ഭിന്നശേഷിക്കാരന്‍റെ കാല്‍ തല്ലിയൊടിക്കുമെന്ന് ബാബുല്‍ സുപ്രിയോ

Web Desk
Posted on September 19, 2018, 9:59 pm

അസന്‍സോള്‍: ഭിന്നശേഷിക്കാരുടെ പരിപാടിയില്‍ സംസാരിക്കവെ സദസിലുണ്ടായിരുന്നവരിലൊരാളോട് കാല്‍ തല്ലിയൊടിക്കുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ വീണ്ടും വിവാദത്തിലായി. പശ്ചിമബംഗാളിലെ അസന്‍സോളില്‍ ചൊവ്വാഴ്ച ഭിന്നശേഷിക്കാര്‍ക്കായി വീല്‍ചെയറുകളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്ന സാമാജിക് അധികാരിത ശിബിര്‍ എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് വിവാദത്തിന് ആധാരമായ സംഭവം നടന്നത്.

ബാബുല്‍ സുപ്രിയോ സംസാരിക്കുന്നതിനിടെ സദസിലുണ്ടായിരുന്ന ഒരാള്‍ എഴുന്നേറ്റ് പുറത്തേക്ക് പോകുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടു. ഉടന്‍ തന്നെ എന്തിനാണ് എഴുന്നേറ്റ് പോകുന്നതെന്ന് മന്ത്രി ചോദിച്ചു.

നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ? എന്തിനാണ് എഴുന്നേറ്റ് പോകുന്നത്. നിങ്ങള്‍ അവിടെനിന്ന് അനങ്ങിയാല്‍ കാല് ഞാന്‍ തല്ലിയൊടിക്കും. എന്നിട്ട് ഒരു ഊന്നുവടിയും തരുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. അയാളുടെ കാല്‍ തല്ലിയൊടിക്കാനും ഒരു ഊന്നുവടി നല്‍കാനും തന്റെ സുരക്ഷാ ജീവനക്കാരോട് മന്ത്രി നിര്‍ദേശിക്കുകയും ചെയ്തു.
ഇതാദ്യമായല്ല ബാബുല്‍ സുപ്രിയോ വിവാദ പ്രസ്താവന നടത്തുന്നത്. മാര്‍ച്ചില്‍ അസന്‍സോളില്‍ സാമുദായിക സംഘര്‍ഷമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി ജനക്കൂട്ടത്തോട്, ബഹളമുണ്ടാക്കിയാല്‍ ജീവനോടെ തൊലിയുരിക്കുമെന്ന് ആക്രോശിച്ചത് വിവാദമായിരുന്നു.