Web Desk

തിരുവനന്തപുരം

June 16, 2020, 9:37 pm

പരിസ്ഥിതി സൗഹൃദ സ്റ്റേഷനറി ഉല്പന്നങ്ങളുമായി ബാംബൂ കോർപ്പറേഷൻ

Janayugom Online

മുളയിലും ഈറ്റയിലുമെല്ലാം നിർമ്മിച്ച വൈവിധ്യമാർന്ന ഉല്പന്നങ്ങളുമായി ബാംബൂ കോർപ്പറേഷൻ. മുള, ഈറ്റ, പനമ്പ് എന്നിവയിൽ നിർമ്മിച്ച ഫയല്‍ പാഡ്, ഫയല്‍ ട്രേ, പെന്‍സ്റ്റാന്റ്, വിസിറ്റിങ് കാർഡ് സ്റ്റാൻഡ്, വേസ്റ്റ് ബിന്‍ എന്നിവയാണ് വില്പനയ്ക്കായി എത്തിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ബാംബൂ ഉപയോഗിച്ച് ഓഫീസ് സ്റ്റേഷനറി ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. ഉല്പന്നങ്ങള്‍ കോമ്പോ പാക്ക് ആയും ആവശ്യമുള്ളവ മാത്രമായും ലഭിക്കും.
കോഴിക്കോട് നല്ലളത്തെ ബാംബൂ ഹൈടെക്ക് ടൈല്‍ ഫാക്ടറിയിലും അങ്കമാലി ബാംബൂ ബോര്‍ഡ് ഫാക്ടറിയിലുമാണ് ഉല്പാദനം നടക്കുന്നത്. ഗുണമേന്മയേറിയതും വിലക്കുറവുള്ളതുമായ ബാംബൂ ഫ്ലോർ ടൈലുകൾ കോർപ്പറേഷൻ വിപണിയിലെത്തിച്ചിട്ടുണ്ട്. ആര്യവേപ്പിന്റെ തടി, പനമ്പ് എന്നിവ സംയോജിപ്പിച്ച് നിർമ്മിച്ച ‘ബാംബൂ നീം ടൈൽ’ ഉടൻ വിപണിയിലെത്തും.

കിള്ളിയാര്‍ മിഷനുമായി ചേര്‍ന്ന് മുള വച്ചുപിടിപ്പിക്കുന്ന ഉദ്യമത്തിൽ അടുത്തിടെ ബാംബൂ കോർപ്പറഷൻ പങ്കാളികളായിരുന്നു. കിള്ളിയാര്‍ തീരത്ത് അയ്യായിരം മുള തൈകളാണ് നട്ടത്.കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 1500 ഏക്കറില്‍ മുള വച്ചു പിടിപ്പിക്കുന്ന പദ്ധതി നടക്കുകയാണ്.

പരിസ്ഥിതി സൗഹൃദ ബാംബൂ ഓഫീസ് സ്‌റ്റേഷനറി ഉല്പന്നങ്ങളുടെ വിപണനോദ്ഘാടനം ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ. ടി എൻ സീമയ്ക്ക് നൽകി മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു.
വൈവിധ്യമാർന്ന മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള കോർപ്പറേഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഓഫീസ് സ്‌റ്റേഷനറി നിർമ്മിച്ചതെന്ന് മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ, ബാംബൂ കോർപ്പറേഷൻ ചെയർമാൻ കെ ജെ ജേക്കബ്, മാനേജിങ് ഡയറക്ടർ അബ്ദുൾ റഷീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

eng­lish sum­ma­ry: baboo cor­po­ra­tion intro­duces eco friend­ly products

you may also like this video: