ബാബരി മസ്ജിദ് കേസ്: സുപ്രിം കോടതി വിധി നിരാശാജനകമെന്ന് സമസ്തയും എസ് ഡി പി ഐയും

Web Desk
Posted on November 09, 2019, 8:22 pm

കോഴിക്കോട്: ബാബരി മസ്ജിദ് കേസിൽ സുപ്രിം കോടതി വിധി ദുഖകരവും നിരാശാജനകവുമാണെന്ന് സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയതങ്ങളും ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ് ലിയാരും പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ സമാധാനവും സൗഹാർദ്ദവും തകരാതിരിക്കാൻ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അവർ പറഞ്ഞു.

സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ മാത്രം സഹായിക്കുന്ന തരത്തിൽ രാമക്ഷേത്രം നിർമിക്കാൻ ബാബരി ഭൂമി ദില്ലിയിലെ ഹിന്ദുത്വ ഭരണകൂടത്തിന് നൽകിയ സുപ്രീം കോടതി വിധി ഞെട്ടലുളവാക്കിയെന്ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ് ഡി പി ഐ) ദേശീയ പ്രസിഡന്റ് എം കെ ഫൈസി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം അധികാരങ്ങൾ വിനിയോഗിക്കുമ്പോൾ സുപ്രീംകോടതിയിലെ ജഡ്ജിമാർ ഇരു കക്ഷികൾക്കും പൂർണ്ണമായ നീതി ലഭ്യമാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാമന്റെ വിഗ്രഹം മസ്ജിദിനുള്ളിൽ സ്ഥാപിച്ചതാണെന്ന് സുപ്രീംകോടതി സമ്മതിച്ചിട്ടുണ്ട്. എന്നാൽ അതേ ശ്വാസത്തിൽ മുഴുവൻ വഖഫ് ഭൂമിയും രാം ലല്ലയ്ക്ക് നൽകിയത് സാമാന്യ നീതിയുടെ നിഷേധമാണ്. നഗരത്തിൽ എവിടെയെങ്കിലും അഞ്ച് ഏക്കർ സ്ഥലം നൽകുന്നത് കേവലം ആളുകളെ സമാധാനിപ്പിക്കുന്നതിനുള്ള നടപടി മാത്രമാണ്. നിയമനിർമാണ സഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്ന് ശാഖകളും ഒന്നോ അല്ലെങ്കിൽ മറ്റൊന്നോ പരാജയപ്പെട്ടു. ദീർഘകാലാടിസ്ഥാനത്തിൽ ഇത് രാജ്യത്തിന്റെ മതേതരവും ജനാധിപത്യപരവുമായ ഘടനയെ ദുർബലപ്പെടുത്താൻ ഇടയാക്കും. അനീതി തിരുത്താനും രാജ്യത്തിന്റെ പരമോന്നത കോടതിയിൽ വിശ്വാസം പുന: സ്ഥാപിക്കാനും കൂടുതൽ നിയമപരമായ വഴികൾ അന്വേഷിക്കാൻ എസ്ഡിപിഐ മുസ്ലിം സംഘടനകളോട് അഭ്യർത്ഥിച്ചു.

ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലെ സുപ്രീംകോടതി വിധി അന്യായവും നിരാശാജനകവുമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്ര സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പരമോന്നത കോടതിയുടെ ഈ വിധി ന്യൂനപക്ഷാവകാശങ്ങൾക്കു മേൽ മാത്രമല്ല ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പോപുലർ ഫ്രണ്ട് ആശങ്കപ്പെടുന്നു. ബാബരി മസ്ജിദിന്റെ തകർച്ചയിലേക്ക് നയിച്ച അനവധി സംഘടിത കലാപങ്ങൾക്കും അതിക്രമങ്ങൾക്കും ലോകം സാക്ഷിയാണ്. ബാബരി മസ്ജിദ് തൽസ്ഥാനത്ത് പുനർനിർമ്മിക്കുമെന്ന അന്നത്തെ പ്രധാനമന്ത്രിയുടെ വാഗ്ദാനം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. മുസ്ലിംകൾ നിർമ്മിക്കുകയും നൂറ്റാണ്ടുകളോളം ആരാധന നിർവഹിക്കുകയും ചെയ്ത ബാബരി മസ്ജിദ് വിഷയത്തിൽ നീതി പുലരാൻ നിയമപരവും ജനാധിപത്യപരവുമായ എല്ലാ മാർഗങ്ങളും സ്വീകരിക്കും. നീതി പുന: സ്ഥാപിക്കുന്നതിനു വേണ്ടി യു. പി സുന്നി വഖഫ് ബോർഡും ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോബോർഡും നടത്തുന്ന പോരാട്ടങ്ങൾക്കൊപ്പം ഉറച്ചു നിൽക്കും. ഈ നിർണ്ണായക ഘട്ടത്തിൽ സമാധാനവും സഹവർത്തിത്വവും നിലനിർത്താൻ എല്ലാ വിഭാഗം ജനങ്ങളോടും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്തു.