമാണ് ഗുജറാത്തിന്റെയും ബിജെപി അടുത്തകാലം വരെ ഭരിച്ച രാജസ്ഥാന്റെയുമൊക്കെ യഥാർത്ഥ സ്ഥിതിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ ഓർമ്മപ്പെടുത്തുന്നത്. ഇതിന്റെ യഥാർഥ കാരണം പരിശോധിച്ചാൽ പ്രസ്തുത സംസ്ഥാനങ്ങൾ ആരോഗ്യമേഖലയോട് സ്വീകരിക്കുന്ന കുറ്റകരമായ അനാസ്ഥയാണെന്ന് വ്യക്തമാകും. ഇപ്പോൾ ശിശുമരണം നടന്ന ആശുപത്രികൾ സംബന്ധിച്ച ചില വസ്തുതാന്വേഷ­ണ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ജീവൻ നിലനിർത്തുന്നതിന് അവസാനമായി ഉപയോഗിക്കപ്പെടുന്ന വെന്റിലേറ്ററുകൾ പോലും ഇല്ലാത്തവയാണ് ആശുപത്രികളെന്നും രാജസ്ഥാനിലെ കോട്ടയിൽ ഇതുണ്ടെങ്കിലും പ്രവർത്തിക്കുന്നവയല്ലെന്നുമായിരുന്നു പ്രസ്തുത റിപ്പോർട്ടിലുണ്ടായിരുന്നത്. ആവശ്യത്തിന് ഡോക്ടർമാരില്ലെന്നും ഉള്ളവരിൽ ചിലരാകട്ടെ ഉത്തരവാദിത്തബോധമുള്ളവരല്ലെന്നും റിപ്പോർട്ടിലുണ്ട്. ഒരുവർഷം മുമ്പാണ് ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായിരുന്ന ഗോരഖ്പു­രിൽ നിന്ന് ഇതിന് സമാനമായി കുഞ്ഞുമരണങ്ങളുടെ വാർത്തയെത്തിയത്.

സിലിണ്ടറുകൾ നിറയ്ക്കാൻ പണം നൽകാത്തതിനാൽ ഓക്സിജനില്ലാതെയാണ് നൂറുകണക്കിന് കുഞ്ഞുങ്ങൾ അന്ന് ശ്വാസം മുട്ടി മരിച്ചത്. എല്ലാം പാവപ്പെട്ടവരുടെ കുട്ടികൾ. ജപ്പാൻ ജ്വരം ബാധിച്ച് നൂറുകണക്കിന് കുട്ടികൾ മരിച്ച വാർത്ത ബിഹാറിൽ നിന്നെത്തിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. പട്ടിണിയും അതേതുടർന്ന് ആഹാരക്കുറവുമായിരുന്നു കാരണം. കൂട്ട ശിശുമരണങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഇടയ്ക്കിടെ എത്തിക്കൊണ്ടിരിക്കുന്നുവെന്നർത്ഥം. എന്തായാലും ഇത് നമ്മുടെ ആരോഗ്യ പരിപാലനത്തിന്റെ പോരായ്മ തന്നെയാണ് ഓർമ്മപ്പെടുത്തുന്നത്. അഞ്ചുവയസിന് താഴെ പ്രായമുള്ള കുട്ടികളുടെ മരണ നിരക്കിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യയെന്നാണ് അവസാനം പുറത്തുവന്ന യൂണിസെഫ് റിപ്പോർട്ട് പറയുന്നത്. 2018 ൽ 8.8 ലക്ഷം കുട്ടികളാണ് മരിച്ചത്. പോഷകാഹാരക്കുറവ് മൂലമുള്ള മരണ നിരക്ക് 2022 ഓടെ പൂർണ്ണമായും ഇല്ലാതാക്കാനെന്ന പേരിൽ കേന്ദ്രം നടപ്പിലാക്കുന്ന പോഷൺ അഭിയാൻ എന്ന പദ്ധതിക്കായി കോടികൾ ചെലവഴിക്കുമ്പോഴാണ് ഇതെന്നത് ഹൃദയഭേദകമാണ്. 2018–2022 കാലയളവിലേയ്ക്ക് ഈ ഇനത്തിൽ 9000 കോടി രൂപയാണ് കേന്ദ്ര സർക്കാർ നീക്കിവച്ചിരിക്കുന്നത്. ഇതിന് പുറമേ ശുചിത്വത്തിനായും കോടികൾ ചെലവഴിക്കുന്നുണ്ട് നമ്മുടെ രാജ്യത്ത്. എന്നിട്ടും ഇന്ത്യയിൽ 1000 കുട്ടികൾ ജനിക്കുന്നതിൽ 37 പേരും പോഷകാഹാരക്കുറവ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ മരിക്കുന്നു. തുക നീക്കിവയ്ക്കലോ ശിശുക്കളെ കുറിച്ച് നല്ല വർത്തമാനങ്ങൾ പറയലോ അല്ല പരിഹാരമെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. മതിയായ ആരോഗ്യ പരിപാലന സംവിധാനത്തിന്റെ അഭാവം തന്നെയാണ് ഇതിനുള്ള മുഖ്യ കാരണം. കെട്ടിടങ്ങൾ പണിയുകയും അതിന്റെ പേരിൽ മേനി നടിക്കുകയുമെന്നതിനപ്പുറം എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുള്ള ആശുപത്രികളാണ് വേണ്ടത്. ചിത്രങ്ങളെടുക്കാനും വാർത്തകൾ സൃഷ്ടിക്കാനുമുള്ള ആരോഗ്യ ശുശ്രൂഷാ പ്രഖ്യാപനങ്ങൾ മാത്രമാണ് ഈ സംസ്ഥാനങ്ങളിൽ മുഖ്യമായും നടക്കുന്നതെന്ന് വേണം മനസിലാക്കുവാൻ. അതുകൊണ്ട് ഈ മരണത്തിന് ഉത്തരവാദികൾ കാലാകാലങ്ങളായി ആ സംസ്ഥാനങ്ങളിൽ ഭരണം നടത്തുന്നവരാണ്. യഥാർഥത്തിൽ ഇത് കുഞ്ഞുങ്ങളുടെ കൊലപാതകം തന്നെയാണ്.

Eng­lish sum­ma­ry: Babies, don’t kill yet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.