ആ കറുത്ത ദിനത്തിലെ ഇരുണ്ട ഓര്‍മ്മകള്‍ക്ക് കാല്‍നൂറ്റാണ്ട്

Web Desk
Posted on December 05, 2017, 9:18 pm

കെ ജി ശിവാനന്ദന്‍

ഇന്ത്യയുടെ മതമൈത്രിയുടെയും മതനിരപേക്ഷതയുടെയും കരള്‍ പിഴുതെറിഞ്ഞ, ഇന്ത്യന്‍ ജനാധിപത്യം കറുത്ത വേദന തിന്ന ദിവസമായിരുന്നു 1992 ഡിസംബര്‍ ആറ്. ആ ദുരന്തത്തിന് കാല്‍നൂറ്റാണ്ട് തികയുകയാണ്. ജനാധിപത്യ മൂല്യങ്ങളും കോടതിയുടെ അനുശാസനകളും ഉല്ലംഘിച്ചുകൊണ്ടാണ് ലാല്‍ കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തില്‍ ബിജെപി- ആര്‍എസ്എസ് സംഘപരിവാര്‍ സംഘങ്ങള്‍ കര്‍സേവകരെന്നപേരില്‍ ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍ അടിച്ചുതകര്‍ത്തത്. ഏറ്റവും ദുഃഖകരമായിട്ടുള്ള കാര്യം, മതേതരത്വത്തിന്റെ കാവലാളായ പ്രധാനമന്ത്രി ഉറക്കം നടിക്കുകയോ, ഉറങ്ങുകയോ ചെയ്തുകൊണ്ട് ജനാധിപത്യത്തെ കശാപ്പ് ചെയ്യാനെത്തിയ കര്‍സേവകര്‍ക്ക് മൗനാനുവാദം നല്‍കുകയായിരുന്നു എന്നുള്ളതാണ്. സ്വാതന്ത്ര്യസമരത്തിന്റെ പോരാട്ടമഹിമ ഉദ്‌ഘോഷിക്കുന്ന കോണ്‍ഗ്രസിന്റെ ഭരണത്തലവന്‍ നരസിംഹറാവു ആയിരുന്നു അന്ന് പ്രധാനമന്ത്രി പദത്തിലിരുന്നത്. ലോകത്തിനുമുമ്പില്‍ ഇന്ത്യ ലജ്ജിച്ച് തലതാഴ്ത്തിയ സംഭവത്തില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസും പ്രതിക്കൂട്ടിലായി
എ ഡി 1526 ല്‍ മുഗള്‍ രാജഭരണകാലത്ത് ബാബര്‍ ചക്രവര്‍ത്തി അയോദ്ധ്യയില്‍ പള്ളി നിര്‍മ്മിച്ചതായി ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. ആര്‍എസ്എസിന്റെ രാഷ്ട്രീയ ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമായിട്ടാണ് ബാബറി മസ്ജിദും പരിസരപ്രദേശങ്ങളും തര്‍ക്കഭൂമിയാക്കി മാറ്റിയത്. മഹാത്മ ഗാന്ധിയുടെ വധത്തിനുശേഷം 1948 ഫെബ്രുവരി മുതല്‍ ജൂലായ് 12 വരെ അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആര്‍എസ്എസിനെ നിരോധിക്കുകയുണ്ടായി. നിരോധനം പിന്‍വലിച്ചതിനുശേഷം ഹിന്ദുരാഷ്ട്രവാദം വീണ്ടും ഉയര്‍ത്തിക്കൊണ്ട് ആര്‍എസ്എസ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമായി. 1949 ലാണ് അയോദ്ധ്യയിലെ മുസ്‌ലിം പള്ളിക്കകത്ത് വിഗ്രഹങ്ങള്‍ പ്രത്യക്ഷപ്പെട്ടെന്ന അത്ഭുതം ഉടലെടുത്തത്. ഈ അത്ഭുതത്തിന് അറുതി വരുത്തുവാന്‍ പ്രധാനമന്ത്രി നെഹ്‌റു തന്നെ ഇടപെട്ടു. പള്ളിക്കകത്ത് പൊന്തിവന്ന വിഗ്രഹങ്ങളെ എടുത്ത് സരയൂ നദിയിലൊഴുക്കാനാണ് നെഹ്‌റു കല്‍പ്പിച്ചത്. ആരാധനാലയവും പരിസരപ്രദേശവും ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തു. എന്നാല്‍ വിഗ്രഹങ്ങള്‍ പള്ളിക്കകത്തു നിന്ന് എടുത്തുമാറ്റാന്‍ ജില്ലാ ഭരണാധികാരിയായ കെ കെ നായര്‍ തയ്യാറായില്ല. സംഘപരിവാറിന്റെ ആശ്രിതനായ കെ കെ നായര്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ആര്‍എസ്എസ് സംരക്ഷണത്തിലാണ് കഴിഞ്ഞത്. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി സുശീലനായര്‍ ആര്‍എസ്എസിന്റെ ആശിര്‍വാദത്തില്‍ ജനസംഘത്തിന്റെ ലേബലില്‍ പാര്‍ലമെന്റ് അംഗമായി.
ഗാന്ധിജിയുടെ രക്തക്കറ പുരണ്ട ഹിന്ദുത്വ രാഷ്ട്രീയത്തിന് ജനസമ്മതിയാര്‍ജ്ജിക്കാന്‍ കഴിഞ്ഞില്ല. 1964‑ല്‍ സംഘപരിവാര്‍ കുടുംബത്തില്‍ ഒരു സന്തതി പിറന്നു. വിശ്വഹിന്ദുപരിഷത്ത് എന്നായിരുന്നു അതിന്റെ പേര്‍. ആദ്യത്തെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത് ആര്‍എസ്എസ് പ്രചാരകനായ ശിവറാം ശങ്കര്‍ ആപ്‌തെയാണ്. സംഘത്തലവനായ ഗോള്‍വാള്‍ക്കര്‍ 1949 സെപ്തംബറില്‍ ലക്‌നൗവില്‍ വെച്ച് ഭരണഘടനയ്ക്കു നേരെ പരസ്യവിമര്‍ശനം നടത്തിയത് ‘അഭാരതീയം’ എന്ന് പ്രയോഗിച്ചാണ്. 1964ല്‍ വിശ്വഹിന്ദുപരിഷത്ത് നടത്തിയ വിമര്‍ശനം ‘അഹൈന്ദവം’ എന്നായിരുന്നു. ഈ കാലത്ത് ഹിന്ദുത്വ അജന്‍ഡ ശക്തിപ്പെടുത്തി മുന്നോട്ട് പോകുകയായിരുന്നു ആര്‍എസ്എസ്. ഗോ രക്ഷാപ്രസ്ഥാനത്തിലൂടെ പശു രാഷ്ട്രീയം ഇന്ത്യയില്‍ സജീവമാക്കിയതും ഈ സന്ദര്‍ഭത്തിലാണ്. എന്നിട്ടും അവര്‍ ആഗ്രഹിച്ചവിധത്തില്‍ വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കാനായില്ല.
ആര്‍എസ്എസിന്റെ രാഷ്ട്രീയ മുഖമായാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപി രൂപം കൊണ്ടത്. അങ്ങനെയുള്ള ബിജെപി 1986–89 കാലട്ടഘട്ടത്തില്‍ കൂടുതല്‍ ആക്രമണോത്‌സുകത പ്രകടിപ്പിച്ചു തുടങ്ങി. കപടമതേതരത്വവാദവും, ന്യൂനപക്ഷ പ്രീണനവാദവും ഇവര്‍ മുന്നോട്ട് വെച്ചു. രാമക്ഷേത്രപ്രസ്ഥാനവും ഹിന്ദുത്വത്തെ സൂചിപ്പിക്കുന്ന ‘സാംസ്‌കാരിക ദേശീയത”യും ബിജെപിയുടെ രാഷ്ട്രീയ മാര്‍ഗരേഖയില്‍ കടന്നുവന്നു. 1989ല്‍ ശിലാന്യാസത്തിന് രാജീവ്ഗാന്ധിസര്‍ക്കാരില്‍ നിന്ന് അനുവാദം വാങ്ങിയെടുക്കാന്‍ സാധിച്ചതിലൂടെ ബിജെപി ലക്ഷ്യം വെച്ച രാമക്ഷേത്രപ്രസ്ഥാനത്തിന്റെ ഒന്നാം ഘട്ടം കൈവരിക്കാന്‍ കഴിഞ്ഞു. അതിന്റെ മറ്റൊരു ഘട്ട വിജയവും അവര്‍ നേടി. അത് ബാബറി മസ്ജിദ് തകര്‍ത്തതിലൂടെയായിരുന്നു. ഇതിന് അവസരം ഒരുക്കിയതും കോണ്‍ഗ്രസ്സ് തന്നെയായിരുന്നു.
1989ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഒരു കക്ഷിക്കും തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല. ഐക്യമുന്നണിയെ നയിച്ചുകൊണ്ട് വി പി സിങ് പ്രധാനമന്ത്രിയായി. പിന്നാക്കജനവിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍വ്വീസില്‍ സംവരണം വ്യവസ്ഥ ചെയ്യുന്ന മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് 1990 ഓഗസ്റ്റ് ഏഴിന് പാര്‍ലമെന്റില്‍ അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്ന് ബിജെപി സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിച്ചു. വര്‍ഗീയതയെ എതിര്‍ത്ത് മതനിരപേക്ഷത ഉയര്‍ത്തിപിടിക്കുന്ന നിലപാട് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതുമില്ല. ആര്‍എസ്എസിന്റെ ആക്രമണാത്മക ഹിന്ദുത്വരാഷ്ട്രീയവുമായി ബിജെപിയും സംഘപരിവാറും തെരുവിലിറങ്ങി. ഹിന്ദുഭൂരിപക്ഷവാദ രാഷ്ട്രീയത്തിന്റെ കൊടിപ്പടയുമായി എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ സോമനാഥക്ഷേത്രത്തില്‍ നിന്ന് രഥയാത്രപുറപ്പെട്ടു. അയോദ്ധ്യ രാമന്റെ ജന്മഭൂമിയാണെന്നും അവിടെയുള്ള പള്ളി പൊളിച്ച് രാമക്ഷേത്രം ഉയര്‍ത്തുമെന്നും പ്രഖ്യാപിച്ചു. ഇന്ത്യന്‍ തെരുവുകള്‍ ചോരക്കളമായി. ആര്‍എസ്എസും അതിന്റെ രാഷ്ട്രീയ രൂപമായ ബിജെപിയും ആഗ്രഹിച്ച വിധത്തില്‍ വര്‍ഗീയ ധ്രുവീകരണം സംഭവിച്ചു. ഈ വര്‍ഗീയ അക്രമതരംഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്.
മതനിരപേക്ഷതയ്‌ക്കെതിരെ മുഖം തിരിച്ചുനിന്നുകൊണ്ട് കോണ്‍ഗ്രസ് സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനം അവര്‍ക്ക് തന്നെ തിരിച്ചടിയായി. 1999ല്‍ സഖ്യ കക്ഷികളുടെ പിന്തുണയോടുകൂടി അടല്‍ ബിഹാരി വാജ്‌പേയ് യുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സ്ഥിരതയുള്ള ഒരു ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. 2014 ലെ തെരഞ്ഞെടുപ്പില്‍ തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപി നേടി. അയോദ്ധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിന് ശിലാന്യാസം നടത്തുന്നതിന് സംഘപരിവാര്‍ ശക്തികള്‍ക്ക് അനുവാദം നല്‍കിയ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിന്റെ ദുരന്തഫലം കൂടിയാണ് ബാബറി മസ്ജിദിന്റെ തകര്‍ച്ച. ഈ വര്‍ഗീയ ഭവിഷ്യത്ത് മതനിരപേക്ഷ ഇന്ത്യയുടെ സകല മേഖലകളെയും കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു.
ഏറ്റവും ഒടുവില്‍ കേട്ടത് കര്‍ണാടകത്തിലെ ഉഡുപ്പിയില്‍ വെച്ച് നടന്ന ഹിന്ദുധര്‍മ്മ സംസാദില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് നടത്തിയ പ്രസംഗമാണ്. അയോദ്ധ്യയില്‍ രാമക്ഷേത്രം മാത്രമേ നിര്‍മ്മിക്കപ്പെടുകയുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ബാബറിപള്ളി നിന്നിരുന്നിടത്ത് മറ്റൊന്നും ഉയരുകയില്ലെന്ന് തറപ്പിച്ചു പറയാന്‍ അദ്ദേഹം മടിച്ചില്ല. വിശ്വഹിന്ദുപരിഷത്തിന്റെ അദ്ധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ തദവസരത്തില്‍ പറഞ്ഞത്, രാമക്ഷേത്രനിര്‍മ്മാണം 2019ല്‍ ആരംഭിക്കുമെന്നാണ്. കാല്‍നൂറ്റാണ്ടായി കാത്തിരിക്കുന്ന കര്‍സേവകര്‍ തന്നെ അതേ കല്ലുകള്‍കൊണ്ട് അത് നിര്‍മിക്കുമെന്നും, ഇത് കൈയടി നേടാനുള്ള പ്രസ്താവനയല്ലെന്നും തങ്ങളുടെ മനസിന്റെ ആവിഷ്‌ക്കാരമാണിതെന്നും മോഹന്‍ ഭഗവത് പറയുകയുണ്ടായി.
രാമജന്മ•ഭൂമി കേസില്‍ സുപ്രിം കോടതി ഇന്ന് അന്തിമവാദം കേള്‍ക്കാന്‍ നിശ്ചയിച്ചിരിക്കുകയാണ്. ഈ സന്ദര്‍ഭത്തിലാണ് രാജ്യത്തെ നിയമത്തേയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ടുള്ള പ്രസംഗം നടത്തിയിട്ടുള്ളത്.
അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് 2010ല്‍ ഉണ്ടായ വിധി ശ്രദ്ധേയമായിരുന്നു. തര്‍ക്കഭൂമിയെന്നു വ്യവഹരിക്കപ്പെട്ട സ്ഥലം ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും നിര്‍മോഹി അഖാഡ എന്ന സന്യാസി സംഘത്തിനും വീതം വെച്ച് നല്‍കാനാണ് കോടതി വിധിച്ചത്. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രിം കോടതിയില്‍ കേസ് എത്തുകയുണ്ടായി. തല്‍സ്ഥിതി തുടരാന്‍ ഉത്തരവ് ഇട്ടുകൊണ്ട് സുപ്രിം കോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയാണുണ്ടായത്. ഈ കേസിന്റെ വാദമാണ് ഇന്ന് സുപ്രിം കോടതി കേള്‍ക്കാനിരിക്കുന്നത്. ഈ സന്ദര്‍ഭത്തെ മതവല്‍ക്കരിച്ച് മുതലെടുക്കാനാണ് സംഘപരിവാര്‍ തുനിഞ്ഞിട്ടുള്ളത്. പള്ളി തകര്‍ക്കലിന്റെയും തര്‍ക്കഭൂമിയെന്ന പേരിലുള്ള സ്ഥലത്തിന്റെ പ്രശ്‌നവും പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിലാണ്. അങ്ങനെയുള്ള ഒരു വിഷയം സര്‍ക്കാരുമായി ബന്ധമുള്ള ഉത്തരവാദിത്തപ്പെട്ടവര്‍ ഏറ്റെടുത്ത് നടത്തുന്ന പ്രസ്താവനയും പ്രസംഗവും ഗൂഡനീക്കത്തിന്റെ ഭാഗമായി മാത്രമേ കാണാന്‍ കഴിയൂ.